ഇന്ത്യന്‍ മുന്നി ഗീത നാട്ടിലേക്ക്; വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിട

ദില്ലി: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യന്‍ മുന്നി ഗീതയ്ക്ക് ജന്മനാട്ടിലേക്ക് തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഗീതയ്ക്ക് നാട്ടില്‍ തിരിച്ചെത്താനുള്ള വഴി തുറന്നത്. പാകിസ്താനില്‍ അകപ്പെട്ടുപോയ ഗീത ഉടന്‍ തിരിച്ചെത്തുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഗീതയുടെ കുടുംബത്തെ കണ്ടെത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഗീതയെ വിട്ടുനല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

കറാച്ചിയിലെ ഒരു വനിതാ സംരക്ഷണ കേന്ദ്രത്തിലാണ് ഇപ്പോള്‍ ഗീത. അച്ഛനെയും സഹോദരങ്ങളെയും ബന്ധുക്കളെയും ഗീത തിരിച്ചറിഞ്ഞു. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നല്‍കിയ ചിത്രങ്ങള്‍ വഴിയാണ് ഗീത ബന്ധുക്കളെ തിരിച്ചറിഞ്ഞത്. ബീഹാറുകാരാണ് ഗീതയുടെ കുടുംബമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സല്‍മാന്‍ ഖാന്‍ നായകനായ ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ ബജ്‌റംഗി ബൈജാന്‍. പാകിസ്താനില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയില്‍ മാതാപിതാക്കളെ നഷ്ടമാകുന്ന കുഞ്ഞു പെണ്‍കുട്ടിയുടെ കഥയാണ് ബജ്‌റംഗി ബൈജാന്‍. ഇതിലെ പ്രധാന കഥാപാത്രമാണ് മുന്നി. ഇന്ത്യയില്‍ അകപ്പെട്ട മുന്നിയെ പാകിസ്താനില്‍ തിരിച്ചെത്തിക്കാന്‍ പ്രയത്‌നിക്കുന്ന കഥാപാത്രത്തെയാണ് സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചത്.

ബജ്‌റംഗി ബൈജാന്‍ തിരക്കഥയാകുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനകഥ യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവിച്ച പെണ്‍കുട്ടിയാണ് ഗീത. മുന്നിയെ പോലെ ഗീതക്കും ചെവി കേള്‍ക്കുകയില്ല, സംസാരിക്കാനുമാകില്ല. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നും പാകിസ്താനിലെ ലാഹോറില്‍ എത്തി. ലഹോറിലെ സന്നദ്ധ സംഘടനയായ എധി ഫൗണ്ടേഷന്റെ സംരക്ഷണയിലായിരുന്നു ആദ്യം. സംഘടനയുടെ കറാച്ചിയിലെ സ്ഥാപനത്തിലാണ് ഇപ്പോള്‍ ഗീത. ഗീതയുടെ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിന് 9 വര്‍ഷത്തെ പഴക്കമുണ്ട്. ഗീതയുടെ കുടുംബത്തെ കണ്ടെത്താനുള്ള ഫൗണ്ടേഷന്‍ പ്രവര്‍ത്തകരുടെ ശ്രമത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel