ചിട്ടിക്കമ്പനി നടത്തിയും വെള്ളാപ്പള്ളി തട്ടിപ്പു നടത്തി; മൈക്രോഫിനാന്‍സിലെ കോടികളുടെ വെട്ടിപ്പിനു പിന്നാലെ പീപ്പിള്‍ ടിവിയുടെ നിര്‍ണായക വെളിപ്പടുത്തല്‍

vellappally

തിരുവനന്തപുരം: ചിട്ടിക്കമ്പനിയുടെ മറവിലും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോടികളുടെ തിരിമറി നടത്തി. പീപ്പിള്‍ ടിവിയാണ് ഇക്കാര്യം തെളിവു സഹിതം കണ്ടെത്തിയത്. വെള്ളാപ്പള്ളി സാമ്പത്തിക കുറ്റവാളിയാണെന്ന് സ്ഥാപിക്കുന്ന രേഖകളും തെളിവുകളും പീപ്പിള്‍ ടി വി പുറത്തു കൊണ്ടു വന്നു. കൊച്ചി പനമ്പിള്ളി നഗറിലെ ബെല്‍ ചിട്‌സ് എന്ന സ്ഥാപനത്തിലൂടെയാണ് വെള്ളാപ്പള്ളി വമ്പന്‍ തട്ടിപ്പു നടത്തിയത്.

പഴശ്ശിരാജ സിനിമയിറങ്ങിയപ്പോള്‍ സമുദായത്തില്‍ തന്റെ എതിരാളിയായ ഗോഗുലം ഗോപാലനെ പലിശരാജ എന്നു വിളിച്ചാണ് വെള്ളാപ്പള്ളി നടേശന്‍ അപഹസിച്ചത്. ഗോകുലം ചിട്ടിഫണ്ട് നടത്തുന്നതു കൊണ്ടാണു ഗോഗുലം ഗോപാലനെ വെള്ളാപ്പള്ളി പലിശരാജാവായി ചിത്രീകരിച്ചത്. പഴശ്ശിരാജയുടെ നിര്‍മ്മാതാവായിരുന്നു ഗോകുലം ഗോപാലന്‍. അതേ വെള്ളാപ്പള്ളി നടേശന്‍ ചിട്ടിക്കമ്പനി നടത്തുന്നു എന്ന വിവരം ഞങ്ങളും അത്ഭുതത്തോടെയാണ് ആദ്യം കേട്ടത്. വാര്‍ത്ത ഞങ്ങളുടെ കൊച്ചി ബ്യൂറോ സ്ഥിരീകരിച്ചു. എറണാകുളം പനമ്പിള്ളി നഗറിലെ ബെല്‍ ചിട്‌സിന് കേരളത്തില്‍ ഒരു ഓഫീസ് മാത്രമാണുള്ളത്. പിന്നെയൊരു ബ്രാഞ്ചുള്ളത് ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയായ ജമ്മുവിലാണ്.

ബെല്‍ ചിറ്റ്‌സ് വെള്ളാപ്പള്ളി കുടുംബത്തിന്റെ വകയാണെന്നാണ് പീപ്പിള്‍ ടിവി കണ്ടെത്തിയത്. 70% ഓഹരിയും വെള്ളാപ്പള്ളി കുടുംബത്തിന്റെ പേരിലായിരുന്നു. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാറിന്റ ഭാര്യ ആശക്ക് 29.16% ഓഹരി. അഡീഷണല്‍ ഡയറക്ടര്‍മാര്‍ വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും. പ്രീതി നടേശന് 29.17% ഓഹരിയും വെള്ളാപ്പള്ളിക്ക് 11.67% ഓഹരിയും, സ്ഥാപനത്തിന്റെ പ്രൊമോട്ടറും ഡയറക്ടറുമായ പാല സ്വദേശി തോമസ് ജോസഫിന് 20% ഓഹരിയും മറ്റൊരു അഡീഷണല്‍ ഡയറക്ടറായ കോട്ടയം സ്വദേശി വിജയകുമാറിന് 10%. ഓഹരിയുമാണ് ഉള്ളത്. കമ്പനി നിയമം അനുസരിച്ച് ചിട്ടിക്കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ഈ സ്ഥാപനം കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ വിവരങ്ങളുടെ ആധികാരിക രേഖയിലാണ് വിശദാംശങ്ങള്‍ ഉള്ളത്.

