ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു; സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താതെ 717 ഉദ്യോഗസ്ഥര്‍; രേഖകള്‍ പീപ്പിളിന്

കൊച്ചി: സ്വത്ത് വിവരം വെളിപ്പെടുത്താതെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു. അഴിമതി തടയാനുള്ള മാര്‍ഗം എന്ന നിലയില്‍ കൊണ്ടു വന്ന നിയമങ്ങളോടാണ് ഉദ്യോഗസ്ഥരുടെ അലംഭാവം. സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള സമയപരിധി പലവട്ടം നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് ഓശാന പാടുന്നു.

ഐഎഎുകാര്‍ക്കും ഐപിഎസുകാര്‍ക്കും എന്താ കൊമ്പുമ്പോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് പറയേണ്ടിവരും ഈ രേഖകളുടെ അടിസ്ഥാനത്തില്‍. ചട്ടപ്രകാരമുള്ള സമയപരിധി കഴിഞ്ഞ് ഒന്‍പത് മാസം പൂര്‍ത്തിയായിട്ടും രാജ്യത്തെ 358 ഐഎഎസുകാരും 413 ഐപിഎസുകാരും തങ്ങളുടെ സ്വത്ത് വിവരം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തെ ബോധിപ്പിച്ചിട്ടില്ല. ഇത് തെളിയിക്കുന്ന വിവരവകാശ രേഖ പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

ഇന്ത്യന്‍ സര്‍വ്വീസ് ചട്ടത്തിലെ പഴുതുകളടച്ചാണ് 2013ല്‍ ലോക്പാല്‍ നിയമം കൊണ്ടുവന്നത്. ഈ നിയമത്തിലെ 44-ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുമായി ബന്ധപ്പെട്ട സകല സ്വത്ത് വിവരങ്ങളുടെ വിശദമായ കണക്ക് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തെ ബോധിപ്പിക്കണം. ഈ വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധികരിക്കുകയും പരാതികളുണ്ടെങ്കില്‍ ജനത്തിന് അത് അറിയിക്കുന്നതിനുള്ള വിധത്തിലുമാണ് നിയമത്തിന് രൂപം നല്‍കിയിട്ടുള്ളത്. എന്നാല്‍ തങ്ങള്‍ക്ക് ഈ നിയമങ്ങളൊന്നും ബാധകമല്ലെന്ന തരത്തിലാണ് പല ഉദ്യോഗസ്ഥരും.

കേരള കേഡറില്‍ 149 ഐഎഎസുകാരില്‍ രണ്ട് പേരും 413 ഐപിഎസുകാരില്‍ 24 പേരുമാണ് സ്വത്ത് വിവരം വെളിപ്പെടുത്താത്തത്. ഉത്തര്‍ പ്രദേശില്‍ 1189 ഐഎഎസുകാരില്‍ 413 പേര്‍ സ്വത്ത് വിവരം നല്‍കിയിട്ടില്ലെന്ന് വിവരവകാശ രേഖയില്‍ പറയുന്നു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന മോഡി സര്‍ക്കാര്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറക്കുന്ന രീതിയില്‍ നിന്ന് മാറി ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് കാണിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News