ദുൽഖർ സൽമാന് സായ് പല്ലവി നായിക; സംവിധാനം സമീർ താഹിർ; ജോർജിയയിൽ നിന്ന് ഒരു മാസത്തേക്ക് സായ് എത്തുന്നു

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സമീറും ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രത്തിൽ പ്രേമം ഫെയിം സായ് പല്ലവി നായികയാകുന്നു. ഒരു മാസം മുൻപ് ഇക്കാര്യം സംബന്ധിച്ച് സായ് പല്ലവിയുമായി സമീർ ചർച്ചകൾ നടത്തിയിരുന്നു.

എന്നാൽ ജോർജിയയിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ സായ് പല്ലവിക്ക് പഠനസമയത്ത് അഭിനയത്തിലേക്ക് വീണ്ടും പ്രവേശിക്കണമോയെന്ന സംശയമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം സായ് കോളേജ് ഡീനുമായി സംസാരിച്ചപ്പോൾ അവർ ഒരു മാസത്തേക്ക് അവധി അനുവദിക്കുകയായിരുന്നു. നവംബർ മാസത്തേക്കാണ് സായ് പല്ലവിക്ക് അവധി ലഭിച്ചതെന്ന് താരത്തിന്റെ മാതാവ് പറഞ്ഞു.

ചിത്രം സംബന്ധിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പേരിടാതെ ഈ ചിത്രത്തിന് രാജേഷ് ഗോപിനാഥൻ ആണ് തിരക്കഥ എഴുതുന്നത്. സമീർ താഹിർ, ആഷിക് ഉസ്മാൻ, ഷൈജു ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹാൻഡ് മേഡ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. ഇത് രണ്ടാം തവണയാണ് ദുൽഖർ സൽമാൻ സമീർ താഹിർ ചിത്രത്തിൽ നായകനാകുന്നത്.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാർലി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ദുൽഖർ ഇപ്പോൾ. ബാംഗ്ലൂർ ഡേയ്‌സിന് ശേഷം പാർവ്വതി മേനോനും ദുൽഖറും ഒന്നിക്കുന്ന ചിത്രമാണ് ചാർലി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here