കടല്‍ക്കരയില്‍ ഒഴിവ് ദിനം എന്ന് പറഞ്ഞാണ് സൂസന്‍ ജോര്‍ജ്ജ് ക്ഷണിച്ചത്. പക്ഷേ ഒഴിവ് വിനോദം രാഷ്ട്രീയ ചര്‍ച്ചയാകാന്‍ അധികം സമയം വേണ്ടിവന്നില്ല. സൂസന്‍ ദില്ലി കേന്ദ്രീകരിച്ച മാധ്യമപ്രവര്‍ത്തക ആയതിനാലാകാമത്. തോളില്‍ കൈയ്യിട്ട് കപ്പലണ്ടി കൊറിക്കുന്നതിനിടെ സൂസനാണ് ടാബിലെ എഫ്ബി പേജില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്തയുടെ മെസ്സേജ് അലര്‍ട്ട് കാട്ടിയത്. മൂന്ന് ദിവസം മുമ്പത്തെ മെസേജിന്റെ മറുപടി. ബിഹാര്‍ തെരഞ്ഞെടുപ്പ് തിരക്ക് എന്ന പരാമര്‍ശം കണ്ടപ്പോ എന്നെ കവിളില്‍ ഞോണ്ടി മാറ്റി സൂസന്‍ തന്നെയാണ് ചോദ്യത്തിന് തുടക്കമിട്ടത്. 15 മിനിട്ടിലധികം ശേഖര്‍ ഗുപ്തയുമായി സംവദിച്ചതിലെ രത്‌നചുരുക്കമാണ് തലക്കെട്ട്.
അമിത്ഷായോ നിതീഷോ?
ആരാവും മുഖ്യമന്ത്രി എന്ന് ചോദിക്കാനാണ് ഞാന്‍ തുനിഞ്ഞത്. അപ്പോഴേക്കും കപ്പലണ്ടി എന്റെ വായില്‍ തിരുകി സൂസന്‍ ജോര്‍ജ്ജ് ചോദ്യം തിരുത്തി. ‘ശേഖര്‍ജീ, തെരഞ്ഞെടുപ്പ് ആര്‍ക്കാണ് പ്രസ്റ്റീജ്?’ ബീഹാര്‍ തെരഞ്ഞെടുപ്പ് രണ്ടുപേരില്‍ ഒരാളുടെ രാഷ്ട്രീയ വനവാസത്തിന് കാരണമാകും. കാരണം മത്സരത്തിന്റെ ഗതി നിശ്ചയിക്കുന്നത് അമിത്ഷായുടേയും നിതീഷ് കുമാറിന്റെയും തന്ത്രങ്ങള്‍. എന്‍ഡിഎ വീണാല്‍ 2016 ജനുവരിയിലെ ദേശീയ അധ്യക്ഷപദവിതുടര്‍ച്ച ഷായ്ക്ക് ബാലികേറാമലയാകും. ദില്ലിക്ക് ശേഷമുളള മറ്റൊരു വീഴ്ച എതിരാളികളുടെ വാളിനെ ഇരുതല മൂര്‍ച്ചയുളളതാക്കും. അത് മറ്റാരെക്കാളും നന്നായി അറിയുന്നതും അമിത്ഷായ്ക്കു തന്നെ. അതുകൊണ്ടാണ് 24 മണിക്കൂറും തന്റെ മാത്രമായ ബ്രിഗേഡിയര്‍ ക്യാമ്പില്‍ പ്രചാരണത്തിന് ഷാ നേരിട്ട് നേതൃത്വം നല്‍കുന്നത്. മഹാസംഖ്യം പരാജയപ്പെട്ടാല്‍ പിന്നെ നിതീഷ്‌കുമാര്‍ എന്ന രാഷ്ട്രീയക്കാരന്‍! മാത്രവുമല്ല അടുത്ത 20 വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖം എങ്ങനെയാവും എന്ന പ്രവചനവും ബീഹാര്‍ നല്‍കും. അടുത്ത മൂന്നു വര്‍ഷത്തിനിടെ നടക്കാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ രൂപപ്പെടുത്തേണ്ട പ്രചാരണ തന്ത്രങ്ങളുടെ ബ്ലൂപ്രിന്റാണ് ബീഹാറെന്ന രാഷ്ട്രീയ കളരിയില്‍ പരീക്ഷിക്കപ്പെടുന്നത്. ബീഹാറില്‍ അമിത്ഷാ ‘മതം’ എന്ന മന്ത്രം ഉപേക്ഷിച്ച് ‘ജാതി’ എന്ന മഹാമന്ത്രത്തെ ശക്തമായി ഉരുവിടുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ജാതി സ്വപ്നങ്ങള്‍ നെയ്തുകൂട്ടി മുന്നണികള്‍
സ്വദേശിവാദവും ജാതിസമവാക്യവും ബീഹാറിന്റെ തെരഞ്ഞെടുപ്പ് മണ്ണില്‍ അതിശക്തമായ സാന്നിധ്യമാകുന്നെന്ന് ശേഖര്‍ ഗുപ്ത. നിതീഷിന്റെ ബീഹാറി ഓര്‍ ബാഹ്‌റി എന്ന ചോദ്യത്തില്‍ എന്‍ഡിഎ തട്ടിവീണു എന്ന് തെളിയിക്കുന്നതാണ് പ്രചാരണബോര്‍ഡുകളില്‍ നിന്നും മോദിയേയും ഷായേയും വേഗം നീക്കം ചെയ്ത് സംസ്ഥാന നേതാക്കളെ ഉള്‍പ്പെടുത്തിയതെന്നും
ശേഖര്‍ജി.
