മലബാര്‍ യുഡിഎഫില്‍ പ്രതിസന്ധി മുറുകി; കോണ്‍ഗ്രസിന് തലവേദന റിബല്‍ സ്ഥാനാര്‍ത്ഥികള്‍; ഘടകകക്ഷികളും ഒരുങ്ങിത്തന്നെ

പത്രികാ സമര്‍പ്പണം പൂര്‍ത്തായിട്ടും മലബാറില്‍ യുഡിഎഫിനകത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. അവസാനഘട്ടത്തില്‍ നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് പല സ്ഥലത്തും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നു.

പത്രികാ സമര്‍പ്പണത്തിന്റെ അവസാന മണിക്കൂറുകളില്‍ മലബാറിലെ വിവിധ ജില്ലകളില്‍ പടലപ്പിണക്കങ്ങളും തര്‍ക്കങ്ങളും യുഡിഎഫിനെ വലച്ചു. സമവായ ചര്‍ച്ചകള്‍ നടന്നെങ്കിലും കോഴിക്കോട് ജില്ലയില്‍ ആര്‍എസ്പി, ജെഡിയു, സ്ഥാനാര്‍ത്ഥികള്‍ വിവിധ സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിനായി പത്രിക സമര്‍പ്പിച്ചു. പയ്യോളി മുനിസിപ്പാലിറ്റിയില്‍ അവസാന നിമിഷം നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് 12 കോണ്‍ഗ്രസ് വിമതര്‍ മത്സരരംഗത്തെത്തിയിട്ടുണ്ട്.

കൊയിലാണ്ടിയില്‍ നൂറിലേറെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ട് വിമതസ്ഥാനാര്‍ത്ഥിയുമായി മത്സരത്തിനിറങ്ങി. കൊടിയത്തൂര്‍ പഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ മുസ്ലീലീഗ് റിബല്‍ സ്ഥാനാര്‍ത്ഥിക്ക് പുറമെ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം മോയിന്‍ കുളക്കാടനും വിമതനായെത്തിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ യുഡിഎഫിനകത്തെ തര്‍ക്കത്തെ തുടര്‍ന്ന് എട്ട് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍ മത്സരരംഗത്തുണ്ട്. പാലക്കാട് ജില്ലയില്‍ ആര്‍എസ്പി യുഡിഎഫ് വിട്ട് വിവിധ സ്ഥലങ്ങളില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. വയനാട് ജില്ലയില്‍ കല്‍പറ്റ നഗരസഭയില്‍ മുസ്ലീംലീഗ് വിമതര്‍ മത്സരരംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് മാണിവിഭാഗം ജില്ലയില്‍ ഒറ്റയ്ക്കാണ് ജനവിധി തേടുന്നത്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പത്രികാസമര്‍പ്പണത്തോടെ വിമത പ്രശ്‌നം രൂക്ഷമായി. കണ്ണൂര്‍ കോര്‍പറേഷനില്‍ മുസ്ലീംലീഗിന് വിട്ടുനല്‍കിയ ഏഴ് ഡിവിഷനുകളിലേക്ക് കോണ്‍ഗ്രസ് എ വിഭാഗം സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ കോണ്‍ഗ്രസ് എഐ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് കൂടുതല്‍ വിമതര്‍ രംഗത്തെത്തി.

കാസര്‍ഗോഡ്, കാഞ്ഞങ്ങാട് നഗരസഭകളില്‍ മുസ്ലീംലീഗ് വിമതര്‍ രംഗത്ത് വന്നത് നേതൃത്വത്തിന് തിരിച്ചടിയായി. കള്ളാര്‍, ഈസ്റ്റ് എളേരി പഞ്ചായത്തുകളില്‍ യുഡിഎഫിനെതിരെ കേരള കോണ്‍ഗ്രസ് മാണിവിഭാഗം പ്രത്യേക മുന്നണി രൂപീകരിച്ച് മത്സരത്തിനൊരുങ്ങി നില്‍ക്കുകയാണ്. മുന്നണിയുടെ സാധ്യതകളെ തന്നെ പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നം നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന അവസാന തീയ്യതിക്ക് മുമ്പ് പരിഹരിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel