തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയ മത്സരവേദിയാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ജനങ്ങള്‍ വിധിയെഴുതും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയമത്സര വേദിയായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷം വ്യക്തമായ രാഷ്ട്രീയവുമായാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. കോണ്‍ഗ്രസിനെയും ബിജെപിയെയും ജനങ്ങള്‍ വ്യക്തമായി വിലയിരുത്തുന്ന തെരഞ്ഞെടുപ്പായി ഇത് മാറും. അങ്ങനെ ശക്തമായ രാഷ്ട്രീയ മത്സരത്തിന് തദ്ദേശ തെരഞ്ഞെടുപ്പ് വേദിയാകും. കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് വത്കരണത്തിനെതിരെ സര്‍വമേഖലയിലും പ്രതിഷേധം അലയടിക്കുകയാണ്. ഇതിനെതിരെ ശക്തമായ വിധിയെഴുത്തുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാലോ ആര്‍എസ്എസിനെതിരെ സംസാരിക്കുകയോ എഴുതുകയോ ചെയ്താലോ കൊലചെയ്യപ്പെടുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. പ്രണയത്തിന്റെ പേരില്‍ കൊലപാതകം നടക്കുന്ന അവസ്ഥയാണിപ്പോള്‍. നാളെ ആര്‍എസ്എസ് ആക്രമിക്കാന്‍ പോകുന്നത് ഹിന്ദുക്കളിലെ പിന്നോക്ക വിഭാഗക്കാരെയാണ്. അതിന്റെ ഭാഗമാണ് സംവരണം എടുത്തു കളയുമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. ആര്‍എസ്എസ്, ഐഎസ് ഭീകരരെ പോലെ പ്രവര്‍ത്തിക്കുന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സംവരണം തുടരണം. പിന്നോക്ക വിഭാഗത്തിലെ മേല്‍ത്തട്ടുകാര്‍ക്ക് എടുത്തു കളഞ്ഞ സംവരണം ഒരു നിശ്ചിത ശതമാനം പുനഃസ്ഥാപിക്കണം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. മുന്നോക്ക സമുദായത്തിലെ ഒരു വിഭാഗം സാധാരണക്കാര്‍ക്കും സംവരണം നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News