ശാശ്വതീകാനന്ദയുടെ മരണം; പോസ്റ്റുമോർട്ടം ഒഴിവാക്കാൻ ശ്രമം നടന്നിരുന്നെന്നും വെളിപ്പെടുത്തൽ; കൊല്ലപ്പെടുമെന്ന് സ്വാമി ഭയപ്പെട്ടിരുന്നുവെന്ന് പിണറായി

തിരുവനന്തപുരം:ചിലർ തന്നെ കൊലപ്പെടുത്തുമെന്ന് ശാശ്വതീകാനന്ദ ഭയപ്പെട്ടിരുന്നുവെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയൻ. ഇക്കാര്യം ശാശ്വതീകാനന്ദ മറ്റുള്ളവരുമായി പങ്കുവച്ചിരുന്നു. ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ഈ ചിലർ ആരാണെന്നത് സംബന്ധിച്ച് കേരളീയരുടെ മനസിൽ ഒരു രൂപമുണ്ട്. എന്നാൽ അതു പോരാ എന്ന നിലയ്ക്കാണ് സമഗ്രമായ അന്വേഷണം വേണമെന്ന് പറയുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം, ശാശ്വതീകാനന്ദയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി ആലുവ കോടതിയിലെ മുൻ മജിസ്‌ട്രേറ്റ് വാസുദേവൻ രംഗത്തെത്തി. ശാശ്വതീകാനന്ദയുടെ പോസ്റ്റുമോർട്ടം ഒഴിവാക്കാൻ ശ്രമം നടന്നിരുന്നുവെന്ന് വാസുദേവൻ പീപ്പിൾ ടിവിയോട് വെളിപ്പെടുത്തി. മുൻ ഹൈക്കോടതി ജഡ്ജിയും സ്വാമിയുടെ സഹോദരിയുമായ ലക്ഷ്മിക്കുട്ടിയമ്മയുടെ നിർദ്ദേശത്തെ തുടർന്നാണ് പോസ്റ്റുമോർട്ടം നടന്നത്. ഈ നിർദേശത്തെ അന്നത്തെ എൻഎൻഡിപി യോഗം പ്രസിഡന്റ് വിദ്യാസാഗർ പിന്തുണയ്ക്കുകയായിരുന്നുവെന്നും വാസുദേവൻ പറഞ്ഞു.

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയായിരുന്നുവെന്നും കേസ് ഒതുക്കി തീർത്തത് അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിയായിരുന്നുവെന്നും സ്വാമിയുടെ അടുത്ത സുഹൃത്ത് മുംബൈ ശ്രീനാരായണ മന്ദിര സമിതി മുൻ പ്രസിഡന്റുമായ വിഎസ് ഗംഗാധരൻ വെളിപ്പെടുത്തി.

ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പാലിൽ പ്രമേഹ മരുന്ന് നൽകിയാണെന്ന് സ്വാമിയുടെ സന്തതസഹചാരിയായിരുന്ന സാബു തന്നോട് പറഞ്ഞെന്നും വിഎസ് ഗംഗാധരൻ പറഞ്ഞിരുന്നു. അളവിൽ കൂടുതൽ പ്രമേഹ മരുന്ന് നൽകി ശാശ്വതീകാനന്ദയെ തളർത്തുകയായിരുന്നെന്നും പാൽ നൽകിയത് താനാണെന്ന് സാബു തന്നോട് പറഞ്ഞിരുന്നെന്നും ഗംഗാധരൻ വെളിപ്പെടുത്തി.

അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡയറക്ടർ ബോർഡംഗം അമ്പലത്തറ ചന്ദ്രബാബുവും രംഗത്തെത്തി. നിർദ്ധനരായ സമുദായാംഗങ്ങൾക്ക് വീട് നിർമ്മിച്ചു നൽകാൻ വിദേശത്ത് നിന്ന് പിരിച്ചെടുത്ത ആറു കോടി രൂപ വെള്ളാപ്പള്ളി സ്വന്തം കീശയിലാക്കി. വെള്ളാപ്പള്ളിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ശാശ്വതീകാനന്ദ തന്നോട് പറഞ്ഞിരുന്നെന്നും ചന്ദ്രബാബു പീപ്പിളിനോട് വെളിപ്പെടുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here