ഇതാ പഴയകാലമല്ല, സ്ത്രീ പഴയ സ്ത്രീയുമല്ല…

new-women

‘ദാമ്പത്യത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള വൈരുദ്ധ്യമാണ് മനുഷ്യചരിത്രത്തിലെ ആദ്യത്തെ വര്‍ഗ്ഗവൈരുധ്യമെന്നും, ആദ്യത്തെ വര്‍ഗ്ഗചൂഷണം പുരുഷന്‍ സ്ത്രീയെ ചൂഷണം ചെയ്തതാണെന്നും’ ഏംഗല്‍സ് എഴുതിയിട്ടുണ്ട്. വിവാഹം, കുടുംബം, ലൈംഗികവേഴ്ച, അധ്വാനം, ഉല്‍പാദനം, വിനോദം തുടങ്ങിയ അതിപ്രധാനമായ ജീവിതവൃത്തികളിലെല്ലാംതന്നെ ആണും പെണ്ണും തുല്യപങ്കാളികള്‍ ആണെന്നും, പരസ്പര പൂരകങ്ങളായ മനുഷ്യഘടകങ്ങളാണെന്ന് ഏംഗല്‍സ് നിരീക്ഷിക്കുന്നു.

പ്രകൃതി ചിട്ടപ്പെടുത്തിയ ഈ തുല്യതയെ അംഗീകരിക്കാന്‍ ആണ്‍കോയ്മ വിസമ്മതിച്ചു. ഒരു യജമാനദാസി സങ്കല്പം പും-സ്ത്രീ ബന്ധങ്ങളില്‍ ആണ്‍ഗര്‍വ് അടിച്ചേല്‍പിക്കുകയും ചെയ്തു. സ്ത്രീ എന്ന സ്വത്വത്തെ പുരുഷമേധാവിത്വം ഒരു ഗര്‍ഭപാത്രമാക്കിച്ചുരുക്കി. ഈ പാത്രത്തില്‍ ബീജം നിക്ഷേപിക്കാനുള്ള ദൈവദത്തമായ അവകാശം ആണിനുണ്ടെന്നു വരുത്തിത്തീര്‍ത്തു. സ്ത്രീ തീര്‍ത്തും അബലയാണ്, അതിലോലയാണ്, പടര്‍ന്നുകയറാന്‍ മരം തേടുന്ന വള്ളിയാണ് എന്നു പെണ്ണിനെത്തന്നെ വിശ്വസിപ്പിച്ചു. ഒരാണ്‍തുണയില്ലെങ്കില്‍ തനിക്കു രക്ഷയില്ലെന്ന ധാരണ അവളില്‍ വളര്‍ത്തി.

rehna-lead-1

മതം, സദാചാരം, ദൈവഭയം, സല്‍കീര്‍ത്തി, മാന്യത തുടങ്ങിയ സംഗതികളെയൊക്കെ സ്ത്രീയുടെ അടിമത്തവത്കരണത്തില്‍ പുരുഷന്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. ചാരിത്ര്യം എന്നാല്‍ പെണ്ണുമാത്രം പവിത്രമായി പരിരക്ഷിക്കേണ്ട ഒരു സ്വഭാവശുദ്ധി എന്ന വ്യാഖ്യാനം പ്രചരിച്ചു.
സ്ത്രീയെ അവള്‍ ഏറ്റവുമധികം സ്‌ത്രൈണമായിരിക്കുന്ന ഘട്ടങ്ങളിലെല്ലാം അശുദ്ധയായി അകറ്റിനിര്‍ത്തുന്നതില്‍ ഏതാണ്ടെല്ലാ മതങ്ങളും യോജിക്കുന്നു. ലൗകികതയെ സ്വീകരിക്കുന്നവര്‍ രണ്ടാംതരക്കാരാണെന്ന വികലധാരണയെ ആഘോഷിക്കുന്നിടത്താണ് ഇതിന്റെ തുടക്കം. തുടര്‍ന്ന് തലമുറകളെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഗര്‍ഭം ധരിക്കുന്നവള്‍ ആത്മീയതയുടെ അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടു. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവിശുദ്ധമായി. സ്ത്രീ സ്വയം ഒരു വീട്ടുപകരണമായിത്തീരുന്നതിന് അവളെ സജ്ജമാക്കുന്നതില്‍ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനും വലിയ പങ്കുണ്ട്.

