യുവര്‍ ഓണര്‍… ഈ നീതിവ്യവസ്ഥയില്‍നിന്ന് ഇനിയെന്താണ് പ്രതീക്ഷിക്കേണ്ടത്?

ദിവസങ്ങളോളം നരാധമന്‍മാരുടെ ക്രൂരതയ്ക്കിരയായ പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരം കിട്ടിയിട്ടും എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്ന കോടതിയുടെ പ്രസ്താവനയെ പരിഹാസത്തോടും ഭീതിപൂര്‍വവും (നീതി ന്യായ വ്യവസ്ഥയുടെ അരക്ഷിതാവസ്ഥ ) മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. സൂര്യനെല്ലി പെണ്‍കുട്ടിക്ക് അന്ന് 16 വയസ്സ്. ഒരു പതിനാറുകാരിയെ നാല്‍പതു ദിവസത്തോളം നരഭോജികള്‍ മാനഭംഗപ്പെടുത്തിയതെങ്കില്‍ കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി കോടതി ഇരയോട് ചെയ്യുന്നതും അത് തന്നെയല്ലേ !

ശാരീരികമായി തളര്‍ന്നവളെ മാനസികമായും തളര്‍ത്തുക എന്ന രീതി.

സൗഹൃദം നടിക്കുന്നവന്റെയും പ്രണയമാണെന്ന് പറയുന്നവന്റെയും യഥാര്‍ഥ ഉദ്ദേശം എന്താണെന്ന് പോലും തിരിച്ചറിയാന്‍ പക്വത ഇല്ലാത്ത ഇളം പ്രായം. ശലഭങ്ങളും പൂക്കളും നിഷ്‌കളങ്കതയും മാത്രമല്ല… പെണ്ണിന്റെ ശരീരത്തെ കാമവെറിയോടെ ഉറ്റുനോക്കുന്ന ഇരുകാലുള്ള ചെന്നായ്ക്കളും ഉണ്ട് എന്നറിയാത്ത നാട്ടിന്‍പുറത്തെ ഒരു കൗമാരക്കാരി.
കൂട്ടിക്കൊടുപ്പിന്റെയും ഭീഷണിയുടെയും മുഖങ്ങള്‍ അവള്‍ക്കു ചുറ്റും പരുന്തിനെ പോലെ വട്ടമിടുമ്പോള്‍ എങ്ങനെയാണ് അവള്‍ രക്ഷപ്പെടെണ്ടത് ?

surya-lead-1

ബലം പ്രയോഗിച്ചു മദ്യം കുടിപ്പിക്കല്‍, മയക്കു മരുന്ന് പ്രയോഗം, ശാരീരിക ഉപദ്രവം, തെറിയഭിഷേകം, ഗുഹ്യഭാഗങ്ങളില്‍ തൊട്ടാല്‍ രക്തം പൊടിയുമെന്ന അവസ്ഥ. ഈ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാനുള്ള യുക്തി പോലും ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയ്ക്ക് ഇല്ലാതായല്ലോ എന്നോര്‍ത്തു ലജ്ജയാണ് ഏതൊരു സ്ത്രീക്കും തോന്നുക.

‘അവരുടെ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചില്ലേ? എന്നു ചോദിക്കുമ്പോള്‍ പെണ്‍കുട്ടി പറഞ്ഞ വാക്കുകള്‍ കൂടി കേട്ടുനോക്കണം.

പറഞ്ഞറിയിക്കാന്‍ മേലാത്ത ഒരവസ്ഥയായിരുന്നു എന്റേത്. എന്റടുത്തുവന്നവരോടൊക്കെ ഞാന്‍ പറഞ്ഞു. എന്റെ പപ്പാ മൂന്നാര്‍ പോസ്റ്റ് ഓഫീസിലാണെന്ന്. മമ്മാ ആശുപത്രീലെ നഴ്‌സാണ്. ഞാന്‍ ഇന്ന സ്ഥലത്തെ വീട്ടിലെ ആളാണെന്ന് വന്നവരോടൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു. ആരും എന്നെ രക്ഷിച്ചില്ല… എല്ലാരും വന്ന് ഉപദ്രവിച്ചിട്ടുപോയി.

പെണ്‍കുട്ടിയുടെ ഇ വാക്കുകളില്‍ നിന്നും മനസ്സിലാക്കാവുന്നതെയുള്ളൂ
അപ്പോഴത്തെ മാനസിക അവസ്ഥ …

മുഖം അറിയാത്ത, പേരറിയാത്ത സൂര്യനെല്ലി പെണ്‍കുട്ടി ഒരു പ്രതീകം മാത്രമാണ്… ഇനിയും നാം കേള്‍ക്കാത്ത എത്രയോ നിലവിളികള്‍.., കാണാത്ത എത്രയോ കണ്ണീരുകള്‍, തേങ്ങലുകള്‍…
നീതി ലഭിക്കേണ്ടിടം ഇരയെ വേട്ടയാടുന്നു. വീണ്ടും വീണ്ടും അവളെ മാനസികമായി പീഡിപ്പിക്കുന്നു…

കോടതി ഒരു പീഡനമുറി ആവുന്നു .
പീഡനത്തിനു ഇരയായ പെണ്‍കുട്ടിയെ ‘ ബാലവേശ്യ’ എന്ന് വിളിച്ചത് ഇതേ നീതിപീഠത്തിന്റെ ഭാഗമായ ഒരു ന്യായാധിപനാണ്. അപ്പോള്‍പിന്നെ ഇന്ത്യന്‍ നീതിവ്യവസ്ഥയില്‍നിന്നു മറ്റെന്ത് പ്രതീക്ഷിക്കാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News