സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകും; പത്തേമാരി ഓരോ മലയാളിയും കണ്ടിരിക്കേണ്ട ചിത്രം; റസൂല്‍ പൂക്കുട്ടി കൈരളി ന്യൂസ് ഓണ്‍ലൈനിനോട്

pokkutty

പത്തേമാരിയിലെ ഓഡിയൊ റെക്കോര്‍ഡിംഗ് എങ്ങിനെയാണ് മറ്റ് സിനിമകളില്‍ നിന്നും വ്യത്യസ്തമാകുന്നത്?

വ്യത്യസ്തം ആണോ? സിനിമകളുടെ വ്യത്യസ്തതയാണ്. പ്രധാനമായിട്ടും നോക്കുന്നതു സിനിമ നമ്മള്‍ ചെയ്യുമ്പോള്‍ അതു യഥാഗതമാണൊ, ഓരോ സിനിമയ്ക്കുമൊരു ചാനലുണ്ടല്ലൊ, അതുമായി ബന്ധപ്പെടുത്തിയിട്ടാണു നമ്മള്‍ വര്‍ക്ക് ചെയ്യുന്നത്. പത്തേമാരിയുടെ ഒരു വലിയ വെല്ലുവിളി എന്നു പറഞ്ഞാല്‍ അത് 50 വര്‍ഷത്തെ കഥയാണ്. 50 വര്‍ഷത്തെ ഒരു യാത്രയാണ്. ജീവിതയാത്രയാണ് സിനിമ. അത്തരത്തിലൊരു സൗണ്ട് സ്‌കേപ്പും നമ്മളിതില്‍ ചെയ്തിട്ടുണ്ട്. അതായിരുന്നൊരു വെല്ലുവിളി. അതില്‍ കേരളമുണ്ട്, ദുബൈ ഉണ്ട്, മാറുന്ന കേരളമുണ്ട്, ബോംബെ ഉണ്ട്. പിന്നെ തുടക്കത്തിലൊരു യാത്ര. ഉരുവിലെ യാത്ര. അതിനു നേരിടേണ്ടി വന്ന തടസ്സങ്ങള്‍. വളരെ നാടകീയമായിയിട്ടുള്ളത്. ഇതിനെക്കാള്‍ ഉപരിയായിട്ട് ഇത് ഒരിക്കലും ഈ സിനിമയ്ക്കു പുറത്തു നില്‍ക്കരുത്, എന്ന ഒരു നിബന്ധന ഞാന്‍ ഈ സിനിമയില്‍ എടുത്തിട്ടുണ്ട്. ഈസിനിമയുടെ സ്റ്റോറിയും തീമിനും പുറത്തൊരു ശബ്ദം പോകരുതെന്ന് എല്ലാം ഈ ഫ്രെയിമിനകത്ത് തന്നെ നില്‍ക്കണമെന്നായിരുന്നു അത്്. പ്രേക്ഷകരെ പിടിച്ചിരുത്തണമെങ്കില്‍ അവരുടെ മുകളിലേക്കു ശബ്ദം വരുന്ന താണ്ഡവമുണ്ടാകരുത്. മറിച്ച് ഒരു ജീവിതം കാണുന്ന, ആ ഒരു വികാരത്തിലൂടെ യാത്ര ചെയ്യുന്ന ഒരു ഓഡിയന്‍സിനെയാണ് ഈ സിനിമയില്‍ വേണ്ടത്. ആ ഒരു രീതിയിലാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. അതുകൊണ്ടായിരിക്കും ഒരുപക്ഷേ, ഈ സിനിമയുടെ ശബ്ദസംവിധാനം വളരെ വ്യത്യസ്തമുള്ളതായിട്ടു തോന്നാന്‍ കാരണം.

സംവിധായകനുമായി ആലോചിച്ച് രണ്ടുപേരുടെയും അഭിപ്രായത്തിലാണോ ശബ്ദ സംവിധാനം ചെയ്തത്?

