പതഞ്ജലി മഹര്‍ഷിക്കറിയാത്ത ‘ജലസമാധി’ വിദ്യ; ശാശ്വതീകാനന്ദയുടെ മരണം ജലസമാധിയാക്കുന്ന സൂക്ഷ്മാനന്ദയ്ക്കു തിരോധാനസമാധിയെ ഭയമാണോ? സ്വാമി വിശ്വഭദ്രാനന്ദശക്തിബോധിയുടെ ലേഖനം

saswathikananda

ശഃശരീരനായ ഡോ. സുകുമാര്‍ അഴീക്കോട് ഇടയ്‌ക്കെങ്കിലും വളരെ ആദരവോടെ പേരെടുത്ത് പരാമര്‍ശിക്കാറുള്ള ഒരു സന്ന്യാസിയാണ് സ്വാമി സൂക്ഷ്മാനന്ദ! അതുകൊണ്ടുതന്നെ സൂക്ഷ്മാനന്ദ എന്ന ശിവഗിരി സ്വാമിയെ സാംസ്‌കാരിക കേരളത്തോടൊപ്പം ഈ ലേഖകനും അല്‍പ്പസ്വല്‍പ്പം കാര്യഗൗരവത്തോടെ കേള്‍ക്കാനും വായിക്കുവാനും തയ്യാറായിട്ടുണ്ട്. എന്നാല്‍, ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമായ മുങ്ങിമരണത്തില്‍ ഒട്ടും ദുരൂഹത ഇല്ലെന്നും ശാശ്വതീകാനന്ദയുടേത് ‘ജലസമാധി’യായിരുന്നു എന്നും ചില ചാനലുകളില്‍ സ്വാമി സൂക്ഷ്മാനന്ദ ഈയിടെ പ്രസ്താവിക്കുന്നത് കണ്ടപ്പോള്‍ പേരിലുള്ള ‘സൂക്ഷ്മത’ കാര്യങ്ങള്‍ വിശകലനം ചെയ്തു ഗ്രഹിക്കുന്നതില്‍ അദ്ദേഹത്തിനില്ലെന്ന തോന്നലാണുണ്ടായത്.

ധര്‍മ്മം എന്തെന്നും അധര്‍മ്മം എന്തെന്നും നന്നായി അറിയാവുന്ന ഭീഷ്മരും ദ്രോണരും ഒക്കെ ദ്രൗപദിയെ ദുര്യോധനാജ്ഞ പ്രകാരം ദുശ്ശാസനന്‍ വസ്ത്രാക്ഷേപം ചെയ്യുന്നത് കണ്ടിട്ടും ചെറുവിരലനക്കാന്‍പോലും തയ്യാറാകാതിരുന്നത്, ധന, സ്ഥാന മോഹങ്ങളെക്കൊണ്ടായിരുന്നു! ഇത്തരത്തിലുള്ള എന്തെങ്കിലും സ്ഥാപിത താല്‍പ്പര്യങ്ങളാണോ സതീര്‍ഥ്യനായ സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമായ മുങ്ങിമരണത്തെ ‘ജലസമാധി’ തന്നെ എന്നു പറഞ്ഞ് വെള്ളപൂശാന്‍ സ്വാമി സൂക്ഷ്മാനന്ദയെ പ്രേരിപ്പിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല! ഇത്തരം തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തം സ്വാമി സൂക്ഷ്മാനന്ദ കാണിക്കേണ്ടതുണ്ട്! അതിന് കുറഞ്ഞപക്ഷം ‘ജലസമാധി’ എന്നതുകൊണ്ട് സ്വാമി സൂക്ഷ്മാനന്ദ ഉദ്ദേശിക്കുന്നതെന്താണെന്നു അദ്ദേഹം വിശദീകരിക്കുവാന്‍ മുന്നോട്ടുവരണം!

ആസനം, പ്രാണായാമം, ധ്യാനം, സമാധി എന്നീ യോഗജീവിത സാധ്യമായ സിദ്ധികളെ സംബന്ധിച്ചൊക്കെ കൂലങ്കഷമായി പ്രതിപാദിക്കുന്ന ഏറ്റവും പ്രാമാണികമായ ഗ്രന്ഥം പതഞ്ജലി മഹര്‍ഷിയുടെ യോഗ സൂത്രമാണ്! ഇതേ കാര്യങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം വസിഷ്ഠ മഹര്‍ഷി ശ്രീരാമനു ഉപദേശിച്ചതെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള യോഗവാസിഷ്ഠവുമാണ്! ഈ രണ്ട് പ്രാമാണിക ഗ്രന്ഥങ്ങളിലും ‘ജലസമാധി’ എന്നൊരു സമാധി സമ്പ്രദായത്തെപ്പറ്റി പറഞ്ഞിട്ടേയില്ല! പതഞ്ജലിയുടെ ‘യോഗസൂത്ര’ത്തില്‍ രണ്ടുതരം സമാധികളെപ്പറ്റിയേ പ്രതിപാദിച്ചിട്ടുള്ളു. അതിലൊന്ന് സബീജ സമാധി എന്നറിയപ്പെടുന്നു! രണ്ടാമത്തേത് നിര്‍ബീജ സമാധിയാണ്.

