ആദ്യ നീ തന്നെ

ആദ്യ നീതന്നെ, അന്ത്യയും നീതന്നെ,
ആയിരുന്നവള്‍, ആയിരിക്കുന്നവള്‍,
ആകുവാനിനിപ്പോകുവോള്‍ നീ, പിന്നെ
'അ' മുതല്‍ 'റ' വരെ നീ, അറിഞ്ഞു ഞാന്‍.
 
നിന്‍ വലംകൈയില്‍ അറിവിന്റെ കിന്നരം
നിന്‍ ഇടംകൈയില്‍ ഇളതന്റെ ജാതകം
നിന്റെ ഒരു പാതി ലോകം, അലോകങ്ങള്‍
നിന്റെ മറു പാതി, നീ അക്ഷരാത്മിക.
 
ആദിതൊട്ടു നീ ഞങ്ങളൊത്തുള്ളവള്‍,
പാതിയെത്തവേ അന്യയായ്പ്പോയവള്‍, 
പാതയില്‍ക്കണ്ട കാലടിപ്പാടുകള്‍
ചൂടിയ ചോരയോര്‍മ്മപ്പെടുത്തുവോള്‍.
 
നേരുതേടിക്കിളിപോലലഞ്ഞവള്‍,
നേരമില്ലാത്ത തീരങ്ങള്‍ പൂണ്ടവള്‍,
കാലമില്ലാത്ത കാലത്ത്, ദൂരങ്ങള്‍
തീരെയെത്താത്തിടം ബന്ദിയായവള്‍.
 
കണ്ടതും കണ്ടു കണ്ടങ്ങിരിപ്പതും
കാണുവാന്‍ നാളെയുണ്ടായിരിപ്പതും
കണ്ടറിയുവാനുള്ളോരു കണ്ണിനായ്
നിന്നെയോര്‍ത്തകക്കണ്‍ തുറക്കട്ടെ ഞാന്‍.
 
അകലെയാണു നിന്‍ നരകശിക്ഷാതടം
ഉടലെടുത്തവര്‍ ചെന്നുചേരാത്തിടം;
അവിടമണയാതെ തീരുമെന്‍ യാത്രകള്‍
അവിടമറിയുന്നതാക്കട്ടെ കവിതകള്‍.
 
തിരുമരണം കഴിഞ്ഞുയിര്‍ത്തേറ്റു നീ
വരവുകൊള്ളവേ പ്രളയമേഘങ്ങളില്‍
അരികിലുണ്ടാകവേണമെന്‍ പാട്ടുകള്‍,
ചിറകൊടിഞ്ഞും പറക്കുന്ന പക്ഷികള്‍.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News