നിയമനിര്‍മ്മാണ സഭ, നിര്‍വഹണ വിഭാഗം, നീതിന്യായ വിഭാഗം എന്നിവയ്ക്ക് സ്വതന്ത്രമായ നിലനില്‍പ്പും അധികാരങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്നു. സുപ്രീം കോടതികളിലേയും ഹൈക്കോടതികളിലേയുംജഡ്ജിമാരുടെ നിയമനത്തിനായി രൂപീകരിച്ച ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമവും ചര്‍ച്ച ചെയ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. ജുഡീഷ്യറിയുടെ സ്വതന്ത്രമായ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെട്ടുവെന്ന ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നിയമന കമ്മീഷന്‍ നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി പരിഗണിച്ചത്. ജുഡീഷ്യല്‍ നിയമനങ്ങള്‍ ജുഡീഷ്യറി മാത്രം തീരുമാനിച്ചാല്‍ പോരാ, ജനകീയമായ പരിശോധന കൂടി ആവശ്യമാണെന്ന് വിമര്‍ശനങ്ങളും സൂചിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ കാവലാളുകള്‍ നിരത്തുന്ന വാദങ്ങളും പ്രതിവാദങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്.
സുപ്രീം കോടതി പറഞ്ഞത്
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം ഭരണഘടനാ വിരുദ്ധമെന്നാണ് സുപ്രീം കോടതിയുടെ വിധി. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സംവിധാനം തുടരാമെന്നും ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധിച്ചു. ഹര്‍ജിക്കാരായ സുപ്രീംകോടതി അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്റെ വാദങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. അഞ്ചംഗ ബഞ്ചില്‍ ഒരംഗം വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി. കേസ് കൂടുതല്‍ പരിഗണനയ്ക്കായി നവംബര്‍ മൂന്നിലേക്ക് മാറ്റി.
സുപ്രീം കോടതി അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോഡ് അസോസിയേഷന്‍ ഹര്‍ജിക്കാരായ 1993ലെ രണ്ടാം ജഡ്ജസ് കേസില്‍ സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍ കൂടി ഈ കേസില്‍ പരിശോധിച്ചു. ഭരണഘടനയുടെ 124, 217, 222 ആര്‍ട്ടിക്കിളുകള്‍ പ്രകാരം ജഡ്ജിമാരുടെ നിയമനത്തില്‍ ജുഡീഷ്യറിയുടെ നിലപാടിനാണ് മുന്‍ഗണന. ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ എക്‌സിക്യൂട്ടീവ് തീരുമാനമെടുക്കേണ്ടതില്ല. ഭരണഘടനാ തത്വമായ അധികാര വികേന്ദ്രീകരണം ജഡ്ജിമാരുടെ നിയമനത്തില്‍ ജുഡീഷ്യറിയ്ക്കുള്ള അധികാരത്തില്‍ വ്യക്തത വരുത്തുന്നുണ്ട്. ജഡ്ജിമാരുടെ നിയമനത്തില്‍ കൃത്യമായി വിലയിരുത്താന്‍ കഴിയുന്നതും നിര്‍ദ്ദേങ്ങള്‍ നല്‍കാനാവുന്നതും ജുഡീഷ്യറിയുടെ പ്രതിനിധിയായ ചീഫ് ജസ്റ്റിസിന് മാത്രമാണ്. നിയമനക്കാര്യത്തില്‍ ജുഡീഷ്യറിയ്ക്കുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന ജുഡീഷ്യറിയുടെ പരമാധികാരത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും ഭാഗമാണെന്നും ഒന്ന്, രണ്ട് ജഡ്ജസ് കേസുകളിലും പ്രസിഡന്റിന്റെ റഫറന്‍സിലും സുപ്രീം കോടതി നിലപാടെടുത്തു. സമാന നിരീക്ഷണങ്ങള്‍ തന്നെയാണ് ഈ കേസിലും സുപ്രീം കോടതി നടത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ വാദം
കൊളീജിയം സംവിധാനത്തിന്റെ പരിമിതികള്‍ പരിഹരിക്കാനാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വാദം. രണ്ട് പതിറ്റാണ്ടിലധികം കാലമായി നിലനില്‍ക്കുന്ന കൊളീജിയം സംവിധാനത്തില്‍ പരിമിതികളുണ്ട്. അതിനാല്‍ പുതിയ ജനകീയ നിയമന സംവിധാനം നിലവില്‍ വരണം. രാജ്യസഭയുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. ലോക്‌സഭയും 20 സംസ്ഥാനങ്ങളും ബില്‍ അംഗീകരിച്ചതാണെന്നും ജനങ്ങളുടെ നിലപാടിന്റെ ഭാഗമാണ് നിയമമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെല്ലാം അഞ്ചംഗ ഭരണഘടനാ ബഞ്ച് തള്ളി.