ഈ സിനിമയുടെ കഥ ഞങ്ങള്‍ കുഞ്ഞനന്തന്റെ കഥ ഷൂട്ട് ചെയ്യുന്ന സമയത്തു തന്നെ സലിമും ഞാനും ചര്‍ച്ച ചെയ്തിരുന്നു. സിനിമയെപറ്റിയും കഥയെപ്പറ്റിയും നല്ല ധാരണ എനിക്കുണ്ടായിരുന്നു. ഷൂട്ടിംഗിന് പോകുമ്പോള്‍ പല സ്ഥലങ്ങളിലും പല ഷെഡ്യൂളായി ഷൂട്ട് ചെയ്തതു കൊണ്ടും, ഒരുപാട് വിഎഫ്എക്‌സ് വര്‍ക്കും ഉണ്ടായിരുന്നതുകൊണ്ട് സിംഗ് സൗണ്ടൊന്നും ഞങ്ങള്‍ ഇതില്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ഈ സിനിമ ഞാന്‍ ആദ്യമായിട്ട് കാണുന്നത് അദ്ദേഹം ഈ സിനിമ എഡിറ്റ് ചെയ്തതിന് ശേഷമാണ്. ഞാനായിരുന്നു ഇതിന്റെ ആദ്യത്തെ പ്രേക്ഷകന്‍. അതുകഴിഞ്ഞ് ഞാന്‍ വളരെ സ്വതന്ത്രമായിട്ടാണു വര്‍ക്ക് ചെയ്യുന്നത്. വര്‍ക്ക് ചെയ്ത് ഞാന്‍ ഫിലിം മിക്‌സ് ചെയ്തതിന് ശേഷം സലിമിനെ വിളിച്ച് കാണിക്കുകയാണു ചെയ്തത്. സലിം കണ്ടിട്ട് സലിമിന് വേണ്ടുന്ന കുറെ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സലിമിന് വലിയ കറക്ഷന്‍സ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അപ്പൊ സലിമിന്റെ കഥയെപ്പറ്റിയുള്ള എന്റെയൊരു വിഷന്‍ കറക്ടായിട്ട് തോന്നുകയാണ് ചെയ്തത്.

pokkutty-1

കടലിന്റെ നടുക്കുള്ള ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതില്‍ എന്തെങ്കിലും വെല്ലുവിളികള്‍ നേരിടേണ്ടിവന്നോ?

അങ്ങനെ ഒരുപാട് റിക്കോര്‍ഡിംഗുകള്‍ ഞാന്‍ നേരത്തെ ചെയ്തിട്ടുണ്ട്. ബ്ലു എന്ന സിനിമയ്ക്ക് വേണ്ടി സമുദ്രത്തിനടിയിലുള്ള സൗണ്ടുകള്‍ റെക്കോഡ് ചെയ്തു. ആ അനുഭവം ഈ സിനിമ ചെയ്യുമ്പോള്‍ ഒരുപാട് സഹായകമായിട്ടുണ്ട്.

താങ്കള്‍ ബോളിവുഡടക്കമുള്ള നിരവധി മറ്റു ഭാഷാ ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളത്തിലെ സൗണ്ട് സിസ്റ്റം ഏത് ലെവലിലാണ് നില്‍ക്കുന്നത്?

എക്‌സിബിഷന്‍ സൈഡിലാണ് പ്രശ്‌നം. അത് മലയാളത്തിന്റെ മാത്രം പ്രശ്‌നമല്ല. ഇന്ത്യയില്‍ മൊത്തത്തിലുള്ള മള്‍ട്ടിപ്ലക്‌സുകളും ഇന്ത്യയില്‍ മൊത്തത്തിലുള്ള എക്‌സിബിഷന്‍ സെന്ററുകളിലും ഉള്ള ഒരു പ്രശ്‌നമാണ്. വളരെ അത്യാവശ്യമായിട്ട് ഒരു സ്റ്റാന്റേര്‍ഡൈസേഷന്റെ നിയമസാധുതയ്ക്കുള്ളില്‍ കൊണ്ടുവരേണ്ട ആവശ്യകതയുണ്ട്. നമുക്ക് സിനിമ ശബ്ദവും ദൃശ്യവും ചേര്‍ന്ന ഒരു സംഗമമായി കാണമെങ്കില്‍ അതു വേണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനേ എന്തെങ്കിലും ചെയ്യാനാകൂ. കൊട്ടകയ്ക്കു ലൈസന്‍സ് കൊടുക്കുമ്പൊള്‍ ശബ്ദം, ദൃശ്യം എന്നിവയുടെ നിലവാരം ഉറപ്പാക്കാണം. ഇപ്പോള്‍ അങ്ങനെയുള്ള നിബന്ധനകള്‍ ഒന്നുമില്ല. ഇത് ഇന്ത്യയില്‍ മൊത്തത്തിലുള്ള ഒരു പ്രശ്‌നമാണ്. അത് ഞങ്ങള്‍ എല്ലാവരും എപ്പോഴും പറയാന്‍ പറ്റുന്ന സ്ഥലങ്ങളിലെല്ലാം പറയുന്നുണ്ട്്. ഗവണ്‍മെന്റ് വിചാരിക്കാതെ അതു നിലവില്‍ കൊണ്ടുവരാന്‍ പറ്റില്ല.

