ഗൂഗിളിനെയും ഫേസ്ബുക്കിനെയും വെല്ലാന്‍ ഇന്ത്യ; പോസ്റ്റല്‍ സ്റ്റാംപിനോളം ചെറിയ ചിപ്പ് രൂപീകരിച്ച് ബംഗളൂരുവിലെ കമ്പനി

ബംഗളൂരു: ഗൂഗിളിനെയും ഫേസ്ബുക്കിനെയും മൈക്രോസോഫ്റ്റിനെയും വെല്ലാന്‍ ഇന്ത്യന്‍ കമ്പനി. ഇന്ത്യയുടെ ഗ്രാമീണ മേഖലയിലേക്കും ഇന്റര്‍നെറ്റ് വ്യാപകമാക്കാന്‍ സഹായിക്കുന്ന ചെറിയ ചിപ്പ് വികസിപ്പിച്ചെടുത്താണ് ബംഗളൂരു ആസ്ഥാനമായ സാംഖ്യ ലാബ്‌സ് ഗൂഗിളിനും ഫേസ്ബുക്കിനും വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്. പൃഥ്വി എന്നാണ് പോസ്റ്റല്‍ സ്റ്റാംപിനോളം ചെറിയ ചിപ്പിന് ലാബ് പേരിട്ടിരിക്കുന്നത്. എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തിനായി പോരാടുകയാണ് ഗൂഗിളും ഫേസ്ബുക്കും മൈക്രോസോഫ്റ്റും എല്ലാം. അതിനിടയിലേക്കാണ് സ്‌പെക്ട്രം ബാന്‍ഡ്‌വിഡ്ത്ത് ഉപയോഗിച്ച് ടെലിവിഷന്‍ വൈറ്റ് സ്‌പേസില്‍ പ്രവര്‍ത്തിക്കുന്ന ചിപ്പ് സാംഖ്യ ലാബ്‌സ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കും ഫേസ്ബുക്കും ഗൂഗിളും പോലുള്ള വന്‍കിട കമ്പനികളുടെ ലക്ഷ്യത്തിലേക്കും അടുക്കുകയാണ് ബംഗളൂരു കമ്പനി.

ലോക കമ്പനികളുടെ ലക്ഷ്യത്തില്‍ ഇന്ത്യക്ക് ഏറെ മുന്നേറാന്‍ പുതിയ സാങ്കേതിക വിദ്യ സഹായകരമാകുമെന്ന് സാംഖ്യ ലാബ് അധികൃതര്‍ അറിയിച്ചു. സാങ്കേതിക രംഗത്തും ടിവി വൈറ്റ് സ്‌പേസ് രംഗത്തും ഇന്ത്യക്ക് ഏറെ മുന്നേറാന്‍ ഇത് സഹായിക്കുമെന്ന് കരുതപ്പെടുന്നു. 2007-ല്‍ നായിക് ഹേമന്ത് മല്ലാപൂര്‍, വിശ്വനായക് കായര്‍ഗഡ്ഡെ എന്നിവര്‍ ചേര്‍ന്നാണ് സാംഖ്യ ലാബ്‌സ് സ്ഥാപിച്ചത്. പൃഥ്വി ചിപ്പ് പ്രവര്‍ത്തിക്കുന്ന മേഘ്ദൂത് എന്ന പേരില്‍ ഒരു സിസ്റ്റവും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവിലെ ടിവി വൈറ്റ് സ്‌പേസ് ബാന്‍ഡ്‌വിഡ്ത്ത് ഉപയോഗിച്ച് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റൂഫ് ടോപ് ആന്റിനകളും ടിവി ടവറുകളും ഉപയോഗിക്കുന്ന സ്‌പെക്ട്രത്തിന്റെ ഉപയോഗിക്കാത്ത സ്‌പെക്ട്രം ബാന്‍ഡ്‌വിഡ്ത്ത് ആണ് ടെലിവിഷന്‍ വൈറ്റ് സ്‌പേസ്.

ഒരു ബേസ് സ്റ്റേഷന്‍, ഒരു യൂസര്‍ സൈഡ് മോഡം എന്നിവ ചേര്‍ന്നാണ് മേഘ്ദൂത് സിസ്റ്റംസ്. 400 മുതല്‍ 800 മെഗാഹെട്‌സ് വരെ ഫ്രീക്വന്‍സിയില്‍ ഇന്റനെറ്റ് ലഭ്യമാക്കും. ലൈന്‍ ഓഫ് സൈറ്റ് ആവശ്യമില്ലെങ്കിലും അത്യാവശ്യം ദൂരത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകും. ആന്റിന ടവറിന്റെ 10 മുതല്‍ 15 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ഇത് പ്രവര്‍ത്തിക്കും. കൂടുതല്‍ ശക്തവും വലിയ ആന്റിനകള്‍ ഉപയോഗിച്ച് ഫ്രീക്വന്‍സി വര്‍ധിപ്പിക്കുകയുമാകാം. ബോംബെ, ഡല്‍ഹി, ഹൈദരാബാദ് ഐഐടികളുമായി ചേര്‍ന്ന് ഉടന്‍ തന്നെ ഫീല്‍ഡ് ട്രയലുകള്‍ ഉടന്‍ ആരംഭിക്കും. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ട്രയല്‍ നടത്താന്‍ മൈക്രോസോഫ്റ്റിന്റെ സഹായവും തേടും. മറ്റു രാഷ്ട്രങ്ങളില്‍ ഉപയോഗിക്കാന്‍ ഉതകുന്ന രീതിയില്‍ വൈ-ഫാര്‍ സ്റ്റാന്‍ഡാര്‍ഡിലാണ് മേഘ്ദൂത് വികസിപ്പിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here