ലഖ്‌നൗ: ഉത്തരേന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും ബലാത്സംഗങ്ങളും നാള്‍ക്കുനാള്‍ പെരുകി വരികയാണ്. പെണ്‍കുട്ടികള്‍ ഇരയാക്കപ്പെടുകയും കുറ്റംചെയ്യുന്നവര്‍ക്കെതിരേ നടപടികളുണ്ടാകാതിരിക്കുകയും ചെയ്യുന്നതും പതിവാകുന്നു. തന്നെ പിച്ചിച്ചീന്തിയ കാമവെറിയന്‍മാരായ ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരോടുള്ള പ്രതികരണത്തിലൂടെ രാജ്യത്തിനു മാതൃകയാണ് ഒരു പെണ്‍കുട്ടി. ആദ്യം സമൂഹത്തിന്റെ സമ്മര്‍ദത്തിന് വശംവദയായെങ്കിലും പിന്നീടു കാട്ടിയ ആര്‍ജവം തന്നെ ഉപദ്രവിച്ചവരെ ജയിലിലടയ്ക്കാതെ അടങ്ങില്ലെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ഈ പെണ്‍കുട്ടിയെ എത്തിച്ചത്. പെണ്‍കുട്ടിയെ നേരിട്ടു കണ്ടു ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ നിക്കോളാസ് ഡി ക്രിസ്‌റ്റോഫാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.
2012ല്‍ പതിമൂന്നുവയസുകാരിയായിരിക്കേയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരായ ചിലര്‍ പെണ്‍കുട്ടിയെ വയലില്‍കൊണ്ടുപോയി നഗ്നയാക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ക്രൂരത മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും സഹോദരനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഭയം മൂലം പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല.
കുറച്ചുനാളുകള്‍ക്കു ശേഷം പെണ്‍കുട്ടിയുടെ പിതാവ് ഒരു യുവാവ് മൊബൈല്‍ ഫോണില്‍ ക്രൂരതയുടെ ദൃശ്യങ്ങല്‍ കാണുകയുണ്ടായതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. ഈ വീഡിയോ അമ്പതു രൂപയ്ക്ക് പ്രദേശത്തെ ഒരാള്‍ പലര്‍ക്കും പകര്‍ത്തിക്കൊടുക്കുന്നതായും അറിയാന്‍ ഇടയായി. തന്നെ ഉപദ്രവിക്കരുതെന്നു പറഞ്ഞു പെണ്‍കുട്ടി കരയുന്നതും വീഡിയോയില്‍ ദൃശ്യമായിരുന്നു. പെണ്‍കുട്ടി കുറ്റക്കാരിയല്ലെന്നു വ്യക്തമായതോടെ പിതാവ് പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചു.
ആദ്യം കേസുമായി മുന്നോട്ടു പോകാന്‍ പൊലീസ് തയാറായില്ല. പുറമേ, പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്നു ഭ്രഷ്ട് കല്‍പിക്കാന്‍ ഉയര്‍ന്ന ജാതിക്കാരുടെ കൂട്ടായ്മ തീരുമാനിക്കുകയും ചെയ്തു. താന്‍ മോശം കുട്ടിയാണെന്നു ചിലര്‍ പ്രചരിപ്പിക്കുകയും താന്‍ സ്‌കൂളില്‍ പഠിച്ചാല്‍ അതു മറ്റുകുട്ടികളെ ബാധിക്കുമെന്ന് അവര്‍ പറഞ്ഞതായും പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.
പെണ്‍കുട്ടിയെ സ്‌കൂളില്‍ തിരികെ പ്രവേശിപ്പിക്കണമെന്നു നാട്ടുകാരില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും ഉയര്‍ന്ന ജാതിക്കാര്‍ ചെവിക്കൊണ്ടില്ല. പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തിനു ലഭിച്ചുകൊണ്ടിരുന്ന റേഷനും മറ്റും തടയാനും ശ്രമം നടന്നു. ഇതിനിടയില്‍, നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോള്‍ പൊലീസ് നാലു പേരെ അറസ്റ്റ് ചെയ്‌തെങ്കിലും പെട്ടെന്നുതന്നെ ജാമ്യത്തില്‍വിടുകയും ചെയ്തു.