15% മഹാദളിത്, 14.7% മുസ്ലീം, 14.4% യാദവര്‍, 7.1% ബനിയ, 6.4% കൊയറി, 5.7% ബ്രാഹ്മിന്‍, 5.2% രജപുത്, 5% കുറുമി, 4.7% ഭൂമിഹര്‍ ഈ ശക്തികളെ കേന്ദ്രീകരിച്ചാണ് തന്ത്രങ്ങള്‍.
പുതിയസമവാക്യത്തില്‍ ആരൊക്കെ എവിടെ എന്ന പഴയ കണക്കുകൂട്ടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ശേഖര്‍ ഗുപ്ത. ജാതികളെ കൂട്ടിച്ചേര്‍ക്കാനും അതുപോലെ എത്രമാത്രം പിരിക്കാമോ അതിനൊക്കെയും ആവശ്യമായ കുടിലതന്ത്രങ്ങള്‍ അതത് പ്രാദേശികതലങ്ങളില്‍ അപ്പപ്പോള്‍ രൂപപ്പെടുത്തുന്നു ഓരോ കക്ഷിയും; രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തത്രയും അപകടകരമായ രീതിയില്‍. ഈ തന്ത്രമല്ലേ കേരളത്തിലും പരീക്ഷപ്പെടുന്നതെന്ന സംശയം സൂസന്‍ ജോര്‍ജ് ഉയര്‍ത്തിയപ്പോള്‍ അവരുടെ കണ്ണുകളില്‍ ഒന്നു നോക്കാനേ എനിക്ക് സാധിച്ചുളളൂ.
(NDA) BJP + LJP + RLSP = 39% വോട്ട് ; (മഹാസഖ്യം) JD(U) + RJD + INC + NCP = 46% വോട്ട്.
7% വോട്ടിന്റെ കുറവ്. അത് അതിജീവിച്ച് നിതീഷ്‌കുമാറിനെ ഇറക്കിവിട്ട് പണ്ട് ചായസത്കാരം ഉപേക്ഷിച്ചതിന് പകരംവീട്ടി തന്റെ എല്ലാമെല്ലാമായ മോദിക്ക് മഗധ രാജ്യവും തലസ്ഥാനം പാടലീപുത്രവും സമ്മാനിക്കാന്‍ ഷായുടെ ‘ജാതി’ മഹാമന്ത്രത്തിന് കഴിയുമോ ? കഴിഞ്ഞാല്‍ 171/243 ഫലമെന്ന് ശേഖര്‍ജി. കഴിഞ്ഞ പാര്‍ലമെന്റ് ഫലമാണ് അദ്ദേഹത്തിന് കൂട്ട്. മറിച്ചായാല്‍ 85 ലേക്ക് എന്‍ഡിഎ റോക്കറ്റ് കൂപ്പുകുത്തും. പിന്നെ 2016 ജനുവരിയില്‍ ഷായെ സംരക്ഷിക്കാന്‍ സാക്ഷാല്‍ മോദിക്കും ആകില്ല.
മാഞ്ചി-പപ്പു ദ്വയം
നിതീഷിന്റെ അടുപ്പക്കാരനായിരുന്ന ജിതന്‍ റാം മാഞ്ചിയും ലാലുപ്രസാദിന്റെ മാനസപുത്രനായിരുന്ന പപ്പുയാദവും അമിത്ഷായ്ക്ക് എത്രകണ്ട് പ്രയോജനപ്പെടും?
15% മഹാദളിതര്‍, 14.4% യാദവര്‍ ബാക്കി പിന്നാക്കശക്തികള്‍; ശത്രുവിന്റെ ശത്രു മിത്രം എന്ന ഷാ യുടെ ആപ്തവാക്യത്തിനപ്പുറം എന്‍ഡിഎയ്ക്ക് അടിസ്ഥാനമാകാന്‍ ഇരുവര്‍ക്കുമാകുമോ?
കടുത്തമത്സരമുളള യാദവ ശക്തി മേഖലകളില്‍ മഹാസഖ്യത്തിന്റേത് യാദവ സ്ഥാര്‍ത്ഥിയാണെങ്കില്‍ യാദവേതര സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ മത്സരിപ്പിക്കണംഎന്ന നിലപാടില്‍ പ്രാദേശിക നേതാക്കന്‍മാര്‍ നെറ്റി ചുളിച്ചപ്പോള്‍ തീരുമാനം നടപ്പാക്കാനായിരുന്നു ഷായുടെ നിര്‍ദ്ദേശം: ‘ജാതി’ മന്ത്രത്തിലെ ഷാ തന്ത്രം. സ്വദേശിവാദവും സുഷമവസുന്ധരചൗഹാന്‍ അഴിമതിയും, മോദിയുടെ 1.25 ലക്ഷംകോടിയെ കവച്ച് വച്ച് 2.70 ലക്ഷംകോടിയുടെ പാക്കേജുമായി മറുതന്ത്രങ്ങള്‍ മെനഞ്ഞ് നിതീഷ് കുമാര്‍. ഭാവി രാഷ്ട്രീയഇന്ത്യ വര്‍ത്തമാനകാല ബീഹാറിനെ ഉറ്റു നോക്കുകയാണ് ; പുതിയ രാഷ്ട്രീയ പാഠങ്ങള്‍ക്കായി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here