എതിര്‍വാദം
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഹര്‍ജിക്കാരായ സുപ്രീംകോടതി അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോഡ് കോടതിയെ അറിയിച്ചു. ഭരണഘടനയുടെ 124, 217, 224, 224 (എ) ആര്‍ട്ടിക്കിളുകളില്‍ വരുത്തിയ 99-ാം ഭരണഘടനാ ഭേദഗതി നിലനില്‍ക്കുന്നതല്ല. നിയമം ജുഡീഷ്യറിയുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ്. ജുഡീഷ്യറിയുടെ സ്വതന്ത്രതയെ ബാധിക്കുന്നതാണ് നിയമന്നെും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.
ഭരണഘടന നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന ഘടനെ മാറ്റിമറിക്കുന്നതാണ് നിയമമെന്ന് അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോഡ് സുപ്രീം കോടതിയെ അറിയിച്ചു. കൊളിജിയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കുന്നതല്ല പുതിയ നിയമം. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തിന് നിയമം പ്രാമുഖ്യം നല്‍കുന്നില്ല. ആറംഗ കമ്മീഷനില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കില്‍ പരിഹരിക്കാനാവില്ല. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് അഭിപ്രായം എഴുതി അറിയിക്കുക മാത്രമേ നിവൃത്തിയുള്ളൂവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. കേസില്‍ കക്ഷിയായിരുന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ജുഡീഷ്യല്‍ നിയമന നിയമത്തെ എതിര്‍ത്തു.
ജഡ്ജിമാരുടെ നിയമനം
സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും നിയമനം, ആക്ടിംഗ് ജസ്റ്റിസുമാരുടെ നിയമനം, വിരമിച്ച ജഡ്ജിമാരുടെ നിയമനം തുടങ്ങിയവ യഥാക്രമം ആര്‍ട്ടിക്കിള്‍ 124 (2), 217, 224, 224 (എ) എന്നിവയില്‍ നിര്‍വചിക്കുന്നു. ഭരണഘടനയുടെ 124-ാം ആര്‍ട്ടിക്കിളിന്റെ 2-ാം അനുച്ഛേദമനുസരിച്ചാണ് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലേയും ജഡ്ജിമാരുടെ നിയമനം. ജഡ്ജിമാരുടെ നിയമനത്തിനുള്ള രാഷ്ട്രപതിയുടെ അധികാരം, ജഡ്ജിമാരുടെ പ്രായ പരിധി, രാജി തുടങ്ങിയ കാര്യങ്ങള്‍ അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നു. സമാന ആശയങ്ങളുള്ള ആര്‍ട്ടിക്കിളുകളില്‍ 99-ാം ഭരണഘടനാ ഭേദഗതിയനുസരിച്ചാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം പാര്‍ലമെന്റ് പാസാക്കിയത്.
ജുഡീഷ്യല്‍ നിയമന കമ്മീഷന്റെ ഘടന
സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന അംഗവും ഉള്‍പ്പടെ ജുഡീഷ്യറിയില്‍ നിന്ന് രണ്ട് പേര്‍. പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും മറ്റ് രണ്ട് അംഗങ്ങള്‍. ഇവര്‍ക്കു പുറമേ പൊതു സമൂഹത്തില്‍ നിന്ന് രണ്ട് പേര്‍. ഈ രണ്ട് പേരെ തെരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അടങ്ങുന്ന മൂന്നംഗ സമിതി. പൊതു മണ്ഡലങ്ങളില്‍ നിന്നുള്ള രണ്ട് പേരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അവ്യക്തത.