തൊഴിലവസരങ്ങളില്‍, വേതന വ്യവസ്ഥയില്‍, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ സ്ത്രീ നേരിടേണ്ടിവന്നിരുന്ന വിവേചനം, അവഗണന, അകറ്റിനിര്‍ത്തല്‍, തന്ത്രപരമായ താഴ്ത്തിക്കെട്ടല്‍, ഒട്ടുമിക്ക പരിഷ്‌കൃത സമൂഹങ്ങളിലും ഏതാണ്ട് അവസാനിച്ചുവെന്നത് ശരിതന്നെ. പക്ഷേ സ്ത്രീയെ പുനര്‍നിര്‍വചിക്കാന്‍ പുരുഷന്‍ ഇനിയും സന്നദ്ധനായിട്ടില്ല എന്ന സത്യം അവശേഷിക്കുന്നു. രക്ഷാധികാരിയുടെ, സംരക്ഷകന്റെ , വഴികാട്ടിയുടെ ചമയങ്ങള്‍ അഴിച്ചുവെക്കാന്‍ ആണിന് ഇപ്പോഴും മനസ്സുവരുന്നില്ല. മാത്രമല്ല, അമര്‍ത്തിപ്പിടിച്ച ഒരു ജെന്‍ഡര്‍പുച്ഛം പുരുഷന്റെ ഇടപെടലുകളില്‍ പലപ്പോഴും നുരപൊട്ടുന്നുമുണ്ട്.

ലിംഗസമത്വം, പെണ്‍ബിംബത്തിന്റെ പുനഃപ്രതിഷ്ഠ, നിയമനിര്‍മാണത്തിലൂടെമാത്രം സാധ്യമാവുന്ന സംഗതിയല്ല. ആണ്‍പെണ്‍ മനോഭാവങ്ങളിലാണ് പൊളിച്ചെഴുത്തു നടക്കേണ്ടത്. സമീപനങ്ങളില്‍, കാഴ്ച്ചപ്പാടുകളില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങളുണ്ടാകണം.
മഹിളാമണികള്‍ അവിടെയുമിവിടെയും മന്ത്രിമാരായതുകൊണ്ടോ, പൊതുസ്ഥാപനങ്ങളുടെ തലപ്പത്തെത്തിയതുകൊണ്ടോ, വ്യവസായ സംരംഭകളായി വിജയഗാഥ രചിച്ചതുകൊണ്ടോ, ബഹിരാകാശയാനങ്ങളില്‍ ഇടം നേടിയതുകൊണ്ടോ, പുരുഷനു മാത്രമായി സംവരണം ചെയ്യപ്പെട്ട കര്‍മരംഗങ്ങളില്‍ ഇടിച്ചുകയറിയതുകൊണ്ടോ സ്ത്രീവിമോചനം സംഭവിച്ചുകഴിഞ്ഞു എന്ന അത്യാഹ്‌ളാദം അസ്ഥാനത്താണ്. അപകടകരവുമാണ്.

rehna-lead-2

സ്ത്രീയുടെ റോളും പുരുഷന്റെ റോളും പ്രത്യേകമായി വ്യവസ്ഥപ്പെടുത്തുന്ന വഴക്കങ്ങളും അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാനസികഘടനയും മാറാതിരിക്കുന്ന കാലത്തോളം പെണ്‍മുക്തി എന്നതു സംഭവിക്കുകയില്ല.
അധികാരത്തിലെത്തുന്ന സ്ത്രീ കുടുംബത്തിനുള്ളില്‍ എങ്ങനെയാവും സ്വീകരിക്കപ്പെടുക എന്നതിന് വ്യക്തമായ ഒരു ഉത്തരം ഉരുത്തിരിഞ്ഞു വരേണ്ടിയിരിക്കുന്നു. ഇന്നത്തെ അവസ്ഥയില്‍ പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ഒരു സ്ഥാപനമാണ് കുടുംബം. അവിടെ ശക്തയായ സ്ത്രീ അനഭിമതയാണ്. നമ്മുടെ സിനിമകളും ടെലിവിഷനും സാഹിത്യവും ഒക്കെ കൂടി സൃഷ്ടിച്ചെടുത്ത സ്ത്രീ സങ്കല്പം വിധേയയായ, എതിര്‍ക്കാനറിയാത്ത, എല്ലാവരുടെയും ആവശ്യങ്ങള്‍ നിശ്ശബ്ദം നിര്‍വ്വഹിച്ചുകൊടുക്കേണ്ട ഒരു അടിമയുടെതാണ്. മറ്റുള്ളവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ഒരു യന്ത്രമാണ് സാധാരണ സ്ത്രീസങ്കല്‍പം.

