കൊച്ചി: അർബുദ രോഗികൾക്ക് വേണ്ടി സെന്റ് തെരേസാസ് കോളജ് വിദ്യാർത്ഥിനികൾ നടത്തിയ പരിപാടിയിൽ ആഷിഖ് അബുവിന്റെ ‘റാണി പത്മിനി’മാരും. അർബുദ രോഗ ചികിത്സയെ തുടർന്ന് മുടി നഷ്ടമാകുന്നവർക്ക് വേണ്ടി മുടി ദാനം ചെയ്യുന്ന ലോക്ക്‌സ് ഫോർ ഹോപ്പ് പരിപാടിയിലാണ് മഞ്ജു വാര്യരും റിമാ കല്ലിങ്കലും പങ്കെടുത്തത്.
അച്ഛനും അമ്മയും കാൻസറിനെ അതിജീവിച്ചവരാണെന്നും അവരോടൊപ്പം നിന്നത് കൊണ്ട് താൻ കാൻസറിനെ പേടിക്കുന്നില്ലെന്നും മഞ്ജു പറഞ്ഞു. രോഗികൾക്കായി തന്റെ എല്ലാവിധ പിന്തുണയുണ്ടെന്നും റിമാ പറഞ്ഞു. സെന്റ് തെരേസാസിലെ ഒൻപതും തേവര എസ്എച്ച് കോളജിലെ ഒരു വിദ്യാർത്ഥിനിയുമാണ് മുടി നൽകിത്. പരിപാടിയിൽ മുടിദാനം ചെയ്യാൻ വീൽച്ചെയറിൽ എത്തിയ അംഗപരിമിതയായ പത്മമപ്രിയ എന്ന വിദ്യാർഥിനിയും താരങ്ങൾക്കൊപ്പം താരമായി.
വീട്ടമ്മമാരും ഉദ്യോഗസ്ഥരുമെല്ലാം മുടി നൽകി പദ്ധതിയുടെ ഭാഗമാകാൻ എത്തിയിരുന്നു. 18 ഇഞ്ച് നീളമുള്ള മുടിയിഴകൾ ശേഖരിച്ച ശേഷം വിഗ് നിർമ്മാണത്തിന് ഉപയോഗിക്കും. കൺസെർവ് ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ചാണ് വിദ്യാർത്ഥിനികൾ മുടി ദാനം ചെയ്യുന്നത്. കീമോതെറാപ്പിക്ക് വിധേയരായി മുടി നഷ്ടപ്പെട്ടവർക്കു വിഗ് നൽകാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ നടത്തുന്നത്. പാവപ്പെട്ട കുടുംബ പശ്ചാത്തലത്തിലുള്ള ആളുകൾക്ക് കുറഞ്ഞ ചെലവിൽ വിഗ് എത്തിച്ചു കൊടുക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
സാധാരണഗതിയിൽ സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിഗിന് 30,000 രൂപയോളം വില വരും. ദാനം ചെയ്ത് കിട്ടുന്ന മുടിയിൽനിന്ന് വിഗുകൾ ഉണ്ടാക്കി ആയിരം രൂപയ്ക്ക് താഴെ വിലയിൽ പാവപ്പെട്ടവർക്ക് എത്തിച്ച് നൽകുന്നതിനാണ് സംഘാടകരുടെ ശ്രമം.

Get real time update about this post categories directly on your device, subscribe now.