നിയമസംവിധാനം വരുതിക്കാക്കാനുള്ള കേന്ദ്ര നീക്കത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി; ജുഡീഷ്യല്‍ നിയമനക്കമ്മീഷന്‍ ഭരണഘടനാവിരുദ്ധം; കൊളീജീയം തുടരണമെന്നും കോടതി

ദില്ലി: രാജ്യത്തെ നിയമസംവിധാനം വരുതിയില്‍ നിര്‍ത്താന്‍ ജഡ്ജിമാരുടെ നിയമനത്തിന് രൂപീകരിച്ച ദേശീയ ജുഡീഷ്യല്‍ നിയമനക്കമ്മീഷന്‍ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി. മുമ്പു ജഡ്ജിമാരുടെ നിയമനത്തിനായുണ്ടായിരുന്ന കൊളീജിയം തുടര്‍ന്നാല്‍ മതിയെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് തുടര്‍ന്നുപോന്നിരുന്ന കൊളീജിയം സംവിധാനം ഒഴിവാക്കി ജുഡീഷ്യല്‍ നിയമനക്കമ്മീഷന്‍ രൂപീകരിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ കൂടിയിരുന്നാലോചിച്ചാണ് അതുവരെ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിച്ചിരുന്നത്. ഭരണകൂടവും ജുഡീഷ്യറിയും സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന ഈ സംവിധാനം ഉടച്ചുവാര്‍ക്കാനാണ് മോദി തീരുമാനിച്ചത്. വിവിധ രാഷ്ട്രീയ കക്ഷികളും ഈ നടപടിയോട് യോജിച്ചിരുന്നു.

പാര്‍ലമെന്റ് പാസാക്കിയാണ് കമ്മീഷന്‍ രൂപീകരിച്ചത്. നേരത്തേ, കമ്മീഷനില്‍ അംഗമാകാന്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു വിസമ്മതിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തോട് വിയോജിച്ച് രാജ്യത്തെ ജഡ്ജിമാര്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എക്‌സ് ഒഫീഷ്യോ അധ്യക്ഷനും സുപ്രീംകോടതിയിലെ മുതിര്‍ന്ന രണ്ടു ജഡ്ജിമാരും കേന്ദ്ര നിയമമന്ത്രിയും രണ്ടു പ്രമുഖ വ്യക്തികളും അംഗങ്ങളുമെന്നതായിരുന്നു കമ്മീഷന്റെ ഘടന. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായിരിക്കണം ഈ രണ്ടു പ്രമുഖ വ്യക്തികള്‍ എന്നും നിര്‍ദേശമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News