ചിട്ടിക്കമ്പനിയുടെ മറവില്‍ വെള്ളാപ്പള്ളി അനധികൃതമായി സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുകയാണ് എന്നതിന്റെ തെളിവാണ് പീപ്പിള്‍ പുറത്തുവിട്ടത്. കമ്പനി 2013-2014 ല്‍ നടത്തിയ 22 കോടി 93 ലക്ഷം രൂപയുടെ ഇടപാടിന് രേഖകള്‍ ഇല്ല എന്ന് ഓഡിറ്റിംഗില്‍ കണ്ടെത്തി. ഇത്രയും തുക കമ്പനിയില്‍നിന്ന് വിതരണം ചെയ്തിട്ടുണ്ട്, അത് ആര്‍ക്ക്, എന്തിന്, എങ്ങിനെ എന്നതിന് രേഖകളില്ല എന്ന് ഓഡിറ്റര്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. അതേസമയം ചിട്ടി ഇടപാടില്‍ വിതരണം ചെയ്തിരിക്കുന്നത്. 31 ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്. കമ്പനി, കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ ഫോം 23 എസി എന്ന രേഖയിലാണ് ഓഡിറ്റര്‍ ജിവിആര്‍ അസോസിയേറ്റ്‌സ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കേന്ദ്ര ചിട്ടി നിയമം ലംഘിച്ചുകൊണ്ടാണ് ബെല്‍ ചിറ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യവും ഓഡിറ്ററുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ ഫോം 23 എസിയില്‍ ഓഡിറ്ററുടെ പ്രത്യേക അഭിപ്രായപ്രകടനങ്ങളിലൊന്നായി ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നു. ചിട്ടിക്കമ്പനി നിയമം ലംഘിക്കുന്നത് വന്‍ സാമ്പത്തിക കുറ്റകൃത്യമായാണ് സുപ്രീംകോടതി അഭിഭാഷകന്‍ മത്തായി പൈകട നോക്കിക്കാണുന്നത്. കേന്ദ്ര ചിട്ടി നിയമത്തെ കുറിച്ച് ദീര്‍ഘകാലം നടന്ന വ്യവഹാരങ്ങളില്‍ മുഖ്യ പങ്കു വഹിച്ച മത്തായി പൈകട റിസര്‍വ്വ് ബാങ്കിനു വരെ ഇടപെടാവുന്ന സാഹചര്യമായാണ് ഇത്തരം ഘട്ടങ്ങളെ വിലയിരുത്തുന്നത്.

ഒരു കോടി മുതല്‍ മുടക്കുള്ള സ്ഥാപനമാണ് വെള്ളാപ്പള്ളിയുടെ ബെല്‍ ചിറ്റ്‌സ്. 10 ലക്ഷം രൂപയുടെ വരെ കുറികള്‍ നടത്തുന്നു എന്നാണ് കമ്പനിയുടെ ബ്രോഷറില്‍ പറയുന്നത്. ഈ കമ്പനിയില്‍ നിന്ന് എത്ര കോടി ലഭിക്കും എന്നറിയാനായി അഡീഷണല്‍ ഡയറക്ടറായ വിജയകുമാറിനെ ബന്ധപ്പെട്ടു. വിജയകുമാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ബെല്‍ ചിറ്റ്‌സ് മാനേജര്‍ അജയനെയാണ് ഞങ്ങള്‍ പിന്നിട് ബന്ധപ്പെട്ടത്. ചിട്ടിയില്‍ ചേരുകയും മതിയായ ഈടു നല്‍കുകയും ചെയ്താല്‍ 10 കോടി രൂപ വരെ 4 മുതല്‍ 6 മാസത്തിനകം നല്‍കാറുണ്ടെന്ന് അജയന്‍ സ്ഥിരീകരിച്ചു.

.vella-01 vella-02 vella-03 vella-04 vella-05 vella-06

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News