എൻഎച്ച് 47 നിർമ്മാണ പ്രവർത്തനങ്ങളിൽ വീഴ്ച്ച; വർഷങ്ങളായി പണം പിരിക്കുന്ന കമ്പനി കരാർ ലംഘനം നടത്തിയെന്ന് പരാതി

തൃശൂർ: ദേശീയപാത നാൽപ്പത്തിയേഴിൽ മണ്ണൂത്തി മുതൽ ഇടപ്പള്ളി വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ കരാർ ഏറ്റെടുത്ത കമ്പനി അടിസ്ഥാന സൗകര്യ വികസനത്തിൽ വീഴ്ച്ച വരുത്തിയതായി കണ്ടെത്തൽ. മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച അഭിഭാഷക സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കമ്പനി കരാർ ലംഘനം നടത്തിയെന്ന പരാതിയെ തുടർന്നാണ് പാലിയേക്കര ടോൾ പ്ലാസയിൽ പരിശോധന നടത്തിയത്.

ദേശീയ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ കരാർ ഏറ്റെടുത്ത കമ്പനി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്ച്ച വരുത്തിയെന്നാണ് കണ്ടെത്തൽ. വർഷങ്ങളായി പാലിയേക്കര ടോൾ പ്ലാസയിൽ പണം പിരിക്കുന്ന കമ്പനി കരാർ ലംഘനം നടത്തിയെന്ന പരാതിയിലാണ് ഇക്കാര്യത്തിൽ അന്വേഷണം നടന്നത്. അഡ്വ. ജോർജ് പുളിക്കൻ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ അഡ്വ. എ. പ്രമോദിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷനാണ് ടോൾപ്ലാസയിൽ തെളിവെടുപ്പ് നടത്തിയത്.

കമ്പനി പ്രതിനിധികൾ, ദേശീയ പാതാ അഥോറിറ്റി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരിൽ നിന്നും കമ്മീഷൻ തെളിവെടുപ്പ് നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിൽ കമ്പനി വീഴ്ച്ച വരുത്തിയെന്ന് കണ്ടെത്തിയതായി ദേശിയപാത അഥോറിറ്റി കമ്മീഷനെ അറിയിച്ചു. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന വാദത്തിലാണ് കരാർ കമ്പനി. അവകാശ വാദങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ മണ്ണൂത്തി ഇടപ്പള്ളി പാതയിൽ പരിശോധന നടത്തിയ ശേഷമാവും അഭിഭാഷക സംഘം മനുഷ്യാവകാശ കമ്മീഷന് അന്തിമ റിപ്പോർട്ട് നൽകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News