മീരാ ജാസ്മിൻ മാനസികമായി പീഡിപ്പിച്ചു; താരം കാരണം ലക്ഷങ്ങളുടെ നഷ്ടം; പരാതിയുമായി ‘ഇതിനുമപ്പുറം’ സംവിധായകൻ

പ്രശസ്ത സിനിമാ താരം മീരാ ജാസ്മിൻ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ‘ഇതിനുമപ്പുറം’ സംവിധായകൻ മനോജ് ആലുങ്കൽ. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ തനിക്കും അണിയറപ്രവർത്തകർക്കും നിരവധി ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. മീരയുടെ സഹകരണമില്ലായ്മ കൊണ്ട് ലക്ഷത്തിന്റെ സാമ്പത്തികനഷ്ടമാണ് ഉണ്ടായതെന്ന് മനോജ് പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മനോജ് ചലച്ചിത്രസംഘടനകൾക്ക് പരാതി നൽകി.

മീര ജാസ്മിനെ പോലെയുള്ള ഒരാൾക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന കഥാപാത്രമായത് കൊണ്ടാണ് ചിത്രത്തിലേക്ക് അവരെ ക്ഷണിച്ചത്. ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് 15 ലക്ഷം രൂപ നൽകിയെങ്കിലും ചിത്രീകരണം തുടങ്ങിയ ശേഷം പലകാരണങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിപ്പിച്ചെന്നും മനോജ് പറഞ്ഞു.

കൃത്യസമയത്ത് സെറ്റിൽ വരാതായതോടെ ചിത്രീകരണം പലപ്പോഴും വൈകി. വിവാഹത്തിന് ശേഷം നൽകിയ ഡേറ്റുകളനുസരിച്ച് ആലപ്പുഴയിൽ സെറ്റുജോലികൾ പൂർത്തിയാക്കിയെങ്കിലും മീര വന്നില്ല. ഇക്കാരണം കൊണ്ട് മാത്രം നാലുതവണ സെറ്റ് പൊളിക്കേണ്ടി വന്നെന്നും മനോജിന്റെ പരാതിയിൽ പറയുന്നു.

പിന്നീട് സിനിമയുടെ പ്രചാരണത്തിന് എത്താമെന്ന ഉറപ്പ് നൽകിയെങ്കിലും റിലീസിന് മുൻപ് വിളിച്ചപ്പോൾ ഫോൺ അറ്റന്റ് ചെയ്യാൻ മീര തയ്യാറായില്ലെന്നും സംവിധായകൻ കുറ്റപ്പെടുത്തുന്നു. പിന്നീട് മീരയുടെ മാനേജർ അറിയിച്ചതനുസരിച്ച് ചാനലുകളിൽ ഇന്റർവ്യൂ ഏർപ്പാട് ചെയ്‌തെങ്കിലും മീര എത്തിയില്ലെന്ന് മനോജ് പറയുന്നു.

നേരത്തെ മീരയുടെ സ്വഭാവത്തിനെതിരെ വിമർശനവുമായി സംവിധായകൻ കമലും രംഗത്തെത്തിയിരുന്നു. ഷൂട്ടിംഗ് സെറ്റുകളിൽ സഹപ്രവർത്തകരുമായി കയർക്കുന്നത് മീരയുടെ പതിവായിരുന്നെന്നും അസിസ്റ്റന്റുമാരോടും, ടെക്‌നീഷ്യൻമാരോടൊക്കെ മോശമായി പെരുമാറിയ മീരയെ പലവട്ടം താക്കീത് ചെയ്തിട്ടും കാര്യമൊന്നും ഉണ്ടായില്ലെന്ന് കമൽ പറഞ്ഞിരുന്നു. സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിൽ മോഹൻലാൽ അടക്കമുള്ളവർ മീരാ ജാസ്മിനെ മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതായും കമൽ പറഞ്ഞിരുന്നു. ഇനി മറ്റൊരു സംവിധായകനും ഈ അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിക്കുന്നതെന്ന് മനോജ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here