നിലവില്‍ കേരളത്തിലെ തീയേറ്ററുകളിലുള്ള സൗണ്ട് സിസ്റ്റം സര്‍ക്കാര്‍ ഇടപെട്ട് മാറ്റം വരുത്തണം എന്നാണോ പറഞ്ഞുവരുന്നത്?

ഇന്ന് ഇക്കാര്യത്തില്‍ നിയമമൊന്നും ഇല്ല. എല്ലാവര്‍ക്കും തോന്നിയകണക്കാണ്. ഇപ്പോള്‍ അഞ്ചു ലക്ഷം രൂപകൊണ്ടു സൗണ്ട് സിസ്റ്റം വയ്ക്കാം. ഒരു ലക്ഷം രൂപകൊണ്ടും പറ്റും അമ്പതു ലക്ഷം കൊണ്ടും പറ്റും. എക്ലാസ്, ബിക്ലാസ്, സിക്ലാസ് എന്ന് സിനിമ തരംതിരിക്കുമ്പൊള്‍ എന്തായിരിക്കണം മാനദണ്ഡമെന്ന് ആര്‍ക്കും അറിയില്ല. സാങ്കേതിക നിലവാരം ആണോ അതോ സ്ഥിതി ചെയ്യുന്ന പ്രദേശം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെയാണൊ, ഇത് ഏത് തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത് എന്ന കാര്യം നമുക്കാര്‍ക്കും അറിയുന്നില്ല. എന്റെ അഭിപ്രായത്തില്‍ അത് സാങ്കേതികപരം തന്നെ ആയിരിക്കണം. കാരണം ഒരു ഓഡിയന്‍സ് തീയേറ്ററിലേക്കു വരുന്നതു സിനിമ കാണാന്‍ വേണ്ടിയാണ്. ആ സിനിമ കാണുന്നതിനുള്ള പ്രധാനമായിട്ടുള്ള കാര്യം അതിന്റെ ശബ്ദവും പിക്ചറും ആണ്. അപ്പോള്‍ അതൊഴിച്ച് ബാക്കി എല്ലാം നിങ്ങള്‍ ഒരു സ്റ്റാന്റേര്‍ഡൈസേഷനിലേക്ക് കൊണ്ടുവരുന്നു എങ്കില്‍ സിവില്‍ നോംസുണ്ട്. അതില്‍ ഇത്ര ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള കൊട്ടകയാണെങ്കില്‍ അതില്‍ ഇത്ര സീറ്റേ ആകാന്‍ പാടുള്ളു, അതില്‍ ഇത്ര ഫയര്‍ എക്‌സിറ്റുകള്‍ ഉണ്ടാകണം, സീറ്റുകള്‍ക്കിടയില്‍ ഇത്ര അകലം വേണം ഇത്തരത്തിലുള്ള നിഷ്‌കര്‍ഷ ഉണ്ട്. അത് മാത്രം നോക്കിയിട്ടാണൊ നിങ്ങള്‍ ഒരു മള്‍ട്ടിപ്ലക്‌സ് ലൈസന്‍സിംഗ് കൊടുക്കുന്നത്? മള്‍ട്ടിപ്ലക്‌സിന് ലൈസന്‍സിംഗ് കൊടുക്കുമ്പോള്‍ അവര്‍ക്ക് സാമ്പത്തികമായി ഇളവുകള്‍ കൊടുക്കുന്നുണ്ട്. ടാക്‌സ് ഇളവുകള്‍ കൊടുക്കുന്നുണ്ട്. അത് എന്തിനെ അടിസ്ഥാനപ്പെടുത്തിയിട്ടാണ്? അവിടെ ടെക്‌നിക്കല്‍ സ്റ്റാന്റേര്‍ഡ് ഒരു ബാധ്യത അല്ല.

താങ്കള്‍ 1995ല്‍ അല്ലെ സൗണ്ട് റിക്കാര്‍ഡിംഗ് മേഖലയിലേക്കെത്തുന്നത്? അന്നത്തെ ടെക്‌നോളജിയും ഇന്നത്തെ ടെക്‌നോളജിയും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്?

