ആലപ്പുഴ: ആരോപണങ്ങളെയും അഴിമതിയെയും കുറിച്ചു ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു ഞഞ്ഞാ പിഞ്ഞാ പറഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ ചോദ്യം ചെയ്യാനാണ് ഭാവമെങ്കില്‍ മറുപടി പറയാന്‍ സൗകര്യമില്ലെന്നും വാര്‍ത്തയ്ക്കു വേണ്ടി തന്നെ ഇരയാക്കുകയാണെന്നും വെള്ളാപ്പള്ളി ആലപ്പുഴ പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ വെള്ളാപ്പള്ളി പറഞ്ഞു. ബെല്‍ചിറ്റ്‌സ് ക്രമക്കേട്, മെക്രോഫിനാന്‍സ് എന്നിവയിലെ ആരോപണങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറിയ വെള്ളാപ്പള്ളി ബിജെപിയെ വെള്ളപൂശുകയും ചെയ്തു. പശുവിറച്ചി താന്‍ കഴിക്കാറുണ്ടെന്നും ഇനിയും കഴിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആരോപണങ്ങള്‍ തനിക്കു ശക്തി പകരുകയാണ്. ആരോപണവിധേയമായ മൈക്രോഫിനാന്‍സിലെ സ്ത്രീകളുടെ പിന്തുണ തനിക്കുണ്ട്. ബെല്‍ ചിട്ടിത്തട്ടിപ്പിനെക്കുറിച്ച് മറുപടി പറയാന്‍ താനില്ല. തനിക്കു പല ബിസിനസും ഉണ്ട്. അതു മാധ്യമങ്ങളോടു പറയേണ്ട ആവശ്യമില്ല. പ്രസ്‌ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് ഭാവമെങ്കില്‍ മറുപടി പറയാന്‍ സൗകര്യമില്ല. ചോദിക്കുന്നതിനെല്ലാം ഉത്തരം പറയാന്‍ താന്‍ ബാധ്യസ്ഥനല്ല. ക്ഷണിച്ചിട്ടു വന്നതാണ്. താന്‍ ആരുടെ കൈയില്‍നിന്നും കോഴ വാങ്ങിയിട്ടില്ല. സംഭാവന വാങ്ങാറുണ്ട്. അതിന്റെയെല്ലാം കണക്കുമുണ്ട്. അതൊന്നും ചോദിക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകനും അവകാശമില്ല. ബെല്‍ചിറ്റ്‌സിനെക്കുറിച്ച് ഏത് അന്വേഷണം വേണമെങ്കില്‍ നടത്തട്ടെ. കൈരളി തനിക്കെതിരെ വാര്‍ത്ത കൊടുക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. – വെള്ളാപ്പള്ളി പറഞ്ഞു.
താന്‍ വേട്ടയാടപ്പെടുകയാണ്. ചെയ്യാത്ത തെറ്റിന് ക്രൂശിക്കാന്‍ ശ്രമിക്കുകയാണ്. തനിക്കു ലക്ഷ്മണരേഖ വരയ്ക്കാന്‍ ഒരു പാര്‍ട്ടിക്കും അവകാശമില്ല. തങ്ങള്‍ സംഘടിച്ചാല്‍ സുനാമി വരുമെന്ന രീതിയിലാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്നും എസ്എന്‍ഡിപി യാത്ര സംഘടിപ്പിച്ചപ്പോള്‍ ഇരു മുന്നണികളും സീറ്റ് വച്ചുനീട്ടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തവണ ഈഴവര്‍ക്കു സീറ്റ് നല്‍കി. മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും രാഷ്ട്രീയപാര്‍ട്ടികളാകാമെങ്കില്‍ എസ്എന്‍ഡിപിക്ക് എന്തുകൊണ്ടായിക്കൂടാ. എസ്എന്‍ഡിപി രാഷ്ട്രീയപരമായി നീങ്ങിയപ്പോഴാണ് എല്ലാവര്‍ക്കും പ്രശ്‌നം. പ്രധാനമന്ത്രിയെ കാണാന്‍ പോയത് അധികാരമുള്ളവരുടെ അടുത്തു കാര്യം പറയാന്‍ പോയതാണ്. തന്റെ സ്വന്തം കാര്യം പറയാനല്ല പോയത്. ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനത്തിന് വരണമെന്നാണ് മോദിയോട് പറഞ്ഞത്.
കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും സമുദായപാര്‍ട്ടികളാണ്. അതിലൊന്നും ആരും വര്‍ഗീയത കാണുന്നില്ല. ബിജെപിയോടു താന്‍ അടുപ്പം സ്ഥാപിച്ചപ്പോള്‍ മാത്രമാണ് കുറ്റക്കാരനായത്. ബിജെപി ഹിന്ദുപാര്‍ട്ടിയാണെന്ന് എങ്ങനെ പറയാന്‍ പറ്റും. മന്ത്രിസഭയില്‍ മുസ്ലിംകളും ക്രൈസ്തവരുമുണ്ട്. കശ്മീരില്‍ ഭരണം പങ്കിടുന്നത് ആരുമായിട്ടാണ്. താന്‍ ബിജെപിയോടു അല്‍പം ബന്ധം കാണിച്ചപ്പോള്‍ വിമര്‍ശനങ്ങേറി. വിമര്‍ശനങ്ങള്‍ ഉയന്നത് തനിക്കു പബ്ലിസിറ്റി കൂട്ടുകയാണ് ചെയ്തത്.
ദാരിദ്ര്യം അനുഭവിക്കുന്ന കിടപ്പാടമില്ലാത്ത നിരവധിപേരുണ്ട്. അവര്‍ക്ക് കിടക്കാന്‍ ഭൂമി നല്‍കണമെന്നാണ് താന്‍ പ്രധാനമന്ത്രിയോടു പറഞ്ഞത്. എസ്എന്‍ഡിപിയെ ഒരു എന്‍ജിഒക്കു സമാനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ചെയ്യാത്ത തെറ്റിന് തന്നെ ശിക്ഷിക്കാന്‍ പലപ്പോഴും ശ്രമമുണ്ടായിട്ടുണ്ട്. രക്ഷിച്ചതിന് ശേഷം വേണം ശിക്ഷിക്കാന്‍. നീതി നിഷേധിക്കപ്പെടുമ്പോഴാണ് ജാതീയത ഉടലെടുക്കുന്നത്. മതേതരമായി മാറാനുള്ള ശ്രമമാണ് എസ്എന്‍ഡിപി നടത്തുന്നത്. ഇതുവരെ രാഷ്ട്രീയ നയമൊന്നും എടുത്തിട്ടില്ല. സീറ്റു തരുന്നവരുടെ ഒപ്പം മത്സരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തു മതേതരമാണ് എല്ലാ പാര്‍ട്ടിയും- വെള്ളാപ്പള്ളി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here