ബലാല്‍സംഗത്തിനിരയാകുന്ന പുരുഷന്‍മാര്‍ക്കായി സ്വീഡനില്‍ പരിചരണ കേന്ദ്രം

സ്‌റ്റോക്ക്‌ഹോം: ബലാല്‍സംഗത്തിനിരയാകുന്ന പുരുഷന്‍മാര്‍ക്കായി ലോകത്തിലെ ആദ്യത്തെ പരിചരണ കേന്ദ്രം തുറന്ന് സ്വീഡനിലെ ഒരു ആശുപത്രി. സ്റ്റോക്ക്‌ഹോമിലെ സോഡേഴ്‌സ് യുകുസെറ്റ് ആശുപത്രിയില്‍ നിലവില്‍ പെണ്‍കുട്ടികള്‍ക്കും ലൈംഗിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കുമായി ഒരു പരിചരണകേന്ദ്രം നടത്തപ്പെടുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തില്‍ നിരവധി പേര്‍ ചികിത്സ തേടി എത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രതിവര്‍ഷം 600 മുതല്‍ 700 വരെ ആളുകള്‍ അവിടെ സഹായം തേടി എത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുരുഷ പരിചരണ കേന്ദ്രം ആരംഭിക്കുന്നതിലൂടെ ലിംഗ സമത്വം ഉറപ്പാക്കാനാണ് ലക്ഷ്യമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മാത്രം സ്വീഡനില്‍ 370 പുരുഷന്‍മാര്‍ ലൈംഗികാതിക്രമത്തിനിരയായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള സ്വീഡിഷ് നാഷണല്‍ കൗണ്‍സിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍, യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാള്‍ അധികം വരുമെന്നാണ് നിഗമനം. ലൈംഗിക വിദ്യാഭ്യാസ കേന്ദ്രം കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ഇത്തരത്തില്‍ ബലാല്‍സംഗത്തിനിരയായി സഹായം തേടുന്ന ഒരു പുരുഷന്‍മാര്‍ക്കും വേണ്ട സഹായം ഉറപ്പാക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

അതുകൊണ്ടു തന്നെ ഇത്തരത്തില്‍ പുരുഷന്‍മാര്‍ക്കായി ഒരു കേന്ദ്രം ആരംഭിക്കുന്നതിനെ പറ്റി ജൂണ്‍ ആര്‍എഫ്എസ്‌യു അധികൃതര്‍ ചിന്തിച്ചു വരുന്നുണ്ടായിരുന്നു. ലൈംഗിക അതിക്രമത്തിനിരയാകുന്ന പുരുഷന്‍മാരുടെ പുരുഷത്വത്തെ പറ്റി സംശയമുള്ളതു കൊണ്ടാണ് ഇത്തരക്കാര്‍ക്ക് സഹായം നിഷേധിക്കപ്പെടുന്നതെന്ന് സംഘടന വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു ക്ലിനിക് ആരംഭിക്കുന്നത് പുരുഷന്‍മാര്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരുവേദി സൃഷ്ടിക്കലാകും. ഇത് ബോധവത്കരണത്തിനും സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here