രണ്ടും രണ്ട് മീഡിയമായിട്ട് മാറി. ഒന്ന് ഞാന്‍ പഠിച്ചിറങ്ങുന്ന സമയത്ത് അനലോഗ് ടെക്‌നോളജിയിലായിരുന്നു വര്‍ക്ക് ചെയ്തിരുന്നത്. അവിടുന്ന് ഡിജിറ്റലിന്റെ തുടക്കം പിന്നെ ഇന്ന് ഡിജിറ്റല്‍ ടെക്‌നോളജി എത്തി നില്‍ക്കുന്ന ആ ഒരു ഘട്ടം, സൗണ്ട് മോണൊയില്‍നിന്നും ഡോള്‍ബിയിലേക്ക് പോകുന്നു, ഡോള്‍ബിയില്‍ നിന്നും ഡി.ടി.എസ് വരുന്നു, ഇന്ന് അത് ഡോള്‍ബി അറ്റ്‌മോസ്റ്റും ഓറൊ ത്രിഡിയിലേക്കും എത്തി നില്‍ക്കുന്നു. കഴിഞ്ഞ ഒരു പത്ത് പതിനഞ്ച് വര്‍ഷം കൊണ്ട് വളരെ അഭൂതപൂര്‍ണമായ മാറ്റമാണ് സാങ്കേതികവിദ്യയില്‍ വന്നത്.

pokkutty-2

സിനിമാ സംഘടനകള്‍ ഉണ്ട് കേരളത്തില്‍. കഴിഞ്ഞ ദിവസം റിലീസിങ്ങിനെ ബാധിക്കുന്ന തരത്തില്‍ വരെ ഇവര്‍ തമ്മിലുള്ള തര്‍ക്കം എത്തിയിരുന്നു. ഈ സിനിമ സംഘടനകള്‍ സിനിമയ്ക്ക് ഗുണമോ ദോഷമോ?

ഒരു സിനിമയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചുകൊണ്ടൊ, അല്ലെങ്കില്‍ സിനിമയുടെ വിതരണം നിര്‍ത്തിവെച്ചുകൊണ്ടൊ സിനിമ സംസ്‌കാരം മെച്ചപ്പെടുന്നില്ല. സംഘടനകള്‍ ആവശ്യമാണ്, ആ സംഘടനകള്‍ താത്വികമായ ആവശ്യമാണ്. പക്ഷെ അത് മെച്ചപ്പെട്ട സിനിമകള്‍ ഉണ്ടാക്കാനുള്ള കലാ സാംസ്‌കാരിക അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനായിരിക്കണം കൂടുതല്‍ ശ്രദ്ധി്‌ക്കേണ്ടത്.

2009-ല്‍ ഓസ്‌കാര്‍ അവാര്‍ഡ് കിട്ടിയതിന് ശേഷമാണ് താങ്കളെ കൂടുതലായി ജനങ്ങള്‍ ശ്രദ്ധിക്കുന്നത്. അതിന് മുമ്പും താങ്കള്‍ ഇവിടൊക്കെത്തന്നെ ഉണ്ടായിരുന്നു. മലയാള സിനിമ റസൂല്‍ പൂക്കുട്ടി എന്ന വ്യക്തിയെ കൃത്യമായി ഉപയോഗിച്ചില്ല എന്ന പരാതി ഉണ്ടോ?

