മലയാളിയെക്കൊണ്ട് ചിരിപ്പിക്കല്‍ ഇപ്പോള്‍ എളുപ്പമല്ലെന്ന് നാദിര്‍ഷ; മത്സരിക്കേണ്ടത് സോഷ്യല്‍മീഡിയയോട്; അമര്‍ അക്ബര്‍ അന്തോണിയെക്കുറിച്ച് സംവിധായകന്‍

മലയാളികള്‍ക്കു ചിരിയുടെ മാലപ്പടക്കം സമ്മാനിച്ച നാദിര്‍ഷ പറയുന്നു… ഇപ്പോള്‍ പഴയകാലമല്ല. ദേ മാവേലി കൊമ്പത്തു മലയാളികള്‍ക്കു മുമ്പിലെത്തിയപ്പോഴത്തേതില്‍നിന്നു കാലം കുറേ മാറി. ഇപ്പോള്‍ ചിരിപ്പിക്കല്‍ അത്ര എളുപ്പമല്ലെന്നാണ് നാദിര്‍ഷയുടെ അഭിപ്രായം. മിമിക്രി ആര്‍ടിസ്റ്റ്, ഗായകന്‍, ടെലിവിഷന്‍ അവതാരകന്‍… നാദിര്‍ഷയ്ക്കു മലയാളിയുടെ മനസില്‍ മുഖങ്ങളേറെയുണ്ട്. അതിലേക്ക് ഒരു വേഷപ്പകര്‍ച്ച കൂടി. അമര്‍ അക്ബര്‍ അന്തോണി പ്രദര്‍ശനത്തിനെത്തുന്നതോടെ സംവിധായകനെന്ന കുപ്പായവും നാദിര്‍ഷയ്ക്കു സ്വന്തമാവുകയാണ്. ഏറെ നാള്‍ നീണ്ട പഠനത്തിനും ആലോചനയ്ക്കും ഒടുവിലാണ് സംവിധാനത്തിന് ഇറങ്ങിത്തിരിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ നാദിര്‍ഷ പറഞ്ഞു.

ഏറെക്കാലമായി സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും സംവിധാനത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. പത്തുവര്‍ഷം മുമ്പ് താന്‍ സംവിധാനം ചെയ്താല്‍ സിനിമ നിര്‍മിക്കാമെന്ന വാഗ്ദാനവുമായി ഒരു നിര്‍മാതാവെത്തി. എന്നാല്‍ അന്നു സിനിമാ സംവിധാനത്തെക്കുറിച്ച് ഒന്നുമറിയാത്തതിനാല്‍ അതിനു തയാറായില്ല. തുടര്‍ന്നു സിനിമയെക്കുറിച്ചു ഗൗരവമായി പഠിക്കുകയായിരുന്നെന്നും അതാണ് അമര്‍ അക്ബര്‍ അന്തോണിയിലേക്കു തന്നെ എത്തിച്ചതെന്നും നാദിര്‍ഷ പറയുന്നു.

തനിക്കു ചെയ്യാന്‍ പറ്റിയ വിഷയം ആലോചിക്കുകയായിരുന്നു. ഹാസരസപ്രധാനമായതായിരിക്കും തന്നില്‍നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്ന് അറിയാം. പഴയകാല അനുഭവങ്ങളില്‍നിന്നു നോക്കുമ്പോള്‍ തനിക്കു പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താന്‍ കഴിയണം. പല കഥകളും തന്റെ മനസില്‍ വന്നിരുന്നു. അതുമായി സമാനമായ പല വിഷയങ്ങളും നേരത്തേ പല സംവിധായകരും ഉപയോഗിച്ചിരുന്നതാണ്. അതുകൊണ്ട് അവ പലതും പാതിവഴിയില്‍ ഉപേക്ഷിച്ചു. ആ സമയത്താണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും അമര്‍ അക്ബര്‍ അന്തോണിയുടെ കഥയുമായി തന്നെ സമീപിച്ചത്. ഇരുവരും മിമിക്രി പശ്ചാത്തലമുള്ളവരുമാണ്. തനിക്ക് സിനിമയാക്കാന്‍ പറ്റിയ വിഷയമാണ് ഇരുവരുടേതുമെന്നു തോന്നിയതുകൊണ്ടാണ് മുന്നോട്ടു പോയത്.

മൂന്നു നായകന്‍മാര്‍ വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു കഥയ്ക്ക്. അതോടെ, ഇന്ദ്രജിത്തും പ്രിഥ്വിരാജും ജയസൂര്യയും ക്ലാസ്‌മേറ്റിനുശേഷം ഒന്നിക്കുന്നതിനും ചിത്രം വഴിയൊരുക്കുകയാണ്. സ്‌ക്രീനില്‍ സമവാക്യമുള്ള മൂന്നു പേരാണ് ഇവര്‍. ആദ്യം പുതുമുഖങ്ങളെ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഈ സമയത്ത് കഥയെക്കുറിച്ചു ജയസൂര്യയോടു സംസാരിച്ചിരുന്നു. ജയസൂര്യ അഭിനയിക്കാമെന്നേറ്റു. അതോടെ, ജയസൂര്യയുടെ സമപ്രായക്കാരായവര്‍ വേണമെന്നു തോന്നി. കഥകേട്ടു പ്രിഥ്വിരാജും സമ്മതിച്ചു. ഇന്ദ്രജിത്തിനെക്കൂടെ കൂട്ടി ക്ലാസ്‌മേറ്റ്‌സ് ത്രയങ്ങളെ വീണ്ടും അവതരിപ്പിക്കാന്‍ പ്രിഥ്വിരാജാണ് നിര്‍ദേശം വച്ചത്. മൂന്നുപേരും ഹാസ്യ റോളുകള്‍ ചെയ്തിട്ടുള്ളവരാണ്. ഹാസ്യം നന്നായി ചെയ്യാന്‍ കഴിവുള്ളരുമാണ്. മലയാളം സിനിമാ മേഖലയില്‍ തിരക്കേറെയുള്ളവരായതിനാല്‍ മൂവരോടും ഡേറ്റ് ബ്ലോക്ക് ചെയ്തുവയ്ക്കാന്‍ പറഞ്ഞു. മലയാളത്തില്‍ താരങ്ങള്‍ തമ്മിലുള്ള ഈഗോ കുറവായതിനാല്‍ തനിക്ക് മൂന്നു പ്രമുഖരെയും സിനിമയുടെ ഭാഗമാക്കുന്നതില്‍ വിഷമമുണ്ടായില്ലെന്നും നാദിര്‍ഷ പറഞ്ഞു.

ഇന്നു സോഷ്യല്‍മീഡിയയിലാണ് ചിരിയേറെയും ഉണ്ടാകുന്നത്. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും കുറിച്ചുവിടുന്ന രണ്ടു വരികള്‍ ആരെയും ചിരിപ്പിക്കാന്‍ പോലും കഴിയുന്നതാണ്. ഈ സാഹചര്യത്തില്‍ കിലുക്കവും ചിത്രവും നമ്മളെ ചിരിപ്പിച്ചതില്‍നിന്നു സാഹചര്യം ഏറെ മാറി. സോഷ്യല്‍മീഡിയയിലെ ഹാസ്യത്തോടാണ് സിനിമയിലെ ഹാസ്യം മത്സരിക്കേണ്ടത്. മികച്ച ഹാസ്യം പ്രേക്ഷകര്‍ക്കു നല്‍കേണ്ടതു ശരിക്കും വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും നാദിര്‍ഷ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News