വിമര്‍ശനത്തിന്റെ കാതല്‍
ജുഡീഷ്യല്‍ നിയമന കമ്മീഷനില്‍ ജുഡീഷ്യറിയേക്കാള്‍ പ്രാമുഖ്യം മറ്റുള്ളവര്‍ക്ക് ലഭിക്കും എന്നായിരുന്നു പ്രധാന ആക്ഷേപം. ജഡ്ജിമാരുടെ നിയമനം തീരുമാനിക്കപ്പെടേണ്ടത് ജുഡീഷ്യറിയാണെന്നാണ് വിമര്‍ശനപക്ഷം. ജഡ്ജിമാരുടെ നിയമന നിര്‍ദ്ദേങ്ങള്‍ എക്‌സിക്യൂട്ടിവിന്റെയും പൊതുമണ്ഡലത്തിന്റെയും പ്രതിനിധികള്‍ ചോദ്യം ചെയ്താല്‍ മറ്റൊരു തീരുമാനമെടുക്കേണ്ടിവരും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറയുന്ന നിയമനം നടക്കില്ലെന്നും വിമര്‍ശിക്കപ്പെട്ടു. ജുഡീഷ്യല്‍ നിയമനങ്ങളില്‍ രാഷ്ട്രീയ കൈകടത്തലിന് വഴിയൊരുക്കുമെന്നും വിമര്‍ശനമുയര്‍ന്നു.
ജുഡീഷ്യറിയുടെ പ്രാമുഖ്യം കുറയുകയും എക്‌സിക്യൂട്ടീവ് മുന്‍ഗണന ലഭിക്കുകയും ചെയ്യുന്നതുവഴി ജുഡീഷ്യല്‍ റിവ്യൂവിനെയും ബാധിക്കും. കൊളീജിയം സംവിധാനത്തില്‍ അപാകതകള്‍ ഉണ്ട്. നിയമന കമ്മീഷന്‍ ഇതിന്റെ തുടര്‍ച്ചയാവുകയും മറ്റൊരു പരാജിത സംവിധാനമായി മാറുകയും ചെയ്യുമെന്നുമാണ് മറ്റ് വിമര്‍ശനങ്ങള്‍.
ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്‍എം ലോധ ഉന്നയിച്ച വിമര്‍ശനവും പ്രസക്തമാണ്. ജുഡീഷ്യറിയ്ക്ക് മേല്‍ പാര്‍ലമെന്റും എക്‌സിക്യൂട്ടീവും കൈവയ്‌ക്കേണ്ടതില്ലെന്ന് ആര്‍എം ലോധ തുറന്നടിച്ചു. ഭരണഘടന ഉറപ്പുവരുത്തുന്ന ജുഡീഷ്യറിയുടെ സ്വാതന്ത്രമ്മീഷ്യം നിയമന കമ്മീഷന്‍ നിയമത്തോടെ ഇല്ലാതാകും എന്നായിരുന്നു ലോധയുടെ പക്ഷം. നിയമന കമ്മീഷനിലെ ജുഡീഷ്യല്‍ അംഗങ്ങള്‍ അല്ലാത്തവരുടെ രാഷ്ട്രീയവും പ്രധാന ഘടകമാണെന്നത് ജുഡീഷ്യറി നേരത്തെതന്നെ മുന്നോട്ട വച്ച വിമര്‍ശനമാണ്.
നിയമ നിര്‍മ്മാണം വഴി അധികാരത്തിന്റെ അതിരുകള്‍ ലംഘിക്കപ്പെടുമെന്നാണ് രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്ക്കിടെ സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് സീതാറാം യെച്ചൂരിയും വ്യക്തമാക്കിയത്. പാര്‍ലമെന്റില്‍ അവതരിപ്പിക്കും മുന്‍പ് പൊതുസമൂഹത്തിന്റെ അഭിപ്രായം തേടണമെന്ന് അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോഡും ആവശ്യപ്പെട്ടിരുന്നു. ബില്ലിന്റെ ഉപജ്ഞാതാക്കളായ യുപിഎ സര്‍ക്കാരും തുടര്‍ന്ന് അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാരും ഈ വിമര്‍ശനങ്ങള്‍ മുഖവിലയ്ക്ക് എടുത്തില്ല.
മുന്‍ സംവിധാനങ്ങളുടെ ചരിത്രം
ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്തത് അനുസരിച്ച് എക്‌സിക്യൂട്ടീവിനായിരുന്നു ജഡ്ജിമാരുടെ നിയമന അധികാരം. പിന്നീട് നിയമനാധികാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനാ വിഷയമായി. 1993 മുതല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും നാല് മുതിര്‍ന്ന ജഡ്ജിമാരും അടങ്ങുന്ന ഉള്‍പ്പെടുന്ന കൊളീജിയത്തിന്റെ പരിധിയിലായി. ചീഫ് ജസ്റ്റിസിന് നിയമന – സ്ഥലംമാറ്റ അധികാരം ഉണ്ടെന്ന് എസ്പി ഗുപ്ത കേസില്‍ (ഒന്നാം ജഡ്ജസ് കേസ്) ഭരണഘടനാ ബഞ്ച് 1981ല്‍ നിരീക്ഷിച്ചു.