എനിക്കങ്ങനെ പരാതി ഒന്നും ഇല്ല. കാര്യം എനിക്ക് പരാതി പറയാനുള്ള അവകാശമില്ല. ലോകത്ത് ഏതെങ്കിലുമൊരു ടൊക്‌നിഷനെ ഇത്രയും അധികം ആളുകള്‍ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ ഇത്രയുമധികം തോളത്ത് കയറ്റി ഇരുത്തി ആഘോഷിച്ചിട്ടുണ്ടെങ്കില്‍ അത് ഞാനാണ്. ആ എനി്ക്ക് ഒരു പരാതിയും ഇല്ല. അന്താരാഷ്ട്ര തലത്തിലുള്ള ഒരു അംഗീകാരം ആണ് അതിന് കാരണം. അത് ശരിയാണ്, ആയ്‌ക്കൊട്ടെ. അതിന് മുമ്പുവരെ കേരളത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല, മലയാള സിനിമയില്‍ ഞാന്‍ ഒസ്‌കറിന് ശേഷമാണ് വര്‍ക്ക് ചെയ്യുന്നത് തന്നെ. പരാതികളും പരിഭവങ്ങളും പറയാനല്ലെല്ലോ നമ്മളുള്ളത്, വര്‍ക്ക് ചെയ്യുക, നമ്മുടെ വര്‍ക്ക് സംസാരിക്കും. കലയുടെ അല്ലെങ്കില്‍ കലാപ്രവര്‍ത്തനത്തിന്റെ ഉദ്ദേശം എന്താണ്? ആള്‍ക്കാരെ സെന്‍സിറ്റൈസ് ചെയ്യുക എന്നുള്ളതാണ്. അത് നമ്മള്‍ നമ്മുടെ വര്‍ക്കിലൂടെ ചെയ്യുക. അല്ലാതെ കുത്തിയിരുന്ന് പരാതി പറയാനും പരിഭവം പറയാനും ഗ്രൂപ്പുകളുണ്ടാക്കാനുമാണോ കലാ പ്രവര്‍ത്തനങ്ങള്‍, അതിനൊന്നുമല്ല. വ്യക്തിത്വം നിലനിര്‍ത്തുക എന്നുള്ളതാണ്. അവസരങ്ങള്‍ കിട്ടിയില്ല, ചെയ്തിട്ടില്ല, ആള്‍ക്കാര്‍ മനസ്സിലാക്കിയിട്ടില്ല, എല്ലാ ടെക്‌നിക്കല്‍ വശങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു കലയാണ് സിനിമ. അതില്‍ സൗണ്ട് ഏറ്റവും അവസാനത്തെ പടിയാണ് വരുന്നത്. കാര്യം സൗണ്ട് എന്ന് പറയുന്നത് മ്യൂസിക് മാത്രമാണെന്നാണ് ആള്‍ക്കാര്‍ ധരിച്ചുവെച്ചിരിക്കുന്നത്. അതല്ല ആ ക്രാഫ്റ്റിന് അതിന്റെതായ പവറുണ്ട്. ആള്‍ക്കാരെ ചെയ്ഞ്ച് ചെയ്യാനുള്ള പവറുണ്ട്, സിനിമയെ ചെയ്ഞ്ച് ചെയ്യാനുള്ള പവറുണ്ട്. അത് ഇപ്പോള്‍ മനസ്സിലാക്കി വരുന്നതെ ഉള്ളു. പിന്നെ പ്രത്യേകിച്ച് മലയാളം പോലുള്ള ചെറിയ ഒരു പ്രദേശത്തെ സിനിമയ്ക്ക് അതിന്റേതായ പരിമിതികളുണ്ട്. എന്നിട്ടും നല്ല നല്ല കഥകള്‍ ഉണ്ടാകുന്നില്ലേ? നല്ല നല്ല ഐഡിയകള്‍ നമുക്ക് വര്‍ക്കൗട്ട് ചെയ്യാന്‍ പറ്റും. ഒരുപക്ഷെ അതിനൊരു എക്‌സിക്യുഷന്‍ ഹോളിവുഡ് സിനിമകള്‍ പോലെയോ, യൂറോപ്യന്‍ സിനിമകള്‍ പൊലെയൊ അത്ര മികച്ചത് ആയിക്കൊള്ളണമെന്നില്ല. സൗണ്ട് അല്ലെങ്കില്‍ ശബ്ദ സംവിധാനം എന്നൊരു ശാഖ അത്ര സീരിയസായി നമ്മള്‍ ഇതുപോലുള്ള സിനിമകളില്‍ കൊണ്ടുവന്നിട്ടില്ല. അതൊരു ഭാഗമായി മാത്രമെ കാണുന്നുള്ളു. അത് മാറണം. ഇപ്പൊ എന്തുകൊണ്ടു നിങ്ങള്‍ എന്നെ ഇന്റര്‍വ്യു ചെയ്യുന്നത്? ഞാന്‍ ഇതിനെപ്പറ്റി സംസാരിക്കുന്നത്. മാധ്യമങ്ങള്‍ ആണ് ഇത് ജനങ്ങളുടെ സാന്നിധ്യത്തിലേക്ക് കൊണ്ടുവരേണ്ടത്. എന്റെ ഓസ്‌കറോടു കൂടി മാധ്യമങ്ങള്‍ അത് ഒരുപാട് ചെയ്യുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങളോട് എനിക്കു വലിയ ബഹുമാനമാണ്, സ്‌നേഹമാണ്. കാര്യം ഇത്രയും അധികം ഈ ഒരു ഡിസ്‌കഷന്‍ ഒരു പബ്ലിക് പ്ലാറ്റ്‌ഫോര്‍മില്‍ കൊണ്ടുവന്നിട്ടുള്ളത് നിങ്ങളാണ്. അതിന് കാരണമായതെന്തുമായ്‌ക്കൊട്ടെ, ആ ഒരു ഡിസ്‌കഷന്‍ വന്നുവല്ലൊ, അതിലെനിക്ക് വലിയ സന്തോഷമുണ്ട്. അതുകൊണ്ട് അതിന്റെ ഒരു ഗുണം എന്നു പറഞ്ഞാല്‍ യംഗ്‌സ്റ്റേര്‍സ് ഒരുപാട് ഈ ഒരു മേഖലയിലേക്ക് വരും. അക്കാഡമിക്‌സ് ഈ മേഖലയിലേക്ക് വരും. അക്കാഡമിക്‌സ് വരുമ്പൊള്‍ കോമ്പറ്റിഷന്‍ ഉണ്ടാകും. കൂടുതല്‍ കൂടുതല്‍ നല്ല വര്‍ക്കുകള്‍ ഉണ്ടാകും, അതാണ് ഇന്നത്തെ ഏറ്റവും കാതലായിട്ടുള്ള കാര്യം.

