‘അല്ല, ഈ രാജ്യം ഇനി നമ്മുടേതല്ല’ സംഘപരിവാർ അജണ്ടകൾക്കെതിരെ ഒരു വിദ്യാർത്ഥിയുടെ കത്ത്

രാജ്യത്ത് തുടർച്ചയായി നടക്കുന്ന ഹിന്ദുത്വ വർഗീയവാദികളുടെ അതിക്രമങ്ങളെ കുറിച്ച് എംഎ വിദ്യാർത്ഥി എഴുതിയ കത്ത് വൈറലാകുന്നു. നളന്ദ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലെ ഹിസ്‌റ്റോറിക്കൽ സ്റ്റഡീസ് വിഭാഗത്തിലെ അസ്‌ലഹ് എന്ന വിദ്യാർത്ഥിയാണ് കത്ത് എഴുതിയത്.

‘അറബി പേരുള്ള ഒരു മുസ്‌ലിമായി ഈ രാജ്യത്ത് ജീവിക്കുക സുരക്ഷിതമല്ലായിരിക്കുന്നു. എന്റെ ദലിത് സുഹൃത്തിന്റെ ജീവന് ഈ രാജ്യം യാതൊരുവിലയും കൽപിക്കുന്നില്ല. കാരണം ഞാനൊരു മുസ്‌ലിമാണ്. ഞാനെന്തു കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ഈ രാജ്യത്തെനിക്കില്ല’ -അല്ല, ഈ രാജ്യം ഇനി നമ്മുടേതല്ല എന്ന തലക്കെട്ടിൽ എഴുതിയ കത്തിൽ പറയുന്നു. കൗണ്ടർ കറന്റ്‌സ് എന്ന വെബ്‌സൈറ്റാണ് കത്ത് പ്രസിദ്ധീകരിച്ചത്.

 
കത്തിന്റെ പൂർണ്ണരൂപം താഴെ വായിക്കാം:

 
‘ഭരണഘടന ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടാൽ, ഞാനായിരിക്കും അത് ആദ്യം കത്തിക്കുക’ ബി.ആർ. അംബേദകർ

ഞാൻ അസ്‌ലഹ്. 21 വയസ്, ചരിത്രവിദ്യാർത്ഥിയാണ്.
ഈ ലോകത്തോട് എനിക്ക് ചിലത് പറയാനുണ്ട്.

സ്‌കൂൾ പഠനകാലത്ത് ഞങ്ങൾക്ക് ചരിത്രവും ഒരു പഠനവിഷയമായിരുന്നു. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രം റഷ്യ, ഏറ്റവും ചെറിയ രാഷ്ട്രം വത്തിക്കാൻ, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ചൈന ഇതെല്ലാം അന്നു ഞങ്ങൾ കാണാപാഠമാക്കിയിരുന്നു.

ഇനി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമേതെന്ന് ചോദിച്ചപ്പോഴൊക്കെ, ആവേശപൂർവ്വം ഇന്ത്യയെന്ന് ഉത്തരമെഴുതി. സ്‌കൂൾ അസംബ്ലിയിൽ ദേശീയഗാനം ആലപിക്കുമ്പോൾ മിണ്ടാതിരിക്കുകയും ശല്യപ്പെടുത്തുന്നവന്റെ തലക്ക് കൊട്ടുകയും ചെയ്തു. പൊലീസിനെയും പട്ടാളത്തെയും സിനിമയിലൊക്കെ കാണുമ്പോൾ ഞങ്ങൾ രോമാഞ്ചം കൊണ്ടു. സ്‌കൂൾ പഠനകാലത്ത് ഞാൻ എപ്പോഴും സ്വപ്‌നം കണ്ടത് വലുതായാൽ ഒരു കളക്ടറായി എന്റെ ഇന്ത്യയെ സേവിക്കുകയെന്നായിരുന്നു.

എന്നാൽ, നിങ്ങളോടെല്ലാവരോടും വേറെ ചിലത് പറയാനുണ്ട്. ഇത് വേറെയാരുടെക്കയോ രാജ്യമാണിന്ന്, നമ്മുടേതല്ല. നമ്മെ ഭരിക്കുന്നവർ അതാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതാണ് നാം അനുഭവിക്കുന്നത്.

21 വർഷം ഈ രാജ്യത്ത് ജീവിച്ച ഒരു വിദ്യാർഥിയാണിത് പറയുന്നത്: ഈ രാജ്യം എന്റേതല്ല. !

ചരിത്രത്തിന്റെ കെട്ടുകളൊന്നാകെ അഴിക്കാൻ ഞാൻ ഒരുക്കമല്ല. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ സംഭവിച്ചതുമാത്രം പറയട്ടെ.

രാജ്യത്തിന്റെ തലസ്ഥാനനഗരത്തിനടുത്ത് ദാദ്രിയിൽ 50 വയസുകാരനായ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. അദ്ദേഹത്തിന്റെ മകനെ മാരകമായി ആക്രമിച്ചു.

