ലണ്ടന്‍: ഹിജാബ് ധരിച്ചു ഫാഷന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മുസ്ലിം യുവതി വിവാദക്കുരുക്കില്‍. ബ്രിട്ടീഷ് റീടെയില്‍ ഭീമനായ എച്ച് ആന്‍ഡ് എമ്മിന്റെ ഫാഷന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മറിയ ഇദ്രിസിയാണ് വിമര്‍ശകരുടെ പഴിയേറ്റുവാങ്ങുന്നത്.
ഇരുപത്തിമൂന്നുകാരിയായ മറിയ ഇദ്രിസി ജനിച്ചതും വളര്‍ന്നതും ലണ്ടനില്‍തന്നെയാണ്. പാകിസ്താനിയാണ് മാതാവ്. പിതാവ് മൊറോക്കോക്കാരനും. റീട്ടെയില്‍ ഭീമനായ എച്ച് ആന്‍ഡ് എം മുസ്ലിം വേഷവിധാനങ്ങള്‍ക്കുള്ള മോഡലിനെത്തേടിയെത്തിയപ്പോള്‍ ഫാഷന്‍ സലൂണ്‍ ഉടമ കൂടിയായ മറിയ സമ്മതിക്കുകയായിരുന്നു. ഇതോടെ, ഫാഷന്‍ ലോകത്തേക്കു ഹിജാബ് ധരിച്ചെത്തിയ ആദ്യ മുസ്ലിം യുവതികൂടിയായി ഇരുപത്തിമൂന്നുകാരിയായ മറിയ. ഇതു പക്ഷേ, ലണ്ടനിലെ മുസ്ലിം മതനേതാക്കളുടെ ഉറക്കം കെടുത്തുകയായിരുന്നു. ഇത്തരത്തില്‍ പെരുമാറുന്നതെന്തിനാണെന്നു മനസിലാകുന്നില്ലെന്നും താനടക്കമുള്ളവര്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടിരുന്നതാണു ഇത്രകാലവും ഫാഷന്‍ ലോകമെന്നും ഇദ്രിസി പറയുന്നു. താന്‍ വളരെ മാന്യമായും അനുയോജ്യമായ രീതിയിലും തന്നെയാണ് ഹിജാബ് ധരിച്ചത്.
തന്റെ തീരുമാനത്തിലോ പ്രവൃത്തിയിലോ ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും വിമര്‍ശകര്‍ വിവാദത്തിനു വേണ്ടി അനാവശ്യകാര്യങ്ങള്‍ ഉന്നയിക്കുകയാണെന്നുമാണ് മറിയ ഇദ്രിസിയുടെ നിലപാട്. ഇസ്ലാമും മോഡലിംഗും യോജിച്ചുപോകുന്ന കാര്യങ്ങളല്ലെന്നാണ് മതനേതാക്കളുടെ വാദം.
വളരെ പുരോഗമനാത്മകമായ ചുവടുവയ്പായി മറിയയുടെ മോഡലിംഗിനെക്കാണണമെന്നാണ് ഫാഷന്‍ ലോകത്തുനിന്നുള്ളവരുടെ അഭിപ്രായം. മുസ്ലിം വേഷവിധാനങ്ങള്‍ വിപണിയില്‍ ശ്രദ്ധനേടുമ്പോള്‍ മോഡലിംഗില്‍നിന്ന് മാത്രം മാറ്റിനിര്‍ത്തുന്നതു ശരിയല്ലെന്നും ഇവര്‍ വാദിക്കുന്നു. ലണ്ടനിലെ മാധ്യമങ്ങിലും കുറച്ചു ദിവസമായി മറിയയും ഹിജാബിലെ മോഡലിംഗും സജീവചര്‍ച്ചയായിരിക്കുകയാണ്.

Get real time update about this post categories directly on your device, subscribe now.