നിയമന കമ്മീഷന്‍ നിയമത്തിന്റെ രാഷ്ട്രീയം
1980ല്‍ മുതിര്‍ന്ന മൂന്ന് ജഡ്ജിമാരെ മറികടന്ന് ജസ്റ്റിസ് എഎന്‍ റായിയെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് പ്രതിഷ്ഠിച്ചു. കേശവാനന്ദ ഭാരതി, ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപഴ്‌സ് കേസുകളില്‍ കേന്ദ്രത്തിന് അനുകൂലമായ നിലപാട് എടുത്തതിന് പ്രത്യുപകാരമാണ് എഎന്‍ റായിയുടെ ചീഫ് ജസ്റ്റിസ് പദവിയെന്ന് ആക്ഷേപമുയര്‍ന്നു.
പോയ വര്‍ഷങ്ങളിലും ഇപ്പോഴും സുപ്രീം കോടതിയുടെ മുന്നിലെത്തിയത് അഴിമതിയുടെ കറപുരണ്ട കേസുകളാണ്. 2ജി സ്‌പെക്ട്രം, കള്ളപ്പണ നിക്ഷേപം, കല്‍ക്കരി അഴിമതി തുടങ്ങിയ കേസുകളില്‍ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചു. കേസുകളില്‍ കേന്ദ്രത്തിന് ഏല്‍ക്കേണ്ടിവന്നത് നിരവധി രൂക്ഷ വിമര്‍ശനങ്ങളാണ്. ജഡ്ജിമാരുടെ നിയമനത്തില്‍ കൈകടത്തുക വഴി വിമര്‍ശനങ്ങളുടെ മൂര്‍ച്ച കുറയ്ക്കാം എന്ന ചിന്തയുടെ ഉറവിടം ഇത്തരം കേസുകളാണ്. നിയമന കമ്മീഷനിലെ സാന്നിധ്യം വഴി ജുഡീഷ്യറിയെ വരുതിയില്‍ നിര്‍ത്താമെന്ന് എക്‌സിക്യൂട്ടീവിന്റെയും പാര്‍ലമെന്റിന്റെയും ഭാഗമായവര്‍ കരുതിയിട്ടുണ്ടാകും.
നിയമന കമ്മീഷന്റെ വരവ്
2005ല്‍ ഇംഗ്ലണ്ടില്‍ നിലവില്‍വന്ന ഭരണഘടനാ പരിഷകരണ നിയമവും ഇന്ത്യയിലെ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമത്തിലേക്കുള്ള വഴികാട്ടിയെന്ന് പറയാം. ജുഡീഷ്യല്‍ നിയമനം എന്ന ആശയത്തില്‍ മാത്രമാണ് ഇന്ത്യയിലേയും ഇംഗ്ലണ്ടിലേയും നിയമങ്ങള്‍ തമ്മിലുള്ള സാമ്യം. ഇന്ത്യന്‍ നിയമത്തില്‍ ജുഡീഷ്യറിയുടെ സാന്നിധ്യം നാമമാത്രം. ഇംഗ്ലണ്ടിലെ ജെഎസിയില്‍ പതിനഞ്ചംഗ സമിതിയില്‍ ഭൂരിപക്ഷവും ജുഡീഷ്യറിയില്‍ നിന്ന് തന്നെയുള്ളവരാണ്. മറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ക്കും ജെഎസിയില്‍ അംഗത്വം. ഇന്ത്യന്‍ നിയമത്തില്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ട് ജസ്റ്റിസുമാര്‍ക്കാണ് സ്ഥാനം. ഇംഗ്ലണ്ടില്‍ നിയമമേഖലയില്‍ താഴേത്തട്ടിലുള്ളവര്‍ മുതല്‍ ചീഫ് ജസ്റ്റിസുവരെ സമിതിയില്‍ അംഗമാണ്. ജുഡീഷ്യറിയ്ക്ക് പരമാധികാരം നല്‍കുന്നതും ജുഡീഷ്യല്‍ നിയമനത്തില്‍ സുതാര്യത നല്‍കുന്നതുമാണ് ഇംഗ്ലണ്ടിലെ ജെഎസി നിയമം.