ഉപദ്രവിക്കപ്പെടാനും, അപമാനിക്കപ്പെടാനും, അവഹേളിക്കപ്പെടാനുമൊക്കെയാണ് അവള്‍ സൃഷ്ടിക്കപ്പെടുന്നത്. ജനാധിപത്യം എന്ന വാക്ക്, കുടുംബത്തിനുള്ളിലെ പല സ്ത്രീകള്‍ക്കും സ്വപ്നം കാണാന്‍ പോലും പറ്റാറില്ല. പുരുഷാധിപത്യമുള്ള കുടുംബവ്യവസ്ഥയില്‍ അധികാരത്തിലെത്തുന്ന സ്ത്രീ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്താവും? കുറേ പൊട്ടലും ചീറ്റലും എന്തിനു ഭൂകമ്പങ്ങള്‍ പോലും സ്വാഭാവികം. പക്ഷെ ഒടുവില്‍ സ്ത്രീയും അവളുടെ സാന്നിധ്യവും അംഗീകരിക്കപ്പെടും എന്ന് തന്നെയാണു വിശ്വസിക്കേണ്ടത്. പക്ഷെ അതിനു സ്ത്രീ മാത്രം ശ്രമിച്ചാല്‍ പോരാ എന്നതും പറഞ്ഞേതീരൂ.

ഇന്ന് നിലവിലുള്ള കുടുംബവ്യവസ്ഥയില്‍ ഒരു പൊളിച്ചെഴുത്ത് സംഭവിച്ചേതീരൂ, അല്ലാത്തപക്ഷം സ്ത്രീയുടെ ഭാരവും സംഘര്‍ഷവും താങ്ങാനാവാത്തതാവും. വീട്ടു ജോലികള്‍ സ്ത്രീക്കു മാത്രമെന്ന ഇന്നത്തെ പൊതുരീതി, വീട്ടിലെ ചുമതലകള്‍ എല്ലാവരുംകൂടി പങ്കിട്ടെടുക്കുകയെന്ന സ്ഥിതിയിലേക്കു മാറുമ്പോഴേ സ്ത്രീക്കു സുഗമമായി പൊതുകാര്യവും കുടുംബജീവിതവും സമന്വയിപ്പിക്കാനാവൂ. അത് എളുപ്പമല്ല എന്നറിഞ്ഞുകൊണ്ട് തന്നെ പറയേണ്ടി വരുന്നു കുടുംബത്തിന്റെ ഇന്നത്തെ ഘടന തകര്‍ച്ച നേരിട്ടേ തീരൂ. ഒരു പുതിയ കുടുംബവ്യവസ്ഥ ഉടലെടുക്കണം. സ്ത്രീക്കും പുരുഷനും തുല്യമായ അവകാശങ്ങളും അവസരങ്ങളും ഉള്ള അതേസമയം സ്‌നേഹവും കരുതലും സൗഹൃദവുംകൊണ്ട് ഇഴചേര്‍ന്ന ബന്ധങ്ങളുള്ള ഒരു കുടുംബം. നീതിപൂര്‍വ്വമായ അത്തരം കുടുംബങ്ങള്‍ക്കുമാത്രമേ ആരോഗ്യകരമായ സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് അടിത്തറയുണ്ടാക്കാനാവൂ.

