കെഎസ്ആർടിസി ഭൂമി പാലാ നഗരസഭാ ചെയർമാന് റോഡിനായി നൽകാൻ നീക്കം; 32 സെന്റ് ഭൂമി വിട്ടുനൽകുന്ന മാസ്റ്റർ പ്ലാനിന്റെ പകർപ്പ് പീപ്പിൾ ടിവിക്ക്

കോട്ടയം: ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിന്റെ മറവിൽ കെഎസ്ആർടിസി ഭൂമി സ്വകാര്യവ്യക്തിക്ക് റോഡിനായി നൽകാൻ നീക്കം. കെഎസ്ആർടിസിയുടെ കോടികൾ വിലമതിക്കുന്ന പാലായിലെ ഭൂമിയാണ് പാലാ നഗരസഭാ ചെയർമാന്റെ പറമ്പിലേക്ക് റോഡ് നിർമ്മിക്കാൻ സൗജന്യമായി വിട്ട് നൽകുന്നത്. വഴിക്കായി 32 സെന്റ് വിട്ടുനൽകുന്നതിന്റെ വിവരങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാനിന്റെ പകർപ്പ് പീപ്പിൾ ടിവിക്ക് ലഭിച്ചു.

ധനമന്ത്രി കെഎം മാണിയുടെ എംഎൽഎ ഫണ്ടിൽ നിന്നുൾപ്പെടെയുള്ള 20 കോടി രൂപ മുടക്കിയാണ് പാലായിൽ കെഎസ്ആർടിസിക്കായി ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നത്. ഇതിന്റെ മറവിലാണ് നഗരസഭാ ചെയർമാന്റെ ഭൂമിയിലേയ്ക്ക് റോഡ് നിർമ്മിക്കാൻ കെഎസ്ആർടിസിയുടെ 32 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകുന്നത്. വഴിയ്ക്കായി 12 അടി വീതീയിലുള്ള റോഡ് നിർമ്മിക്കാൻ 32 സെന്റ് വിട്ടുനൽകുന്നതിന്റെ വിവരങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാൻ പകർപ്പ് പീപ്പിൾ ടിവിയ്ക്ക് ലഭിച്ചു.

പാലാ കെഎസ്ആർടിസി സ്റ്റാൻഡിന്റെ പുറകിലായി കേരളാ കോൺഗ്രസ് മാണിഗ്രൂപ്പ് നേതാവും നഗരസഭാ ചെയർമാനുമായ കുര്യാക്കോസ് പടവൻ എന്ന പിസി കുര്യാക്കോസ്, അമ്മ പെണ്ണമ്മ, ബന്ധു ഗ്രേസിക്കുട്ടി ജോസഫ് എന്നിവരുടെ പേരിൽ 96/15/1, 96/4/3, എന്നീ സർവേ നമ്പറുകളിൽ ഒരു ഏക്കർ 13 സെന്റ് ഭൂമിയുണ്ട്. ഇവിടേയ്ക്ക് എത്താൻ വഴിയൊരുക്കുന്നതിനാണ് യുഡിഎഫ് ഭരണത്തിന്റെ മറവിൽ കെഎസ്ആർടിസി ഭൂമി സൗജന്യമായി നൽകാൻ നീക്കം നടക്കുന്നത്.

പാലാ നഗരത്തിൽ അടുത്തിടെ സർക്കാർ ഭൂമി ഏറ്റെടുത്തത് സെന്റിന് 4 ലക്ഷം രൂപ നിരക്കിലാണ്. ആ കണക്ക് പ്രകാരം കെഎസ്ആർടിസിയിൽ നിന്ന് സൗജന്യമായി വിട്ടുനൽകുന്ന ഭൂമിക്ക് ഒരു കോടി 28 ലക്ഷം രൂപ വിലമതിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here