പതിനായിരത്തില്‍ ഒരാള്‍ക്കു മാത്രം വരുന്ന രോഗത്തിന് അടിമയാണെന്ന് സ്പീക്കര്‍; ഡ്രൈവറെകൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ചതില്‍ ശക്തന്റെ വിശദീകരണം

തിരുവനന്തപുരം: ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ എൻ.ശക്തൻ. 19 വർഷമായി താൻ ഗുരുതര രോഗാവസ്ഥയിലാണെന്നും പതിനായിരത്തിൽ ഒരാൾക്ക് മാത്രം കാണപ്പെടുന്ന ഒരു രോഗമാണ് തനിക്കെന്നും സ്പീക്കർ പറഞ്ഞു. തന്റെ ഒരു കണ്ണിന് ഭാഗികമായ കാഴ്ച്ച മാത്രമേയുള്ളു. കണ്ണിലെ ഞരമ്പ് പൊട്ടുകയും രക്തം വരുകയും ചെയ്യുന്ന അസുഖമാണിത്. രോഗം ഗുരുതരമായി മാറാതിരിക്കാൻ കുനിയരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും സ്രപീക്കർ വിശദീകരിച്ചു.

മൂന്നു കാര്യങ്ങൾ ചെയ്യരുതെന്നാണ് ഡോക്ടർമാർ തന്നോട് നിർദേശിച്ചിരിക്കുന്നത്. കുനിയരുത്, കൈ കൊണ്ട് ഭാരമുള്ള വസ്തുക്കൾ എടുക്കരുത്, കണ്ണിൽ വെയിൽ അടിക്കാൻ പാടില്ല എന്നിവയാണ് അത്. ഈ നിർദ്ദേശങ്ങൾ തെറ്റിച്ചാൽ അസുഖം കൂടുതലാകുമെന്നും ശക്തൻ വിശദീകരിച്ചു. കുനിയാൻ സാധിക്കാത്തത് കൊണ്ടാണ് പായയിൽ കയറാൻ വേണ്ടി ഡ്രൈവർ വാറഴിപ്പിച്ചത്. താൻ ആവശ്യപ്പെട്ടിട്ടല്ല സഹായിയും ഡ്രൈവറുമായ ബിജു അത് ചെയ്തത്. വളരെ നിസാരമായ കാര്യമാണിത്. ബോധപൂർവം ചെയ്തതല്ലെന്നും സ്പീക്കർ പറഞ്ഞു. കറ്റമെതിച്ചത് ചെറുതായി കുനിഞ്ഞ് മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ വളപ്പിലെ നെൽക്കൃഷി വിളവെടുപ്പിനിടെ ഇന്നലെയായിരുന്നു സംഭവം. കറ്റമെതിക്കാനെത്തിയപ്പോളാണ് സ്വന്തം ഡ്രൈവറെ വിളിച്ച് വരുത്തി ശക്തൻ ചെരുപ്പിന്റെ വാറഴിപ്പിച്ചത്. കൃഷിമന്ത്രി കെ പി മോഹനനും സ്ഥലത്തുണ്ടായിരുന്നു.

സംഭവം വിവാദമായതോടെ ശക്തനെതിരെ വൻവിമർശനമാണ് ഉയരുന്നത്. സ്പീക്കർ സ്ഥാനത്ത് തുടരാൻ ശക്തൻ യോഗ്യനല്ലെന്നും അദ്ദേഹം മാപ്പ് പറഞ്ഞ് സ്ഥാനം ഒഴിയണമെന്ന് അഡ്വ. ജയശങ്കർ ആവശ്യപ്പെട്ടു. ചിത്രം വിവാദമായതോടെ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറയുമെന്നും എന്നാൽ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News