നടേശനോടൊപ്പമല്ല, എസ്എന്‍ഡിപിയോടൊപ്പമാണ് ഇടതുപക്ഷമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍; കൊല്ലത്ത് എല്‍ഡിഎഫിന്റെ ഉജ്ജ്വല തെരഞ്ഞെടുപ്പ് കണവെന്‍ഷന്‍

കൊല്ലം: നടേശനോടൊപ്പമല്ല, എസ്എന്‍ഡിപിയോടൊപ്പമാണ് ഇടതുപക്ഷമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍. എല്‍ഡിഎഫ് കൊല്ലം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രതിസന്ധിയില്‍ വലയുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ കണ്‍വന്‍ഷനില്‍ പരിചയപ്പെടുത്തി ഒരു പടി മുന്നില്‍ കടന്നു. കൊല്ലം കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന 55 സ്ഥാനാര്‍ത്ഥികളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. കണ്‍വന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍.ഉദ്ഘാടനം ചെയ്തു.

നടേശനോടൊപ്പമല്ല, എസ്എന്‍ഡിപിയോടൊപ്പമാണ് ഇടതുപക്ഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എസ്എന്‍ഡിപിക്ക് എതിരല്ല ഇടതുപക്ഷ പ്രസ്ഥാനം. സാമ്പത്തികത്തിനും പദവിക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടി സവര്‍ണ മേധാവിത്വത്തോട് ചേരുകയാണ് നടേശ നേതൃത്വം. ഗുരുദേവ സൂക്തങ്ങളെ കാവി പൂശി ആര്‍എസ്എസിന്റെ തൊഴുത്തില്‍ തളയ്ക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി.

മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഇല്ലാതാക്കുകയാണ് ആര്‍എസ്എസിന്റെ നയം. തദ്ദേശ തെരഞ്ഞടുപ്പില്‍ അനുകൂല സാഹചര്യമാണ്. ഇടതുപക്ഷ എതിരാളികള്‍ അങ്കത്തട്ടില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോകുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ കായിക്കര ഷംസുദ്ദീന്‍, കെ വരദരാജന്‍, കെഎന്‍ ബാലഗോപാല്‍, പി രാജേന്ദ്രന്‍ തുടങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here