ഈ സംഭവങ്ങളിലെ മാനസിക സംഘര്‍ഷം മൂലം പെണ്‍കുട്ടിയുടെ പിതാവ് മരിച്ചു. സഹോദരനാണെങ്കില്‍ ജീവഭയം കാരണം വീട്ടില്‍നിന്നു പുറത്തിറങ്ങാതായി. ഇതോടെ കുടുംബം പട്ടിണിയിലുമായി. അതിനിടയില്‍ പ്രശ്‌നം പരിഹരിക്കാനായി ഒരു ലക്ഷം രൂപ പെണ്‍കുട്ടിക്കു നല്‍കാമെന്ന വാഗ്ദാനവുമായി നാട്ടിലെ ഒരു വിഭാഗം പൗരപ്രമുഖരെത്തി. ആദ്യമായാണ് അത്രയും പണം ഒന്നിച്ചു കാണുന്നതെങ്കിലും പെണ്‍കുട്ടി വാങ്ങാന്‍ തയാറായില്ല. തന്നെ ഉപദ്രവിച്ചവരെ ജയിലിലടയ്ക്കാതെ പിന്‍വാങ്ങില്ലെന്ന നിലപാടില്‍ പെണ്‍കുട്ടി ഉറച്ചുനിന്നു.
ഉത്തരേന്ത്യയിലെ വനിതാസംരക്ഷണ പ്രവര്‍ത്തകയായ മാധവി കുക്കെര്‍ജയുടെ സഹായം ലഭിച്ചതോടെയാണ് പെണ്‍കുട്ടിയുടെ നിയമപ്പോരാട്ടത്തിന് ബലമേറി. കുക്കെര്‍ജയുടെ സഹായം ലഭിച്ചതോടെ കോടതിയെ സമീപിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. ബലാത്സംഗം ചെയ്യുക എന്നതു സമൂഹത്തിലെ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളെയും തളര്‍ത്തിയിടാനുള്ള മാര്‍ഗമായി ഉയര്‍ന്ന ജാതിക്കാര്‍ മാര്‍ഗമായി കാണുന്നുവെന്നും നിക്കോളാസിനോടു കുക്കെര്‍ജ പറഞ്ഞു. പെണ്‍കുട്ടിയുടെ നിയമപ്പോരാട്ടം ഏതാണ്ട് ജയിക്കാറായ നിലയിലാണ് ഇപ്പോള്‍.
അതിനിടെ, നിക്കോളാസ് നടത്തിയ ചില അന്വേഷണങ്ങള്‍ സമൂഹത്തിന്റെ ദുഷിച്ച ചിന്തകളെ പുറത്തേക്കു കൊണ്ടുവരികയും ചെയ്തു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തന്നെ ബലാത്സംഗം ചെയ്തയാളെ വിവാഹം ചെയ്യാന്‍ തയാറാകണമെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന ഒരാള്‍ക്ക് ആ പെണ്‍കുട്ടിയോട് ഇഷ്ടമുണ്ടായിരിക്കുമെന്നും അതിനാല്‍ വിവാഹം ചെയ്യുന്നതില്‍ തെറ്റില്ലെന്നും പലരും അഭിപ്രായപ്പെട്ടു. ഈ മനോഭാവത്തെയും നിക്കോളാസ് രൂക്ഷമായ രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്. ഈ പെണ്‍കുട്ടിയെപ്പോലെ കരുത്തുറ്റ മനസുള്ളവര്‍ ഇന്ത്യയില്‍ വളര്‍ന്നു വരണമെന്നു പറഞ്ഞുകൊണ്ടാണ് നിക്കോളാസ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here