rehna-lead-3

കായബലം അധികമുള്ള പുരുഷവര്‍ഗ്ഗം ഉണ്ടാക്കിയ ആചാരങ്ങളും മതങ്ങളും വിശ്വാസങ്ങളുമെല്ലാം സ്ത്രീകളെ അടിമകളും ഭോഗവസ്തുക്കളുമായി മാറ്റിയിരിക്കുകയാണ്. എന്നാലും, ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും മുറുകെപ്പിടിച്ചു നടക്കുന്നത് നാഴികക്ക് നാല്പതുവട്ടവും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞു നടക്കുന്ന സ്ത്രീകള്‍ തന്നെയാണ് എന്നതാണ് വിരോധാഭാസം! ഇന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, വിശിഷ്ടമായ ‘സാംസ്‌കാരിക പൈതൃകം’ അവകാശപ്പെടുന്ന കേരളത്തില്‍ സ്ത്രീസമത്വത്തിനായി പോരാടുന്നെന്ന്് അവകാശപ്പെടുന്ന പ്രഖ്യാപിത മുഖ്യധാരാ ഫെമിനിസ്റ്റുകളുടെ മുന്‍നിരക്കാരിയായ സാറാജോസഫിനെ പോലുള്ളവര്‍ സ്ത്രീകളെ കണക്കറ്റ് അപമാനിക്കുക തന്നെയാണ്. ആയുധമേന്തിയ സ്ത്രീ അശ്ലീലമാണെന്നു പറഞ്ഞ സാറാ ജോസഫ് തന്നെ സ്ത്രീകള്‍ ചൂലേന്തിയ പ്രകടനം നയിച്ച് സ്വന്തം നിലപാടു വ്യക്തമാക്കുകയും സ്വയം അപഹാസ്യയാവുകയും ചെയ്യുന്നതാണ് കേരളത്തിന്റെ വര്‍ത്തമാന സാഹചര്യം.

സ്ത്രീകളുടെ ആയുധം ചൂലാണെന്നുള്ള ഫ്യൂഡല്‍ സ്ത്രീവിരുദ്ധ നിലപാടാണ് അവര്‍ മുന്നോട്ടുവെയ്ക്കുന്നത്. കറന്റ് ബുക്‌സ് വിവര്‍ത്തകയോടു കേരളം മുഴുവന്‍ ഐക്യപ്പെടുമ്പോഴും സാറാ ജോസഫ് ഹിന്ദുഫാസിസ്റ്റ്‌സ്ത്രീവിരുദ്ധ നിലപാടിന്റെ തുടര്‍ച്ച തന്നെയാണ്. സുഗതകുമാരിയുടെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ആവശ്യമില്ലെന്ന നിലപാടും, ലീലാമേനോന്റെ സഘപരിവാറിന്റെ സാംസ്‌കാരിക ഫാസിസത്തിനു ചൂട്ടുപിടിക്കുന്ന നിലപാടും ഇതിനോട് ചേര്‍ത്തുവായിക്കാം. പുരോഗമനം പറയുന്ന സജിതാ മഠത്തില്‍ അഭിനയം അവരുടെ തൊഴിലായാല്‍ പോലും മുടിയാണു സ്ത്രീയുടെ ശക്തി എന്നു പരസ്യത്തില്‍ പറയുമ്പോള്‍ അവരും പുതു തലമുറയിലേക്ക് കുത്തിവെക്കുന്നത് അന്ധവിശ്വാസം തന്നെയാണ്. ഇവിടെയാണ് അനുഷ്‌കാ ശര്‍മ്മയെപോലുള്ളവര്‍ വ്യത്യസ്ഥയാകുന്നത്, വെളുപ്പിനു മാത്രമല്ല കറുപ്പിനും സൗന്ദര്യമുണ്ടെന്ന് പ്രഖ്യാപിച്ച് ഫെയര്‍ ആന്‍ഡ് ലവ് ലിയുടെ 2 കോടിയുടെ ഓഫര്‍ നിരസിച്ച് മാതൃക കാട്ടിയത്.

