ദില്ലി: ഡോ.എപിജെ അബ്ദുൾ കലാമിന്റെ പേരിൽ ദില്ലി കേരള സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് കൊടും പീഡനം. കലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്രമന്ത്രിയെ കാത്ത് കുട്ടികളെ മണിക്കൂറുകളോളം പൊരിവെയിലത്തിരുത്തി. അധ്യാപകർക്കും സംഘാടകർക്കും തണലിൽ ഇരിക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. യംഗ് ജനറേഷൻ എസിയിൽ മാത്രം ഇരുന്നാൽ പോര, വെയില് കൊള്ളണമെന്നാണ് സ്‌കൂൾ പ്രിൻസിപ്പളിന്റെ ന്യായീകരണം.
കലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് കലാമിന്റെ ചിത്രം വരച്ച് ആദരവ് പ്രകടിപ്പിക്കാൻ തീരുമാനിച്ചതാണ് നമാ കലാക്ഷേത്ര എന്ന സംഘടന. ദില്ലി കേരള സ്‌കൂൾ അധികൃതർ ഇതിനായി കുട്ടികളെ വിട്ടു നൽകുകയും ചെയ്തു. പരിപാടി ഉദ്ഘാടനം ചെയ്യാമെന്നേറ്റത് കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനാണ്. പത്തു മണിക്ക് എത്താമെന്നേറ്റ മന്ത്രിയെ കാത്ത് കുട്ടികൾ പൊരിവെയിലത്ത് ഇരുന്നത് മണിക്കൂറുകളാണ്. കുട്ടികളെ വെയിലത്ത് ഇരുത്തുന്ന കാര്യം ശരിയല്ലെന്ന് സംഘാടകരെ അറിയിച്ചപ്പോൾ പരിപാടി ആരംഭിച്ചു. പിന്നെ പിഞ്ചു കുട്ടികളുടെ മുന്നിൽ സ്വന്തം പരിജ്ഞാനം പ്രകടിപ്പിക്കാനുള്ള പ്രസംഗമാമാങ്കമായി. പൊരിവെയിലത്ത് ഇരുന്ന് കുട്ടികൾ ക്ഷീണിച്ച് അവശരാകുകയും ചെയ്തു. നല്ല ചൂടുണ്ടെന്നും അബ്ദുൾ കലാമിനോടുള്ള സ്‌നേഹം കൊണ്ട് ചൂടും ക്ഷീണവും സഹിക്കുകയാണെന്നും കുട്ടികൾ പറയുന്നു.
ആ സമയത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ തണലത്തിരുന്ന് സംഘാടകർ കുട്ടികളുടെ ചിത്രരചന ആസ്വദിക്കുകയായിരുന്നു. അധ്യാപകർക്ക് ഇരിക്കാൻ മരത്തണലിൽ കസേരകൾ നിരത്തി സ്‌കൂൾ അധികൃതർ മാതൃക കാട്ടുകയും ചെയ്തു.
ജീവിച്ചിരിക്കുമ്പോൾ ഒരു ജന്മദിനം പോലും ആഘോഷിക്കാത്ത കലാമിന്റെ ജന്മദിനത്തിൽ ആദരവ് പ്രകടിപ്പിക്കാനാണോ, അതോ കുട്ടികളെ ഉപയോഗിച്ച് നമാ കലാക്ഷേത്രയ്ക്ക് പേരുണ്ടാക്കി കൊടുക്കാനാണോ സ്‌കൂൾ അധികൃതർ ഈ ക്രൂരത ചെയ്തത് എന്ന ചോദ്യം ബാക്കിയാകുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here