ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോഡി. സംഭവം ദൗർഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങളെ കേന്ദ്രസർക്കാർ ഒരിക്കലും അനുകൂലിക്കില്ലെന്നും മോഡി പറഞ്ഞു.
സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കപട മതേതരവാദത്തെ എതിർത്തു തോൽപ്പിക്കണമെന്നും മോഡി ആവശ്യപ്പെട്ടു. പാക്കിസ്ഥാനി ഗസൽ ഗായകൻ ഗുലാം അലിയുടെ സംഗീതപരിപാടി ശിവസേന റദ്ദാക്കിയതും ദൗർഭാഗ്യകരമാണെന്ന് മോഡി അഭിപ്രായപ്പെട്ടു. രണ്ടു സംഭവത്തിലും കേന്ദ്രത്തിന് എന്താണ് പങ്കെന്നും മോഡി ചോദിച്ചു. ഗുലാം അലിയുടെ സംഗീത പരിപാടി തടസപ്പെടുത്താൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എബിപി പത്രത്തോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ 28നാണ് യുപിയിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാക്ക് എന്നയാളെ വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്നത്. മുഹമ്മദിന്റെ കുടുംബം വീട്ടിൽ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന സമീപത്തു നിന്നുള്ള പ്രചരണമാണ് സംഭവത്തിന് ഇടയാക്കിയത്. സംഭവത്തിൽ അറസ്റ്റിലായവരിൽ പ്രാദേശിക ബിജെപി നേതാക്കളുടെ മകനുമുണ്ട്. മുംബൈയിൽ നടത്താനിരുന്ന ഗുലാം അലിയുടെ സംഗാത പരിപാടി ശിവസേനയുടെ ഭീഷണിയെ തുടർന്ന് നേരത്തെ റദ്ദാക്കിയിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post