വിധിയിന്മേലുള്ള പ്രതികരണങ്ങള്‍
ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം റദ്ദാക്കിയ വിധിയിന്മേല്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ജൂഡീഷ്യറിയില്‍നിന്നും നിയമനിര്‍മാണ സഭാംഗങ്ങളില്‍ നിന്നും ഉയര്‍ന്നത്. മുന്‍ ചീഫ് ജസ്റ്റിസ്, റിട്ടയേഡ് ജഡ്ജിമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍, തുടങ്ങിയവര്‍ വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങളും സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ളവരും രാഷ്ട്രീയ പ്രവര്‍ത്തകരും വിധിയെ വിമര്‍ശിക്കുന്നു.
ജനങ്ങളുടെ അഭിപ്രായത്തെയാണ് കോടതി തള്ളിയതെന്നാണ് കേന്ദ്ര നിയമമന്ത്രി ഡിവി സദാനന്ദ ഗൗഡ പ്രതികരിച്ചത്. ലോക്‌സഭയിലേയും രാജ്യസഭയിലേയും എല്ലാ അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു. 20 സംസ്ഥാനങ്ങളും ബില്ലിനെ അനുകൂലിച്ച് അഭിപ്രായം അറിയിച്ചു. തുടര്‍ന്നാണ് കമ്മീഷന്‍ നിയമമായത്. വിധി പരിശോധിച്ച ശേഷം പ്രതികരികരിക്കാമെന്നും നിയമമന്ത്രി പ്രതികരിച്ചു.
നിയമം നിര്‍മ്മിക്കാനുള്ള നിയമന നിര്‍മ്മാണ സഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് വിധിയിലൂടെ സംഭവിച്ചതെന്ന് സര്‍ക്കാര്‍ വിമര്‍ശിക്കുന്നു. പാര്‍ലമെന്റിന്റെയും ജനങ്ങളുടെയും ഉദ്യേശത്തെ കോടതി തള്ളിപ്പറഞ്ഞു. വിധി തിരിച്ചടിയാണെന്നും ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നു.
ഞങ്ങള്‍ ഞങ്ങളെ തീരുമാനിക്കും എന്ന ജുഡീഷ്യറിയുടെ നിലപാട് അംഗീകരിക്കാവുന്നതല്ലെന്നാണ് പാര്‍ലമെന്റംഗവും ലോ ആന്റ് ജസ്റ്റിസ് പാര്‍ലമെന്ററി സമിതി അംഗവുമായ ഡോ. എ സമ്പത്ത് എംപി പറയുന്നത്. ജുഡീഷ്യറിയ്ക്ക് ആരോടാണ് ബാധ്യത. ജഡ്ജിമാര്‍ക്ക് ജനകീയ പരിശോധനയില്ല. അതിന് അതീതരാണ് ഞങ്ങള്‍ എന്നതാണ് ജുഡീഷ്യറിയുടെ നിലപാട്. വേണ്ടപ്പെട്ട ആളിനെ ജഡ്ജിയാക്കാത്തതിനാല്‍ നിരവധി ഒഴിവുകള്‍ ഇപ്പോഴും വിവിധ ഹൈക്കോടതികളിലുണ്ട്. യുപിഎസ്‌സി നിയമനം വരെ സര്‍ക്കാരാണ് നടത്തുന്നത്. ഇതുവരെ അപാകതയോ വിമര്‍ശനമോ ഇല്ല. പിന്നെ എന്തിന് ജുഡീഷ്യറി മാത്രം ഇതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും ഡോ. എ സമ്പത്ത് ചോദിക്കുന്നു. മദ്രാസ് സര്‍ക്കാരിനെതിരായ എകെ ഗോപാലന്‍ കേസില്‍ പോലും ഒരു ജഡ്ജി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിയോജിപ്പാണ് ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു. ഈ കേസിലും ഒരു ജഡ്ജി വിധിന്യായത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. അതും ശരിയാണെന്ന് പിന്നീട് തെളിയിക്കപ്പെടുമെന്നുമാണ് ഡോ. എ സമ്പത്ത് എംപി പറഞ്ഞത്.
ജസ്റ്റിസുമാരുടെ നിയമനത്തില്‍ ജനാധിപത്യം കൊണ്ടുവരേണ്ടതുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കാളീശ്വരം രാജ് പറഞ്ഞു. നിയമനത്തില്‍ സുതാര്യത ആവശ്യമാണ്. ജഡ്ജിമാരുടെ നിയമനത്തില്‍ വസ്തു നിഷ്ഠമായ തെരഞ്ഞെടുപ്പ് വേണം. ഇക്കാര്യത്തില്‍ ലോക മാതൃകകള്‍ പരിശോധിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്നുമാണ് കാളീശ്വരം രാജിന്റെ നിലപാട്.
