ശ്രീനഗർ: പശുക്കളെ കൊന്നെന്ന് ആരോപിച്ച് ഹിന്ദുത്വവാദികൾ യുവാവിനെ കൊന്നതിൽ പ്രതിഷേധിച്ച് നടക്കുന്ന ജമ്മുകാശ്മീർ ബന്ദ് പുരോഗമിക്കുന്നു. കാശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ അർദ്ധസൈനിക വിഭാഗങ്ങളെ ജമ്മുകാശ്മീരിൽ കേന്ദ്രം വിന്യസിച്ചു.
അതേസമയം, ലിബറേഷൻ ഫ്രണ്ട് യാസിൻ മാലിക് അടക്കമുള്ള വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് ശ്രീനഗറിലും അനന്ത്‌നാഗിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പശുക്കളെ കടത്തുകയാണെന്ന് ആരോപിച്ച് ഉധംപൂരിൽ ഹിന്ദുത്വവാദികൾ പെട്രോൾ ബോബെറിഞ്ഞതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവാവ് ഇന്നലെ മരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സംസഥാന വ്യാപകമായി ജമ്മുകാശ്മീരിൽ ഇന്ന് ലിബറേഷൻ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ബന്ദ് ആചരിക്കുന്നത്. ബന്ദിനോട് സഹകരിക്കുമെന്ന് വിവിധ സംഘടനകളും അറിയിച്ചിട്ടുണ്ട്. മൂന്ന് പശുക്കളെ ഷാഹിദ് ഭട്ട് എന്ന 16 വയസുകാരനായ യുവാവ് കൊന്നെന്ന് ആരോപിച്ചായിരുന്നു ഷാഹിദും സുഹൃത്തുക്കളും സഞ്ചരിച്ച ലോറിക്ക് നേരെ ഹിന്ദുത്വവാദികൾ പെട്രോൾ ബോംബ് എറിഞ്ഞത്. എന്നാൽ പശുക്കൾ ചത്തത് ഭക്ഷ്യവിഷബാധ കാരണമായിരുന്നെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു.
നിരപരാധിയായ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കാശ്മീർ താഴ്‌വരയിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും, ജമ്മു ശ്രീനഗർ ഹൈവേ അടപ്പിച്ച് ഗതാഗതം സ്തംഭിപ്പിക്കുമെന്നും ലിബറേഷൻ ഫ്രണ്ട് നേതാവ് യാസിൻ മാലിക് അറിയിച്ചു. കൊല്ലപ്പെട്ട ഷാഹിദിനൊപ്പം ഗുരുതരമായി പരുക്കേറ്റ സുഹൃത്ത് അഹമ്മദിന്റെ നിലയും അപകടാവസ്ഥയിൽ തുടരുകയാണ്.
സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ അർദ്ധസൈനിക വിഭാഗങ്ങളെ സംസ്ഥാനത്ത് കേന്ദ്രം വിന്യസിച്ചു.നൂറ് കണക്കിന് പോലീസുകാരാണ് സംഘർഷാവസ്ഥയെ തുടർന്ന് ഇന്നലെ മുതൽ കാശ്മീരിൽ ക്യാമ്പ് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here