റെയിൽനീർ വിതരണത്തിൽ വൻഅഴിമതി; ആറു രൂപ വിലയുള്ള ഗുണനിലവാരം കുറഞ്ഞ കുപ്പിവെള്ളം വിൽക്കുന്നു; സിബിഐ റെയ്ഡിൽ 20 കോടി രൂപ പിടിച്ചെടുത്തു; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ദില്ലി: ഇന്ത്യൻ റെയിൽവേയുടെ കുടിവെള്ള പദ്ധതിയായ റെയിൽ നീരിന്റെ വിതരണത്തിൽ വൻഅഴിമതി. റെയിൽനീർ എന്ന ബ്രാൻഡ് കുപ്പിവെള്ളം മാത്രമേ ട്രെയിനുകളിൽ വിൽക്കാൻ പാടുള്ളൂവെന്നാണ് നിയമം. എന്നാൽ ഇതിന്റെ മറവിൽ മറ്റു ബ്രാൻഡുകളുടെ പേരിൽ കുപ്പിവെള്ളം വിതരണം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്.

സ്വകാര്യ കമ്പനികളുമായി ചേർന്ന് റെയിൽവേ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അഴിമതി നടന്നത്. ഐആർസിടിസിയിൽ നിന്ന് ഒരു കുപ്പിക്ക് 10.50 രൂപയ്ക്ക് റെയിൽനീർ വാങ്ങണമെന്നാണ് കരാർ. 10.50 രൂപയ്ക്ക് വാങ്ങി 15 രൂപയ്ക്ക് കരാറുകാർ വെള്ളം വിൽക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ഇതിനു പകരം ആറു രൂപ വിലയുള്ള ഗുണനിലവാരം കുറഞ്ഞ കുപ്പിവെള്ളം വിറ്റ് അമിതലാഭം ഉണ്ടാക്കിയെന്ന് സിബിഐ കണ്ടെത്തി. ഇങ്ങനെ വിൽക്കാനായി വ്യാജ ബ്രാൻഡ്‌നെയിമിൽ കുപ്പിവെള്ളമുണ്ടാക്കിയാണ് അത് വിറ്റഴിച്ചുവന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഉത്തരമേഖലാ റയിൽവേയിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഏഴു സ്വകാര്യ കമ്പനികൾക്കുമെതിരെ സിബിഎ കേസ് രജിസ്റ്റർ ചെയ്തു. വടക്കൻ റെയിൽവേയിലെ മുൻ ചീഫ് കൊമേഴ്‌സ്യൽ മാനേജർമാരായ എം.എസ് ചാലിയ, സന്ദീപ് സൈലാസ് എന്നിവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. മറ്റു രണ്ടു റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

റെയ്ഡിൽ ആർകെ അസോസിയേറ്റസ് ആന്റ് ബ്രന്ദാവൻഡ ഫുഡ് പ്രോഡക്ട് ഉടമകളിൽ നിന്ന് 20 കോടി രൂപയും പിടിച്ചെടുത്തു. ദില്ലി, നോയ്ഡ എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here