കാതുകുത്തലും മുടിവളര്‍ത്തലും ആഭരണങ്ങള്‍ അണിയിക്കലും മുതല്‍ കണ്ണെഴുതലും പൊട്ടുകുത്തലും വരെ പെണ്‍കുട്ടി നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ആചാരങ്ങളായി മാറ്റുന്നതില്‍ സമൂഹത്തിനും മാധ്യമങ്ങള്‍ക്കും വരെ പങ്കുണ്ട്. അത് കളിയാക്കലുകളായും സ്‌നേഹപൂര്‍ണ്ണമായ ഉപദേശങ്ങളായും അടിമചിഹ്നങ്ങള്‍ അണിഞ്ഞവരെ മഹതികളാക്കി കാണിക്കലും വഴി കുഞ്ഞുങ്ങളില്‍ അടിമ മനോഭാവം അവരറിയാതെതന്നെ അടിച്ചേല്‍പ്പിക്കപ്പെടുന്നു. മതങ്ങളും, കപടസംസ്‌ക്കാരങ്ങളും അനാചാരങ്ങളും, അബദ്ധജടിലമായ സൗന്ദര്യബോധവും തീര്‍ത്ത അന്ധതയില്‍ ജീവിക്കുന്നവര്‍, അതൊക്കെ വിശുദ്ധമായി കാണുകയും, പൂര്‍ണ്ണമനസ്സോടെ അത്തരം അന്ധതകള്‍ കുഞ്ഞുങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ഇത്തരം ആഭരണങ്ങളും, മതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ആചാരങ്ങളും ഒക്കെ അണിഞ്ഞു നടക്കുന്ന ഇവിടുത്തെ സ്ത്രീസ്വാതന്ത്ര്യം പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകള്‍ അതില്‍ ഉന്നതവിദ്യാഭ്യാസം നേടിയതും, പ്രശസ്തരായതും, പുരോഗമനചിന്തകള്‍ ഉണ്ടെന്നു നടിക്കുന്നതും, അങ്ങിനെ താഴോട്ടു പോയിപ്പോയി വിദ്യാഭ്യാസം ഒന്നുമില്ലാതെ മറ്റുള്ളവര്‍ പറയുന്നത് ചെറുപ്പം മുതല്‍ അന്ധമായി പാലിക്കുന്നതും ആയവര്‍ വരെയുണ്ട്. ഇവര്‍ ഈജിപ്ത് പോലെയുള്ള രാജ്യങ്ങളില്‍ ആണ് ജനിച്ചിരുന്നതെങ്കില്‍, ഇവര്‍ക്കൊന്നും ഇപ്പോള്‍ ഭഗ്ശിശ്‌നിക ഉണ്ടാകുമായിരുന്നില്ല. അതില്ലാത്തവര്‍, അതില്ലാതിരിക്കുന്നത് അവരുടെ ആചാരവും മൗലികഅവകാശവും ആണെന്നുപറഞ്ഞ് അവരുടെ പെണ്മക്കളുടെയും ഭഗ്ശിശ്‌നിക അവരുടെ സമ്മതമില്ലാതെതന്നെ മുറിച്ചു കളയുമായിരുന്നു. കാലാന്തരെ അടിമകള്‍ ചങ്ങല സ്വന്തമെന്നുകരുതും.

rehna-lead-4സാമാന്യ ബുദ്ധിയുള്ളവര്‍ക്കു ചിലപ്പോ ഭ്രാന്തുവരുന്ന രീതിയിലാണ് ഒരു സ്‌കൂളിലെ പെണ്‍കുട്ടികളുടെ വസ്ത്രനിയമവും അതിന്റെ ശാസനകളും പ്രവര്‍ത്തിക്കുന്നത്. ആണ്‍പിള്ളേരൊക്കെ മൂന്നാല് ബട്ടണ്‍സൊക്കെ തുറന്നിട്ട് നെഞ്ചൊക്കെ കാണിച്ച് വീശി നടക്കുമ്പോള്‍ ഷാള് നീങ്ങിപ്പോകുന്നുണ്ടോ, ചുരിദാറിന്റെ സ്ലിറ്റ് സ്ഥാനം മാറിയോ എന്നൊക്കെ നോക്കി ജീവിക്കുന്ന വരാണ് പെണ്‍കുട്ടികള്‍. ഒന്ന് ഓടുമ്പോളോ വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യുമ്പോഴോ നല്ല പങ്കു ശ്രദ്ധയും വസ്ത്രത്തില്‍ കൊടുത്ത് ചെയ്യുന്ന കാര്യങ്ങളേക്കാള്‍ പ്രധാനം തന്റെ വസ്ത്രത്തെക്കുറിച്ചുള്ള ഉത്കണ്ഠയാണെന്നാണ് ഒരോ പെണ്‍ജീവിതവും പറയുന്നത്. മലര്‍ന്നുകിടക്കരുത്, കാലകറ്റിയോ കാലില്‍ കാല് കയറ്റിവച്ചോ ഇരിക്കരുത്, ഉറക്കെ ചിരിക്കരുത്, അറിയാത്ത ആളുകള്‍ ഉമ്മറത്തുള്ളപ്പോള്‍ വാതില്‍പ്പടിക്കപ്പുറം പോകരുത് എന്നീ ശാസനകള്‍ വേറേയും ഒരു രാവ് ഇരുണ്ട് വെളുക്കുമ്പോള്‍ സമത്വസുന്ദരമായ സമൂഹമുണ്ടാകും എന്ന് സ്വപ്നം കാണുന്നത് ഭോഷ്‌ക്കാണ്. സ്വാതന്ത്ര്യം, സമത്വം, അന്തസ്സ്, നീതി, സമാധാനം, സന്തോഷം, തുല്യ അവസരങ്ങള്‍ മനുഷ്യകുലത്തിന്റെ ഒരു പകുതി മറ്റേ പകുതിയോട് പിടിച്ചു വാങ്ങേണ്ടതല്ല ഇതൊന്നും.