നിയമം ഭരണഘടനാ വിരുദ്ധം തന്നെയെന്ന് വിധിയെ സ്വാഗതം ചെയ്ത് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമസ് കബീര്‍ പറഞ്ഞു. റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം പ്രധാനമാണ്. അത് നഷ്ടപ്പെടുത്തുന്നതാണ് നിയമന കമ്മീഷന്‍ നിയമം. നിയമത്തിലൂടെ ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടാകും. കൊളീജിയത്തിലെ ജുഡീഷ്യല്‍ അംഗങ്ങളുടെ എണ്ണം കൂട്ടുകയാണ് വേണ്ടെതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍. രാഷ്ട്രീയ ചായ്‌വില്ലാത്തവരാണ് ജഡ്ജിമാരെന്നുമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞത്.
വിലയിരുത്തേണ്ടതെന്ത്
നിയമന കമ്മീഷനിലെ രാഷ്ട്രീയ താല്‍പര്യത്തിനെയാണ് ജുഡീഷ്യറി തുടക്കത്തിലേ വെട്ടിയത്. ബില്‍ രാജ്യസഭ പാസാക്കിയ അവസരത്തില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ആര്‍എം ലോധ പരസ്യവിമര്‍ശനം ഉന്നയിച്ചു. ജുഡീഷ്യറിയുടെ പരമാധികാരത്തില്‍ പാര്‍ലമെന്റും എക്‌സിക്യൂട്ടീവും കൈകടത്തരുതെന്ന് ആര്‍എം ലോധ തുറന്നടിച്ചു. ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന് നടത്തിയ ആര്‍എം ലോധയുടെ വിമര്‍ശനം ജുഡീഷ്യറിയുടെ മനസിലെന്ത് എന്ന് വ്യക്തമാക്കുന്നതായിരുന്നു. അതിന് അനുസൃതമായ നിലപാടാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സ്വീകരിച്ചത്. നിയമന കമ്മീഷന്‍ നിയമമായ ശേഷം കേസ് പരിഗണിക്കാമെന്ന നിലപാട് നിയമത്തിന്റെ സാധുത പരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ അവകാശം വിനിയോഗിക്കാന്‍ ആയിരുന്നു.
ഏറ്റവും ഒടുവില്‍ സോളിസിറ്ററുടെ വാദങ്ങള്‍ തള്ളിയപ്പോഴും ഭരണഘടനാ ബഞ്ച് ഉയര്‍ത്തിപ്പിടിച്ചത് ജുഡീഷ്യറിയുടെ പരമാധികാരമെന്ന വാദമാണ്. അതിനാല്‍ തന്നെ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം ഭരണഘടനാ വിരുദ്ധമെന്ന സുപ്രീംകോടതി വിധി ജുഡീഷ്യറിയുടെ ചെറുത്തുനില്‍പ്പായി വേണം കരുതേണ്ടത്.
ജനാധിപത്യ രാഷ്ട്രത്തില്‍ ജനാധിപത്യ നിലപാടുകള്‍ക്ക് ഭരണഘടന തന്നെ അംഗീകാരം നല്‍കുന്നു. ജൂഡീഷ്യറി മാത്രം ഇതില്‍ നിന്നും ഭിന്നരാകേണ്ടതുണ്ടോ എന്നത് ചര്‍ച്ച ചെയ്യപ്പെടണം. വിമര്‍ശനങ്ങള്‍ നിറഞ്ഞ കൊളീജിയം തുടരുകയും നിയമന കമ്മീഷന്‍ നിയമം ചാപിള്ളയാവുകയും ചെയ്തതോടെ സമാന്തര സംവിധാനത്തെപ്പറ്റി ചിന്തിച്ചു തുടങ്ങണം. ജനാധിപത്യത്തിന്റെ കാവലാളുകള്‍ സമരസപ്പെടുമ്പോള്‍ മാത്രമാകും വിജയിക്കപ്പെടുന്ന ഒരു സംവിധാനം നിലവില്‍ വരിക. നിയമ നിര്‍മ്മാണ സഭയ്ക്ക് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുമ്പോള്‍ ജുഡീഷ്യറി വഴങ്ങുമോയെന്നും കാത്തിരുന്നുതന്നെ കാണണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here