തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തുമായി പിടിയിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘവുമായി നടിമാര്‍ക്കും മോഡലുകള്‍ക്കും ബന്ധമെന്നു സൂചന. സംഘത്തലവന്‍ കവടിയാര്‍ സ്വദേശി ഉണ്ണികൃഷ്ണന്റെ മൊബൈല്‍ ഫോണില്‍നിന്നു നിരവധി നടിമാരുടെയും മോഡലുകളുടെയും നമ്പരുകള്‍ ആശയവിനിമയം നടത്തിയതിന്റെ രേഖകളും കണ്ടെടുത്തു.
പിടിച്ചെടുത്ത നമ്പരുകളില്‍ ചില പേരെടുത്ത താരങ്ങളുടേതുമുണ്ടെന്നാണ് സൂചന. ഭൂരിഭാഗവും എക്‌സ്ട്രാ നടിമാരുടെയും മോഡലുകളുടേതുമാണ്. നിരവധി കോളജ് വിദ്യാര്‍ഥിനികളും സംഘത്തിന്റെ ഭാഗമായുണ്ടെന്നാണ് വിവരം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവരാണ് ഇവര്‍. എസ്‌കോര്‍ട്ടിംഗ് സര്‍വീസ് എന്ന പേരിലാണ് ഇടപാടുകാര്‍ക്കു പെണ്‍കുട്ടികള്‍ക്കു നല്‍കിയിരുന്നത്. എസ്‌കോര്‍ട്ടിംഗ് സര്‍വീസ് പെണ്‍വാണിഭത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല.
എസ്‌കോര്‍ട്ട് എന്ന പേരില്‍ അയയ്ക്കുന്ന പെണ്‍കുട്ടികളെ വിവിധയിടങ്ങളിലെ ഫഌറ്റുകളിലേക്കും റിസോര്‍ട്ടുകളിലേക്കുമാണ് എത്തിച്ചിരുന്നത്. റാം എസ്‌കോര്‍ട്ടിംഗ് ഏജന്‍സി എന്ന പേരിലായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. പെണ്‍കുട്ടികളെ മാത്രമല്ല പുരുഷന്‍മാരെയും സംഘം നല്‍കിയിരുന്നതായാണ് സൂചന. സ്ത്രീകള്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കുമാണ് മെയില്‍ എസ്‌കോര്‍ട്ടുകളെ നല്‍കിയിരുന്നതെന്നും ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു. നിരവധി പേരാണ് ഇത്തരത്തിലും സംഘത്തിന്റെ ഭാഗമായുള്ളതെന്നറിയുന്നു. ഇവരും പൊലീസ് നിരീക്ഷണത്തിലാണ്.
ഒരു ഇടപാടിന് അയ്യായിരം മുതല്‍ പതിനായിരം രൂപവരെയായിരുന്നു ഉണ്ണികൃഷ്ണന്റെ കമ്മീഷന്‍. തിരുമല സ്വദേശിയായ യുവതിയാണ് ഇടപാടുകള്‍ക്ക് ഇടനിലക്കാരിയായിരുന്നത്. ഇവരാണ് പെണ്‍കുട്ടികളെയും സ്ത്രീകളെയും സംഘത്തിലേക്ക് എത്തിച്ചുകൊടുത്തിരുന്നത്. അഞ്ചുവര്‍ഷമായി ഉണ്ണികൃഷ്ണനും ഈ യുവതിയും പെണ്‍വാണിഭം നടത്തുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ബിസിനസ് സ്ഥാപനങ്ങള്‍ക്കും അവരുടെ അതിഥികള്‍ക്കും എസ്‌കോര്‍ട്ടുകളെ നല്‍കിയതായും വ്യക്തമായിട്ടുണ്ട്. ഇവെന്റ് മാനേജ്‌മെന്റ് രംഗത്തു പ്രവര്‍ത്തിക്കുന്നതായാണ് സംഘത്തിന്റെ ഭാഗമായിരുന്ന പെണ്‍കുട്ടികള്‍ പുറത്തുപറഞ്ഞിരുന്നത്. യാത്രകള്‍ക്കും പലയിടങ്ങളില്‍ തങ്ങുന്നതിനും ഇതാണ് നല്ലതെന്ന് ഉണ്ണികൃഷ്ണന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഇവെന്റ് മാനേജ്‌മെന്റ് അണെന്നു കരുതി ആളുകളും സംശയിച്ചിരുന്നില്ല.
കടബാധ്യതയുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് മുഖ്യമായും സംഘം വശത്താക്കിയിരുന്നത്. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ആദ്യം ചെറിയ തുകകള്‍ നല്‍കി സഹായിച്ചിരുന്നത് തിരുമല സ്വദേശിനിയാണ്. പിന്നീട് കൂടുതല്‍ പണം നല്‍കാന്‍ ആളുകളോടൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങും. ഒന്നോ രണ്ടോ വട്ടം ഇടപാടു കഴിഞ്ഞു സംഘത്തില്‍നിന്നു പിന്‍മാറാന്‍ ശ്രമിച്ചാല്‍ ഒരു തവണ കൂടി സഹകരിക്കണമെന്നു പറയും. ഇതു തന്ത്രത്തില്‍ വീഡിയോയില്‍ പകര്‍ത്തുകയും പിന്നീട് ഇതു കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്യുകയുമാണ് ചെയ്യുക. പലരും ഇത്തരത്തില്‍ സംഘത്തിന്റെ പിടിയില്‍ കുടുങ്ങുകയായിരുന്നു. പിന്‍വാങ്ങുന്നവരുടെ വീഡിയോകള്‍ പലതും ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തതായും സംഘത്തിലുള്ളവര്‍ പൊലീസിനോടു പറഞ്ഞിട്ടുണ്ട്.
അതീവരഹസ്യമായിരിക്കണം അന്വേഷണമെന്നാണ് നിര്‍ദേശം. ഒരു വിവരവും മാധ്യമങ്ങള്‍ക്കു ചോരാതെ നോക്കാനും അന്വേഷണ ഉദ്യോഗസ്ഥന്‍ ഐജി എസ് ശ്രീജിത്തിന് നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ വേറെയും സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ടിംഗ് സര്‍വീസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് നിയമപ്രശ്‌നം. അതിനാല്‍, പിടിയിലായ പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസിന്റെ തുടര്‍നടപടികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here