ലണ്ടന്റെ സമയസൂചിക ബിഗ്‌ബെന്‍ നിലച്ചു; അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: 1858 മുതല്‍ ലണ്ടന്‍ നഗരത്തിന്റെ അഭിമാനത്തിന്റെയും പ്രൗഡിയുടെയും മാത്രമല്ല, സമയത്തിന്റെ സൂചിക കൂടിയാണ് ബിഗ്‌ബെന്‍ ക്ലോക് ടവര്‍. അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായാണ് ബിഗ്‌ബെന്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയത്. ബിഗ്‌ബെന്നിന്റെ അറ്റകുറ്റപ്പണികള്‍ക്കായി മാത്രം 40 മില്യണ്‍ പൗണ്ട് ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതായത് ഏകദേശം 400 കോടി ഇന്ത്യന്‍ രൂപ. അറ്റകുറ്റപ്പണി എന്ന് തീര്‍ക്കാനാകും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം എന്നാണ് ബ്രിട്ടീഷ് ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടവറിന്റെ പലഭാഗങ്ങള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ക്ലോക്കിന്റെ പല ഉപകരണങ്ങളും തേഞ്ഞു തീരാറായി. ഏതു നിമിഷവും തകര്‍ന്ന വീഴാറായ അവസ്ഥയിലാണ് ബിഗ് ബെന്‍ എന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഗ് ബെന്‍ ഉടന്‍ അപകടാവസ്ഥയിലായത് വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തിന്റെ വടക്കേ അറ്റത്താണ് ബിഗ്‌ബെന്‍. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ക്ലോക്കിലെ സെക്കന്റ് സൂചിയുടെ വേഗത ഏഴ് സെക്കന്റ് മുന്നില്‍ ആണ് എന്ന് കണ്ടെത്തി. തുടര്‍ന്ന് പെന്‍ഡുലം ക്രമീകരിക്കുന്നതിന് ചില ഭാഗങ്ങള്‍ ക്ലോക്കില്‍ നിന്ന് നീക്കി. പക്ഷേ ക്ലോക്കിന്റെ വേഗത കുറഞ്ഞു.

2009ലാണ് എലിസബത്ത് ടവറില്‍ സ്ഥാപിച്ചിട്ടുള്ള ബിഗ്‌ബെന്‍ 150-ാം വാര്‍ഷികം ആഘോഷിച്ചത്. ഇരുമ്പില്‍ തീര്‍ത്ത ഡയലിന് മാത്രം 7 മീറ്റര്‍ നീളമുണ്ട്. 2.7 മീറ്റര്‍ അഥവാ 9 അടി നീളമുള്ളതാണ് ഇതിന്റെ മണിക്കൂര്‍ സൂചി. മിനിറ്റ് സൂചിയുടെ നീളം 14 അടി വരും. അതായത് 4.3 മീറ്റര്‍. 312 ഓപല്‍ ഗ്ലാസ് ഡയലില്‍ ഉപയോഗിച്ചിട്ടുണ്ട്. ലണ്ടന്‍ നഗരത്തിന്റെ ഏത് ഭാഗത്തുനിന്ന് നോക്കിയാലും സമയം അറിയാന്‍ കഴിയുന്ന രീതിയിലാണ് ക്ലോക് ടവറിന്റെ നിര്‍മാണം. ക്ലോക് ടവറിനുള്ളില്‍ സ്ഥാപിച്ച ഭീമന്‍ മണിയാണ് ബിഗ് ബെന്‍ എന്ന് അറിയപ്പെടുന്നത്. പിന്നീട് ക്ലോക്കിനും അതേ പേര് വീണു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്താണ് ബിഗ്‌ബെന്‍ ആദ്യം നിശ്ചലമായത്. 1916ല്‍ രണ്ട് വര്‍ഷത്തോളമാണ് ബിഗ്‌ബെന്‍ നിശബ്ദത പാലിച്ചത്. ജര്‍മ്മനിയുടെ രാത്രിയിലെ ആക്രമണം ചെറുക്കുന്നതിനാണ് ബിഗ്‌ബെന്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. രണ്ടാം ലോകമഹായുദ്ധ സമയത്തും ബിഗ്‌ബെന്‍ നിശബ്ദമായി. 2007ലാണ് ഇതിന് മുമ്പ് അവസാനമായി ബിഗ്‌ബെന്‍ നിര്‍ത്തിവെച്ചത്. അന്ന് അറ്റകുറ്റപ്പണികളുടെ ഭാഗമായി ആറ് ആഴ്ച ബിഗ്‌ബെന്നിന്റെ മണിശബ്ദം ലണ്ടന്‍ നഗരത്തിന് അന്യമായി. 2013 ഏപ്രില്‍ 17ന് മാര്‍ഗരറ്റ് താച്ചറിനോടുള്ള ആദരസൂചകമായാണ് ബിഗ്‌ബെന്‍ ഏറ്റവും ഒടുവില്‍ നിശബ്ദമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News