സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; ഐപിഎല്ലില്‍ തുടരും

ദില്ലി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്നുരാവിലെയാണ് സഹീര്‍ ഖാന്‍ സോഷ്യല്‍ മീഡിയയിലൂടെ സഹീര്‍ തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കൂടി തുടരുമെന്ന് സഹീര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാത്തിരിക്കുന്ന ആ തീരുമാനത്തെ കുറിച്ച് രാജീവ് ശുക്ല ട്വീറ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് സഹീര്‍ തന്റെ ട്വിറ്ററിലൂടെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ സഹീറിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. 2014 ഫെബ്രുവരിയില്‍ ന്യൂസിലന്റിനെതിരെയാണ് സഹീര്‍ അവസാനമായി ഇന്ത്യന്‍ ടീമിനു വേണ്ടി പന്തെറിഞ്ഞത്.

പരുക്കും ഫോമില്ലായ്മയും മൂലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും രഞ്ജി ക്രിക്കറ്റില്‍ നിന്നും സഹീര്‍ പുറത്തിരിക്കുകയാണ്. നടന്നു കൊണ്ടിരിക്കുന്ന രഞ്ജി സീസണില്‍ മുംബൈയുടെ ആദ്യരണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലും സഹീര്‍ ഉള്‍പ്പെട്ടിരുന്നില്ല. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹിക്കു വേണ്ടി ഏഴു മത്സരങ്ങളില്‍ നിന്ന് എട്ടുവിക്കറ്റ് നേടിയിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ മികച്ച വിക്കറ്റ് വേട്ടക്കാരനും സഹീറായിരുന്നു. 21 വിക്കറ്റാണ് അന്ന് സഹീര്‍ നേടിയത്.

2000 നവംബറില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ടെസ്റ്റില്‍ സഹീറിന്റെ അരങ്ങേറ്റം. 92 ടെസ്റ്റ് മത്സരം കളിച്ചതില്‍ നിന്ന് 1,230 റണ്‍സ് നേടിയിട്ടുണ്ട്. 32.95 ബൗളിംഗ് ശരാശരിയില്‍ 311 വിക്കറ്റുകള്‍ നേടി. 2014 ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു അവസാന ടെസ്റ്റ് മത്സരം കളിച്ചത്. 2000 ഒക്ടോബറില്‍ കെനിയക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. 200 ഏകദനങ്ങളില്‍ നിന്നായി 29.44 ബൗളിംഗ് ശരാശരിയില്‍ 282 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഒരു തവണ അഞ്ചുവിക്കറ്റ് നേട്ടം കരസ്ഥമാക്കിയപ്പോള്‍ ടെസ്റ്റില്‍ 11 തവണ അഞ്ചുവിക്കറ്റ് നേട്ടം കരസ്ഥമാക്കി. 17 ട്വന്റി-20 മത്സരം കളിച്ചതില്‍ നിന്ന് 17 വിക്കറ്റുകളും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News