‘ഒന്നും പ്രതീക്ഷിക്കാതെ ഒന്ന് കണ്ടുനോക്കു.. ഇഷ്ട്ടപെടും’ തന്റെ പുതിയ ചിത്രമായ റാണി പത്മിനിയെ കുറിച്ച് സംവിധായകൻ ആഷിഖ് അബു ഒരു ആരാധകന് നൽകിയ മറുപടിയാണിത്. വ്യത്യസ്ഥത പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് ആഷിഖ് ഇക്കാര്യം പറഞ്ഞത്.
മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് റാണി പത്മിനി. രണ്ടു സ്ത്രീകളുടെ കൊച്ചി മുതൽ ഹിമാചൽപ്രദേശ് വരെയുള്ള യാത്രയാണ് റാണി പത്മിനിയുടെ പ്രമേയം. കാശ്മീർ, ഹിമാചൽ, ദില്ലി എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. പിഎം ഹാരിസും മുഹമ്മദ് അൽത്താഫുമാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം മധുനീലകണ്ഠൻ. ശ്യാം പുഷ്‌ക്കരനും രവിശങ്കരും ചേർന്നാണ് തിരക്കഥയൊരുക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാലാണ് ഈണം നൽകുന്നത്. ചിത്രം ഒക്ടോബർ 23ന് തീയേറ്ററുകളിൽ എത്തും.
ചിത്രത്തിന്റെ ട്രെയ്‌ലറിനെ അഭിനന്ദിച്ച് നടൻ നിവിൻ പോളിയും രംഗത്തെത്തിയിരുന്നു. ‘ചിത്രത്തിന്റെ ട്രെയ്‌ലർ ഹരം പിടിപ്പിക്കുന്നതാണ്. എത്ര തവണ ട്രെയ്‌ലർ കണ്ടെന്ന് ഓർമ്മയില്ല. പരമ്പരാഗത ശൈലിയിൽ നിന്ന് പുറത്തുകടന്ന് ഒരുക്കിയ ട്രെയ്‌ലർ ഏറെ പ്രതീക്ഷയേകുന്നതാണ്’-നിവിൻ അഭിപ്രായപ്പെട്ടു. സമർത്ഥമായ എഡിറ്റിംഗും ശബ്ദവും പശ്ചാത്തലവും സമന്വയിപ്പിച്ച രീതിയും ട്രെയ്‌ലറിനെ വേറിട്ടതാക്കുന്നു. കഥ പറയാതെ കാഴ്ചയിലേക്ക് ക്ഷണിക്കുന്നതിലെ മിടുക്കിനെയും നിവിൻ അഭിനന്ദിക്കുന്നു.

Get real time update about this post categories directly on your device, subscribe now.