സ്വാഭാവികമായി അവകാശപ്പെട്ട ഇതൊക്കെയാണ് ഇന്ന് സംവരണത്തിലൂടെയും, നിയമ നിര്‍മ്മാണങ്ങളിലൂടെയും ബോധവല്‍ക്കരണത്തിലൂടെയുമൊക്കെ സ്ത്രീക്ക് നല്‍കാന്‍ ശ്രമിക്കുന്നത്. എളുപ്പമല്ല ഒന്നും, മാറ്റിയെടുക്കേണ്ടത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിന്താഗതികളാണ്, കടുപ്പമേറിയ സാമൂഹ്യ വ്യവസ്ഥിതിയെയാണ്. പക്ഷെ മാറ്റാതെ, മാറാതെ തരമില്ല, കാരണം ഇത് ജീവിതമാണ്, ഇവിടെ നില നില്‍ക്കലാണ് പ്രധാനം. അതിന് പഠിക്കേണ്ടത് അതിജീവന തന്ത്രങ്ങളാണ്. നമ്മുടെ സമൂഹം അത് വേഗത്തില്‍ പഠിച്ചെടുക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
അതിന്, ആദ്യം പുരുഷവര്‍ഗ്ഗം ഇത്തരം ആചാരങ്ങളിലൂടെയും, വിശ്വാസങ്ങളിലൂടെയും നിങ്ങളെ വരിഞ്ഞു മുറുക്കിയിരിക്കുന്ന അടിമച്ചങ്ങലകള്‍ തകര്‍ത്ത് സ്വതന്ത്രരാകണം.

ആധുനിക സമൂഹം സ്ത്രീക്ക് തുല്ല്യപ്രാധാന്യം കൊടുത്ത് പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍, ആര്‍ക്ഷ ഭാരത സംസ്‌കാരം എന്നപേരില്‍ സ്ത്രീയെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാറിനെ തറപറ്റിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതാ പഴയകാലമല്ല സ്ത്രീ പഴയ സ്ത്രീയുമല്ല എന്ന് കാവികൌപീനം ധരിച്ചവര്‍ ഓര്‍ത്താല്‍ നന്ന്. ഒരു കാലത്തും പ്രതിഷേധങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും സമരസപ്പെടലിന്റെ ഭാഷയുണ്ടായിരുന്നില്ല എന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്. അധികാരത്തോടും വ്യവസ്ഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത നിയതമല്ലാത്ത കലാപങ്ങള്‍ തന്നെയാണ് കലണ്ടറുകള്‍ക്കപ്പുറത്ത് കാലത്തെ മുന്നോട്ടു നയിച്ചത്.

അവലംബം: ചരിത്രത്തിലെ നീതി മുഹൂര്‍ത്തം- കെ എ ബീന
ചെറിയ ചെറിയ വലിയ കാര്യങ്ങള്‍ – സെബാസ്റ്റ്യന്‍ തോമസ് ചെറുകാനം
സാര്‍ദ്രം സാംസ്‌കാരിക സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News