യോഗവാസിഷ്ഠത്തിലും ഈ രണ്ടു യോഗസമാധികളെപ്പറ്റി മാത്രമേ രസകരമായ കഥകളിലൂടെ സവിസ്തരം വിവരിച്ചുകാണുന്നുള്ളു! ഈ പ്രാമാണിക ഗ്രന്ഥങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍, സ്വാമി സൂഷ്മാനന്ദയുടെ ‘ജലസമാധി’ എന്ന പ്രയോഗത്തിനു അടിസ്ഥാനം കണ്ടെത്താനാകുന്നില്ലെന്ന് വിനയത്തോടെയും അതേസമയം ഗൗരവതരമായ ഉത്തരവാദിത്തത്തോടെയും ചൂണ്ടിക്കാണിക്കേണ്ടിവരുന്നു. എല്ലില്ലാത്ത നാവുകൊണ്ട് എന്തും പുലമ്പുന്നത് സ്വഭാവമാക്കുന്ന വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവര്‍ ശാശ്വതീകാനന്ദയുടെ ദുരൂഹമായ മരണത്തെ ‘ജലസമാധി’ എന്നൊക്കെ വിശേഷിപ്പിച്ച് കയ്യടി നേടാന്‍ ശ്രമിക്കുന്നത് ആരും അത്ര ഗൗരവമായി എടുക്കുന്നില്ല. എന്നാല്‍ അറിവും അനുഭവവും ആധ്യാത്മിക വിഷയങ്ങളില്‍ ഉണ്ടെന്നു പൊതുജനങ്ങള്‍ വിശ്വസിച്ചുവരുന്ന സ്വാമി സൂക്ഷ്മാനന്ദയെപ്പോലുള്ളവര്‍ മുങ്ങിമരണത്തെ ‘ജലസമാധി’ എന്നൊക്കെ വിശേഷിപ്പിക്കുന്നതുകേട്ടാല്‍, അങ്ങനെയൊരു സമാധിരീതി ഉണ്ടെന്നും അതറിയാവുന്ന സന്ന്യാസി ശ്രേഷ്ഠനായിരുന്നു സ്വാമി ശാശ്വതീകാനന്ദ എന്നുമൊക്കെ ജനങ്ങള്‍ തെറ്റിദ്ധരിക്കും! അത്തരം തെറ്റിദ്ധാരണകള്‍ കാവിയുടുത്ത് ആധ്യാത്മിക ജീവിതം നയിക്കുന്ന ഒരാളില്‍ നിന്നു പൊതുജനങ്ങള്‍ക്കിടയില്‍ വളരുവാന്‍ ഇടവരരുത്. അതിനാലാണ് ഏത് പ്രമാണഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് സ്വാമി ശാശ്വതീകാനന്ദ മുങ്ങി മരണപ്പെട്ട ദാരുണസംഭവത്തെ ‘ജലസമാധി’ തന്നെ എന്ന് സ്വാമി സൂക്ഷ്മാനന്ദ തീര്‍ച്ചപ്പെടുത്തിയത് എന്ന് ആവര്‍ത്തിച്ചു ചോദിക്കുന്നത്!

ഇക്കാര്യം വ്യക്തമാക്കാന്‍ സ്വാമി സൂക്ഷ്മാനന്ദ തയ്യാറാകണം! പതഞ്ജലി മഹര്‍ഷിക്കുപോലും അറിവില്ലാത്ത ഏതെങ്കിലും സവിശേഷ യോഗമുറ ഉപയോഗിച്ച് തോന്നുമ്പോള്‍ ഇഹലോകവാസം വെടിയാനുള്ള ‘ജലസമാധി’ വിദ്യ സ്വാമി ശാശ്വതീകാന്ദയ്ക്കു വശമുണ്ടായിരുന്നു എന്നാണോ സ്വാമി സൂക്ഷ്മാനന്ദയുടെ അഭിപ്രായം? ആണെങ്കില്‍ അക്കാര്യവും സൂക്ഷ്മാനന്ദ വ്യക്തമാക്കണം. എന്തായാലും സ്വാമി ശാശ്വതീകാനന്ദയോട് വല്ലാത്ത അടുപ്പം ഉണ്ടായിരുന്ന സ്വാമി പ്രീതാത്മാനന്ദയ്ക്ക് ശാശ്വതീകാനന്ദയുടെ ദേഹവിയോഗം യാദൃശ്ചികമായ അപകടമരണം ആയിരുന്നില്ലെന്നും മറിച്ച് ആസൂത്രിതമായ കൊലപാതകമായിരുന്നെന്നും ഉറച്ച സംശയം ഉണ്ടായിരുന്നു! സംശയദുരീകരണത്തിനു ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ടു കഴിയാവുന്നതെല്ലാം ചെയ്യാന്‍ സ്വാമി പ്രീതാത്മാനന്ദ ശ്രമിച്ചിരുന്നു! ഇക്കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ ഒട്ടൊക്കെ പുറത്തുവന്നിട്ടുള്ളതുമാണ്.