മലയാള സിനിമയില്‍ ഇന്ന് ഉപയോഗിയ്ക്കുന്ന ടെക്‌നോളജി മതിയൊ മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക്?

ടെക്‌നോളജി എന്ന് പറഞ്ഞാല്‍ വെറും ടൂള്‍ ആണ്. നമ്മള്‍ ഉപയോഗിക്കുന്ന പേന അത് മോന്‍ഡ്ബ്ലാങ്കാണൊ, ഹീറൊ പേനയാണൊ, അതുകൊണ്ടൊന്നും നമ്മുടെ കൈയക്ഷരം വ്യത്യാസമാകണമെന്നില്ല. ക്വാളിറ്റി ഓഫ് റൈറ്റിംഗ് ഈസ് നോട്ട് ഡിസൈഡഡ് ബൈ ദ പെന്‍. അപ്പൊ ടെക്‌നോളജി ടൂള്‍ മാത്രമാണ്. എന്തുമാത്രം നമുക്ക്, ഒരു ടെക്‌നിഷ്യന്‍ നിങ്ങളെ ഉപയോഗിക്കുമ്പോള്‍ അയാളുടെ കല പ്രവര്‍ത്തിപ്പിയ്ക്കാന്‍ എന്തുമാത്രം ഇടം കൊടുക്കും, അത് ഉപയോഗിയ്ക്കാന്‍ എന്തുമാത്രം സന്നദ്ധത കാണിയ്ക്കും എന്നുള്ളിടുത്താണ് പ്രശ്‌നം. ഇതൊരു മനോഭാവത്തിന്റെ പ്രശ്‌നമാണ്. അത് മാറണം, തീര്‍ച്ചയായിട്ടും മാറിക്കൊണ്ടിരിക്കുന്നു.യുവാക്കള്‍ ഒരുപാട് ഇത് മനസ്സിലാക്കികൊണ്ടാണ് സിനിമയെടുക്കാന്‍ മലയാളത്തിലേക്ക് വരുന്നത്.

റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധായകനാകുന്നതിന് മുമ്പെ, ബി.എസ്.സി ഫിസിക്‌സ് പഠിച്ചു. എല്‍.എല്‍.ബി പഠിക്കാന്‍ പോയി ഇടയ്ക്കുവെച്ച് പഠനം നിര്‍ത്തിവെച്ച് സിനിമ പഠിയ്ക്കാന്‍ പോയി, വീണ്ടും അച്ചന്റെ ആഗ്രഹം കാരണം എല്‍.എല്‍.ബി പേപ്പറുകള്‍ എഴുതി എടുത്തു. അതേ അച്ഛന്‍, മകന്‍ അഭിഭാഷക ജോലി വിട്ട് ലോകം അറിയപ്പെടുന്ന വലിയ ശബ്ദ സംവിധായകന്‍ ആയപ്പോള്‍ എന്ത് പറഞ്ഞു?

