അമർ അക്ബറും 7000 കണ്ടിയും ഇന്ന് തീയേറ്ററുകളിൽ; ഒപ്പം വിദൂഷകനും നിക്കാഹും

നാലു മലയാള ചിത്രങ്ങളാണ് ഇന്ന് തീയേറ്ററുകളിലെത്തുന്നത്. അനിൽ രാധാകൃഷ്ണമേനോന്റെ ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി, നടൻ നാദിർഷയുടെ സംവിധാനത്തിലൊരുങ്ങുന്ന അമർ അക്ബർ അന്തോണി, ടികെ സന്തോഷിന്റെ വിദൂഷകൻ, ആസാദ് അലവിൽ ഒരുക്കിയ നിക്കാഹ് എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്.

കുഞ്ചക്കോബോബനും റീനു മാത്യൂസുമാണ് 7000 കണ്ടിയുടെ കേന്ദ്രകഥാപാത്രങ്ങൾ. നോർത്ത് 24 കാതം, സപ്തമശ്രീ തസ്‌കരാ എന്നീ ചിത്രങ്ങൾക്ക് ശേഷം അനിൽ രാധാകൃഷ്ണൻമേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 7000 കണ്ടി. ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേം മേനോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചെമ്പൻ വിനോദ്, നെടുമുടി വേണു, ഭരത്, സണ്ണി വെയ്ൻ, ഗ്രിഗറി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇടുക്കി, വയനാട്, ധനുഷ്‌കോടി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ നായകൻമാരായി എത്തുന്ന അമർ അക്ബർ അന്തോണിയിൽ നമിതാ പ്രമോദാണ് നായിക. ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആൽവിൻ ആന്റണി, ഡോ. സക്കറിയാ തോമസ് എന്നിവരാണ് നിർമ്മാതാക്കൾ. സിദ്ധിഖ്, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ഇടവേള ബാബു, ശ്രീരാമൻ, ധർമജൻ ബോൾഗാട്ടി, ശശി കലിംഗ, കെ.പി.എ.സി ലളിത, ബിന്ദു പണിക്കർ, പ്രിയങ്ക, കണ്ണമാലി മോളി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.

സഞ്ജയൻ എന്ന എം രാമുണ്ണി നായരുടെ ജീവിതം പറയുന്ന വിദൂഷകനും ഇന്ന് തീയേറ്ററുകളിലെത്തും. സംവിധായകൻ വികെ പ്രകാശ് ആദ്യമായി നായകനാകുന്ന ചിത്രമാണിത്. ടികെ സന്തോഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇഷ ഫർഹയാണ് നായിക. ഓസ്‌കാർ നാമനിർദ്ദേശം ലഭിച്ച ശ്രീവത്സൻ ജെ മേനോനാണ് വിദൂഷകന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

സംവിധായകരായ ജയരാജ്, അമൽ നീരദ് എന്നിവരുടെ സഹായിയായിരുന്ന ആസാദ് അലവിൽ ഒരുക്കിയ നിക്കാഹും ഇന്നെത്തും. ശേഖർ മേനോൻ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംസ്‌കൃതി ഷേണായ് ആണ് നായിക. യൂസഫലി കേച്ചേരി അവസാനമായി ഗാനരചന നിർവഹിച്ച ചിത്രമാണ് നിക്കാഹ്. സംഗീതം ഗോപി സുന്ദർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News