തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് അര്‍ധരാത്രി ആരംഭിക്കും. കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ – സിഐടിയുവിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് പണിമുടക്ക്.
ദേശസാല്‍കൃത റൂട്ടുകളും സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകളും സംരക്ഷിക്കണം എന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളാണ് കെഎസ്ആര്‍ടിഇഎ – സിഐടിയു മുന്നോട്ട് വയ്ക്കുന്നത്. പുതിയ ബസുകള്‍ നിരത്തിലിറക്കി സര്‍വീസ് ഓപ്പറേഷന്‍ കാര്യക്ഷമമാക്കണമെന്നും പങ്കാളിത്ത പെന്‍ഷന്‍ വിഹിതവും എന്‍ഡിആര്‍ കുടിശ്ശികയും അടച്ചുതീര്‍ക്കണമെന്നും സിഐടിയു ആവശ്യപ്പെടുന്നു. കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, എംപാനല്‍ ദിവസവേതനം 500 രൂപയാക്കുക തുടങ്ങിയ മറ്റ് പ്രധാന ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്നു.
ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ പെര്‍മിറ്റ് അനുവദിക്കാനും സൂപ്പര്‍ക്ലാസ് പെര്‍മിറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി പെര്‍മിറ്റാക്കാനുമായി സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കി. സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന് വ്യാപക ആക്ഷേപമുയര്‍ന്നു. എന്നിട്ടും ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സിഐടിയു പ്രതിഷേധത്തെ തുടര്‍ന്ന് ഗതാഗത വകുപ്പ് മന്ത്രി അനുരഞ്ജനയോഗം വിളിച്ചു. ഉത്തരവ് പിന്‍വലിക്കണമെന്ന കര്‍ശന നിലപാടാണ് സിഐടിയു യോഗത്തില്‍ സ്വീകരിച്ചത്. അനുരഞ്ജന യോഗം തീരുമാനമാകാതെ പിരിഞ്ഞു.
കെഎസ്ആര്‍ടിസിയുടെ വരുമാനം കൂടിയെന്നും പ്രതിമാസ വരവും ചെലവും തമ്മിലുള്ള വ്യത്യാസം 42 കോടി രൂപയായി കുറഞ്ഞു എന്നുമാണ് ഗതാഗതമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ കണക്ക തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിഐടിയു പറയുന്നു. സെപ്തംബറില്‍മാത്രം വരവും ചെലവും തമ്മിലുള്ള വ്യത്യാസം 103 കോടി രൂപയാണ്. പുതിയ ബസുകള്‍ നിരത്തിലിറക്കാതെയും ഷെഡ്യൂളുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചും സര്‍വീസ് ഓപ്പറേഷന്‍ തകര്‍ത്തതോടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. ഇത് കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടി. താല്‍ക്കാലിക ജീവനക്കാരുടെ വേതനം സെപ്തംബറില്‍ വര്‍ധിപ്പിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ക്ഷാമബത്ത മാത്രം 33 ശതമാനം കുടിശ്ശിഖയുണ്ട്.
2013 ഏപ്രില്‍ ഒന്നിനുശേഷം നിയമനം ലഭിച്ച ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് എല്ലാ മാസവും പിടിച്ചെടുക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ വിഹിതം ഇതുവരെ പെന്‍ഷന്‍ഫണ്ടില്‍ നിക്ഷേപിച്ചിട്ടില്ല. പിഎസ്‌സി അഡൈ്വസ് ചെയ്ത നിയമനാര്‍ഥികള്‍ക്കുപോലും നിയമനം നല്‍കിയിട്ടില്ല. റൂട്ടുകളും പെര്‍മിറ്റുകളും സ്വകാര്യവല്‍ക്കരിച്ചു. ജീവനക്കാര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയില്ല. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരായാണ് സിഐടിയുവിന്റെ പണിമുടക്കെന്ന് കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ പറഞ്ഞു.
സമരത്തിനിറങ്ങുന്ന എം പാനല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും എന്നാണ് സര്‍ക്കാര്‍ നിലപാട്. എല്ലാ എം പാനല്‍ ജീവനക്കാരും ജോലിക്ക് ഹാജരാകണം. ഇല്ലെങ്കില്‍ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നാണ് സര്‍ക്കാര്‍ നിലപാട്. കെഎസ്ആര്‍ടിസി എംഡിയുടെ ഉത്തരവ് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നല്‍കിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post