അത് കാണാന്‍ എന്റെ ഉമ്മയും ബാപ്പായും ഉണ്ടായിരുന്നില്ല. എന്റെ ഉമ്മ 1999-ല്‍ മരിച്ചു, ബാപ്പ 2001-ല്‍ മരിച്ചു. ഉമ്മയാണ്, നമ്മള്‍ പറയത്തില്ലേ അമ്മയാണ് എല്ലാം. നിങ്ങള്‍ നാളെ ഒരാളെ കൊന്നിട്ട് വന്നാലും നമുക്ക് അമ്മയോട് പോയി പറയാം. അതായത് നമ്മളെ ഏറ്റവും അധികം വിശ്വസിക്കുന്നത് നമ്മുടെ അമ്മയാണ്. അങ്ങിനെ എന്നെ വിശ്വസിച്ചത് എന്റെ ഉമ്മയാണ്. എനിയ്ക്കു നിയമം പഠിയ്ക്കണ്ട, ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ പോയി സിനിമ പഠിയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ ഉമ്മ തങ്കര്‍ പൊട്ടിച്ച് ഉമ്മാടെ പൈസ എനിയ്ക്ക് തന്നു. എന്നെ ഉന്തിതള്ളി വിട്ടത് എന്റെ ഉമ്മായാണ്. ബാപ്പ അതിന് എതിരു നിന്നില്ല. പക്ഷെ ബാപ്പയ്ക്ക് അതില്‍ വിഷമം ഉണ്ടായിരുന്നു, ഞാന്‍ ഒരു പ്രൊഫഷണല്‍ കോഴ്‌സ് കളഞ്ഞിട്ട് വേറെ ഒന്നിലേക്കു പോകുന്നതില്‍. ബാപ്പയ്ക്ക് വിഷമം ഉണ്ട് എന്നുള്ളത് എനിയ്ക്ക് മനസ്സിലായി. അന്ന് ഞാന്‍ ലൊ കൊളേജില്‍ ചെന്നിട്ട് ബാപ്പയ്ക്ക് ഒരു കത്തെഴുതി. എനിയ്ക്ക് ഇന്ന ഇന്ന കാരണങ്ങള്‍ കൊണ്ടാണ് സിനിമ പഠിയ്‌ക്കേണ്ടത്. അതിന് ശേഷം ബാപ്പ എതിരൊന്നും പറഞ്ഞിട്ടില്ല. അതിന് മുമ്പ് പറഞ്ഞു നീ ഇങ്ങനെ എന്താ കുരങ്ങ് ചാടി കളിയ്ക്കണകണക്ക് ചാടിക്കളിയ്ക്കുന്നെ എന്ന് ചോദിച്ചു. പക്ഷെ ഈ കത്തെഴുതിയതിന് ശേഷം ബാപ്പ ഒന്നും പറഞ്ഞില്ല. ബാപ്പയുടെ ഒരു മൗനസമ്മതത്തോടുകൂടെയാണ് ഞാന്‍ സിനിമ പഠിയ്ക്കാന്‍ പോകുന്നത്. ജീവിതത്തില്‍ ഒരു പാട് പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്, ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്ന് പോയിട്ടുണ്ട്. പക്ഷെ, ഒരു പക്ഷെ ഉമ്മ ആഗ്രഹിച്ചതിനെക്കാള്‍ ബാപ്പ ആഗ്രഹിച്ചതിനെക്കാള്‍ ഒരുപാട് തലങ്ങളിലേയ്ക്ക് എനിയ്ക്ക് എത്താന്‍ കഴിഞ്ഞു. ഇന്നും ”മാറ്റി നിര്‍ത്തി ചോദിയ്ക്കുകയാണെങ്കില് ജീവിതത്തിലെ എറ്റവും വലിയ ദു:ഖമെന്താണെന്ന് ചോദിച്ചാല്‍ ഇതൊന്നും കാണാന്‍ ഉമ്മായും ബാപ്പായും ജീവിച്ചിരിപ്പില്ലല്ലൊ എന്നുള്ളതാണ്” ഏറ്റവും വലിയ ദു:ഖം.

കുടുംബത്തിന്റെ സപ്പോര്‍ട്ട് എങ്ങിനെയാണ്?

കുടുംബത്തിന്റെ സപ്പോര്‍ട്ട് ഇല്ലെങ്കില്‍ ഞാന്‍ ഒരിയ്ക്കലും ഇവിടംവരെ എത്തില്ല. എന്റെ എല്ലാമെല്ലാം ഞങ്ങളുടെ കുടുംബമാണ്. അത് എന്റെ നാല് പെങ്ങന്മാരും മൂന്നു സഹോദരങ്ങളും എന്റെ ഭാര്യയും കുട്ടികളും പിന്നെ ഭാര്യയെ ഞാന്‍ പറയുന്നത്, എന്താ പറയാ.. അദ്ദേഹത്തിന്റെ ഒരു ഖജനാവില്‍ നിന്നും സമയമെടുത്ത് എനിയ്ക്ക് ഇങ്ങനെ അങ്ങ് അനുവദിച്ച് തന്നിരിയ്ക്കുകയാണ്. ഞാന്‍ എന്ത് ചെയ്യുന്നു, എപ്പൊ പോകുന്നു, എവിടെ പോകുന്നു, എങ്ങിനെ പോകുന്നു, കുട്ടികളുമായി സമയം ചെലവഴിയ്ക്കാന്‍ കിട്ടുന്നില്ല, കുടുംബവുമായി സമയം ചെലവഴിയ്ക്കാന്‍ സമയം കിട്ടുന്നില്ല, അതൊന്നും കക്ഷി ഒരു പരാതിയായി ഇതുവരെ പറഞ്ഞിട്ടില്ല. അവരാണ് നമ്മുടെ യഥാര്‍ത്ഥ ശക്തി. അവരുള്ളത് കൊണ്ടാണ് നമ്മള് ഇങ്ങിനെ ഇതൊക്കെ ചെയ്യാന്‍ സാധി്ക്കുന്നതും ഈ രീതിയിലൊക്കെ ചെയ്യാന്‍ സാധിയ്ക്കുന്നതും.