പക്ഷെ, സംഭവിച്ചത് എന്താണ്? ഇപ്പോള്‍ സ്വാമി പ്രീതാത്മാനന്ദയെപ്പറ്റി യാതൊരു വിവരവും ഇല്ല. വര്‍ഷങ്ങളായി അദ്ദേഹത്തെ കാണാനില്ല! നന്നായി നീന്തലറിയാമായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ സംശയാസ്പദമായ മുങ്ങിമരണത്തെ ‘ജലസമാധി’ എന്ന കളിപ്പീരു പ്രയോഗം കൊണ്ട് വിശുദ്ധീകരിക്കുവാന്‍ ശ്രമിക്കുന്ന കുടിലബുദ്ധികള്‍, ഭാവിയില്‍ പ്രീതാത്മാനന്ദയുടെ തിരോധാനത്തെ ‘തിരോധാനസമാധി’ എന്ന പേരിട്ടു ആധ്യാത്മികവല്‍ക്കരിച്ചേക്കാനും ഇടയുണ്ട്! ഇത്തരം കുടില നടപടികള്‍ക്ക് വക്കാലത്തു പിടിക്കുവാന്‍ സ്വാമി സൂക്ഷ്മാനന്ദയെപ്പോലുള്ളവര്‍ കെട്ടിയൊരുങ്ങി പുറപ്പെടുന്നത് അത്യന്തം അപഹാസ്യമാണ്. സ്വാമി ശാശ്വതീകാനന്ദയുടേത് സന്ന്യാസിമാര്‍ക്ക് പതിവുള്ള സമാധിയോ സാധാരണക്കാര്‍ക്ക് സംഭവിക്കാറുള്ള അപായമരണമോ ആയിരുന്നില്ലെന്നു ഉറച്ച ബോധ്യമുണ്ടായിരുന്ന സ്വാമി പ്രീതാത്മാനന്ദയെ കാണാതായതുപോലൊരനുഭവം 2006 ല്‍ ഗുജറാത്തിലെ സ്വാമി അവധൂതാനന്ദയ്ക്കും ഉണ്ടായിട്ടുണ്ട്!

നരേന്ദ്രമോഡി ബ്രഹ്മചാരിയല്ല, വിവാഹിതനാണെന്ന കാര്യം രേഖാസഹിതം ചൂണ്ടിക്കാട്ടി ഒരു പത്രസമ്മേളനം നടത്തി ആഴ്ചകള്‍ക്കകമാണ് സ്വാമി അവധൂതാനന്ദയെ കാണാതായത്! സത്യം പുറത്തുകൊണ്ടുവരുവാന്‍ ചങ്കൂറ്റത്തോടെ ശ്രമിക്കുന്ന ‘സ്വാമി’മാര്‍ക്ക് ഇത്തരം ‘തിരോധാന സമാധി’ അടയേണ്ടിവരും എന്ന ഭയമാണോ സ്വാമി സൂക്ഷ്മാനന്ദയെക്കൊണ്ട് ‘ജലസമാധി’ വാദം പറയിപ്പിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ചേകന്നൂര്‍ മൗലവി വധം, സിസ്റ്റര്‍ അഭയ വധം എന്നിവയുടെ ചുരുളഴിക്കുവാന്‍ ഇനിയും സാധിക്കാത്തതുപോലൊരു ദുരവസ്ഥ, സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തേയും ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. കൊലപാതക രാഷ്ട്രീയത്തോളം തന്നെ അപലപനീയമായ കൊലപാതക മതാത്മകതയും നമ്മുടെ നാട്ടില്‍ നിലവിലുണ്ടെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്!

നമ്മള്‍ കൊലപാതക രാഷ്ട്രീയത്തെ മാത്രം വിചാരണ ചെയ്താല്‍ പോരാ; കൊലപാതക മതാത്മകതയേയും വിചാരണ ചെയ്യണം. അത്തരം വിചാരണകളെ ‘ജലസമാധി’ പോലുള്ള ഭാഷാ പ്രയോഗങ്ങള്‍ കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിക്കുന്നതുപോലെ വങ്കത്തമാണ്! അത്തരം വങ്കത്തങ്ങള്‍ വെള്ളാപ്പള്ളിമാരില്‍ നിന്നല്ലാതെ സൂക്ഷ്മാനന്ദമാരില്‍ നിന്നു പ്രബുദ്ധകേരളം അഭിലഷിക്കുന്നില്ല!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News