കാമുകിയെ വെടിവച്ചു കൊന്ന കേസില്‍ ഓസ്‌കര്‍ പിസ്റ്റോറിയസിന് പരോള്‍; പിസ്റ്റോറിയസ് ചൊവ്വാഴ്ച ജയില്‍ മോചിതനാകും

പ്രിട്ടോറിയ: കാമുകിയെ വെടിവച്ചു കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കര്‍ പിസ്റ്റോറിയസിന് ജയില്‍ മോചനം. പിസ്റ്റോറിയസിന് പരോള്‍ ബോര്‍ഡ് പരോള്‍ അനുവദിച്ചു. പിസ്റ്റോറിയസ് ചൊവ്വാഴ്ച ജയില്‍ മോചിതനാകും. എന്നാല്‍, പരോള്‍ ലഭിച്ചെങ്കിലും പിസ്റ്റോറിയസിന് വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധിച്ച അഞ്ചു വഷത്തെ ജയില്‍ വാസത്തില്‍ ഒരുവര്‍ഷം കാലം ജയിലില്‍ കഴിഞ്ഞതിനാല്‍ പിസ്‌റ്റോറിയസിന് പരോള്‍ അനുവദിക്കണമെന്ന് അഭിഭാഷകര്‍ വാദിച്ചു. 2013-ല്‍ കാമുകി റീവ സ്റ്റീന്‍കാംപിനെ വെടിവച്ചു കൊന്ന കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് പിസ്റ്റോറിയസിനെ പ്രിട്ടോറിയയിലെ പ്രത്യേക കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് പിസ്റ്റോറിയസിന് പരോള്‍ നല്‍കാന്‍ പരോള്‍ ബോര്‍ഡ് തീരുമാനിച്ചത്. പരോള്‍ അപേക്ഷയ്‌ക്കെതിരെ സമര്‍പ്പിക്കപ്പെട്ട എല്ലാ സബ്മിഷനുകളും പിസ്റ്റോറിയസിന്റെ പ്രൊഫൈലും പരോള്‍ റിവ്യൂ ബോര്‍ഡ് പരിശോധിച്ചു. റീവയുടെ കുടുംബത്തിന്റെ സബ്മിഷനും ബോര്‍ഡ് പരിശോധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ നിയമപ്രകാരം അഞ്ചുവര്‍ഷമോ അതില്‍ കുറവോ തടവുശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ ലഭിക്കണമെങ്കില്‍ ആറിലൊരു ഭാഗം തടവ് പൂര്‍ത്തീകരിച്ചിരിക്കണം. അതായത് പിസ്റ്റോറിയസിന്റെ കേസില്‍ പത്തു മാസം എങ്കിലും തടവ് അനുഭവിച്ചിരിക്കണമെന്നര്‍ത്ഥം. പരോള്‍ അനുവദിക്കുന്നത് അറിയിച്ചു കൊണ്ട് റീവ സ്റ്റീന്‍കാംപിന്റെ മാതാപിതാക്കള്‍ക്ക് പരോള്‍ ബോര്‍ഡ് സന്ദേശം അയച്ചിരുന്നു.

പിസ്റ്റോറിയസ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ജയില്‍ മോചിതനാകേണ്ടതായിരുന്നു. എന്നാല്‍, നിയമമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പരോള്‍ അനുവദിക്കുന്നത് നീണ്ടുനീണ്ടു പോകുകയായിരുന്നു. അതേസമയം, പിസ്റ്റോറിയസിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്തമാസം സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. പിസ്റ്റോറിയസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് വിചാരണ ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അങ്ങനെയെങ്കില്‍ പിസ്റ്റോറിയസ് 15 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here