അടുത്ത പ്രൊജക്ടുകള്‍?

2016ല്‍ ഒരുപാട് പ്രൊജക്ടുകള്‍ ലൈനപ്പായിട്ടുണ്ട്. രണ്ട് തമിഴ് സിനിമകള്‍, മൂന്ന് നാല് ഹിന്ദി സിനിമകള്‍, രണ്ട് മാറാഠി സിനിമകളുണ്ട്, 2015ല്‍ ഒരു ഹോളിവുഡ് സിനിമ വരുന്നുണ്ട് ഇന്‍ഫര്‍മൊ. ഞാനെന്റെ ഒരു ഡയറക്ടോറിയല്‍ ചെയ്യാന്‍ നോക്കുന്നു അതിന്റെ ചില കാര്യങ്ങള്‍ പണിപ്പുരയില്‍ നടക്കുന്നു. നാലഞ്ച് സ്‌ക്രിപ്റ്റുകള്‍ ഡിസ്‌കസ് ചെയ്യുന്നു, പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിട്ടുണ്ട്. ഫ്യൂച്ചര്‍ ഈസ് ലുക്കിംഗ് വെരി ബ്രൈറ്റ്.

സിനിമ സംവിധാനം ഉടന്‍ ഉണ്ടാകുമൊ?

താമസിയാതെ അതിന്റെ അനൗണ്‍സ്‌മെന്റ് ഉണ്ടാകും. നിങ്ങള്‍ എല്ലാവരോടും ഞാന്‍ പറയും. എന്താണ് ഉദ്ദേശിക്കുന്നതെന്ന്.

അവസാനമായി പത്തേമാരിയെക്കുറിച്ച് റസൂലിന് എന്താണ് പറയാനുള്ളത്?

പത്തേമാരി ഒരു സിനിമ അല്ല. ഇതൊരു ജീവിതയാത്രയാണ്. ഈ ജീവിതയാത്ര ഞാന്‍ കണ്ടിട്ടുള്ള യാത്രയാണ്. ഞാന്‍ അനുഭവിച്ചിട്ടുള്ളതും കൂടെയാണ്. കാര്യം കേരളത്തിലെ ഓേെരാ കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാകും അവരുടെ വിയര്‍പ്പിന്റെ മണമാണ് ഇന്ന് കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. അവരുടെ രക്തവും വിയര്‍പ്പുമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നത്. കേരളം പുറത്തറിയപ്പെടുന്നത് ഏഷ്യയുടെ സൂര്യന്‍ എന്നാണ്. കാരണം സൂര്യനോളം തന്നെ വളരെയധികം കെട്ടുറപ്പുള്ള ഒരു സമ്പദ് വ്യവസ്ഥയും അത് ആരോഗ്യത്തിലായാലും വിദ്യാഭ്യാസത്തിലായാലും നമ്മള്‍ വലിയൊരു വ്യവസ്ഥ കെട്ടിപ്പടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കുതന്നെ മാതൃകയായിട്ടുള്ള ഒരു വ്യവസ്ഥ. അതു കെട്ടിപ്പടുക്കാന്‍ നമ്മളെ സഹായിച്ചത് നമ്മളുടെ അച്ഛന്മാരും സഹോദരങ്ങളും, സഹോദരിമാരും കേരളത്തിനു പുറത്തു പോയി അധ്വാനിച്ചുണ്ടാക്കിയിട്ടുള്ള നാണ്യവിളകള്‍ വഴി സമ്പാദിച്ചു തന്നിട്ടുള്ളതാണ്. അത് ഒരുപക്ഷെ കേരളത്തിന് അകത്തു ജീവിക്കുന്ന ഒരുപാട് പേരത് കണ്ടില്ലെന്നു നടിക്കുന്നുണ്ട്. അതിനെ വാല്യു ചെയ്യുന്നില്ല. അതിനെപ്പറ്റിയൊക്കെയുള്ള ഒരു ഓര്‍മ്മപ്പെടുത്തലുകളാണ് പത്തേമാരിയെന്ന സിനിമ. കേരളത്തിന് പുറത്ത് താമസിയ്ക്കുന്ന പ്രവാസികളുടെ ഒരുപാട് ഒരുപാട് ജീവിതങ്ങള്‍ തുന്നിച്ചേര്‍ത്തതാണ് പത്തേമാരിയെന്ന സിനിമ. അത് കേരളത്തിലെ ഓരോ ആള്‍ക്കാരും കണ്ടിരിക്കേണ്ട ചിത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News