എന്തുകൊണ്ടാണ് മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നത്? അദ്ദേഹം ഒരു മുസ്‌ലിമായതുകൊണ്ടും, അദ്ദേഹം ബീഫ് കഴിച്ചെന്ന അഭ്യൂഹത്തിന്റെ പേരിലും.

ആരാണ് അദ്ദേഹത്തെ കൊന്നത്?

ഇന്ത്യയെ ഭരിക്കുന്ന ഹിന്ദുത്വശക്തികളുടെ അനുയായികൾ.

അതെ, അദ്ദേഹം റെഫിജറേറ്ററിൽ ആട്ടിറച്ചി സൂക്ഷിക്കുകയും അത് ബീഫ് ആയിരുന്നെന്ന അഭ്യൂഹം പരക്കുകയും ചെയ്തു. അതോടെ, അദ്ദേഹം ദുരുദ്ദേശ്യാർത്ഥം ബീഫ് കഴിച്ചെന്ന് പറഞ്ഞ് അദ്ദേഹത്തെ തല്ലിക്കൊന്നു.

ഓഹ്..! എന്നിട്ട് ഈ രാജ്യത്തെ സർക്കാർ എന്താണ് ചെയ്തത്? അഖ്‌ലാഖ് വീട്ടിൽ സൂക്ഷിച്ചിരുന്ന മാംസം എന്താണെന്നറിയാൻ അവർ അത് ഫോറൻസിക് ലാബിലേക്ക് അയച്ചു, ഏതാനും മന്ത്രിമാർ കൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി തിരക്കിലായിരിക്കും, അദ്ദേഹത്തിന് ഒന്നും പറയാനില്ല പോലും.

ഭരിക്കുന്ന പാർട്ടിയുടെ പ്രത്യയശാസ്ത്ര വക്താക്കൾ അവരുടെ വേദികളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ബീഫ് കഴിക്കുന്നവർക്കൊക്കെ ഈ വിധിയുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.

ഈ സംഭവം കഴിഞ്ഞ് രണ്ടാമത്തെ ദിവസം ഉത്തർപ്രദേശിലെ ദാദ്രിയിൽ 90 വയസുള്ള ഒരാളെ ജീവനോടെ കത്തിച്ചുകൊന്നു. ജീവനോടെ കത്തിക്കുക. ഇന്ത്യയിലെ ക്ഷേത്രങ്ങളെ കുറിച്ച് നിങ്ങൾ കേട്ടുകാണും. ദലിത് സമുദായക്കാരനായിരുന്ന അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതായിരുന്നു. അദ്ദേഹം താഴ്ന്നജാതിക്കാരനായതുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ, ക്ഷേത്രം അശുദ്ധമാവും. ക്ഷേത്രകവാടത്തിൽ വെച്ച് അവർ അദ്ദേഹത്തെ ജീവനോടെ കത്തിച്ചുകൊന്നു.

പിന്നെയും രണ്ടുദിവസം കഴിഞ്ഞ്, ഉത്തർപ്രദേശിൽ തന്നെ, ഒരു ദലിത് കുടുംബത്തെ മുഴുവൻ, സ്ത്രീകളടക്കമുള്ളവരെ പൊലീസ് നഗ്‌നരാക്കി മർദ്ദിച്ചു. കാരണം, ഹിന്ദു ചാതുർവർണ്യമനുസരിച്ച് അവർ താഴ്ന്ന ജാതിക്കാരായിരുന്നു.

അതേദിവസം, 12 വയസുള്ള വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചു. ദലിതനായ ആ കുട്ടി ദലിതുകളല്ലാത്ത കുട്ടികൾക്കായിട്ടുള്ള പാത്രത്തിൽ തൊട്ടതായിരുന്നു കാരണം.

വെറും ആറുദിവസത്തിനിടെ ഈ രാജ്യത്തുണ്ടായതാണിതെല്ലാം. ഇതിനോടെല്ലാം രാജ്യം ഭരിക്കുന്നവർ നടത്തിയ പ്രതികരണം മാനവികതയെ ഭയപ്പെടുത്തുന്നു. പ്രതികരിക്കുന്നവരെയൊക്കെ കൊലപ്പെടുത്തുന്നു. എഴുത്തുകാരനും കന്നട സർവകലാശാല വൈസ് ചാൻസലറുമായിരുന്ന എം.എം. കൽബുർഗിയെ അവർ കൊന്നു. അദ്ദേഹം പ്രതികരിച്ചുവെന്നതായിരുന്നു കാരണം.

പിന്നെയൊരുദിവസം, അറിയപ്പെട്ട ഗസൽ ഗായകൻ പാകിസ്ഥാനിലെ ഗുലാം അലിയെ മുംബൈയിൽ പാടുന്നതിനെ വിലക്കി. അന്തരിച്ച ഗസൽ ഗായകൻ ജഗജീത് സിങ്ങിന് അദ്ദേഹത്തിന്റെ ചരമദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നടത്താനിരുന്ന ഒരു സംഗീതപരിപാടിയായിരുന്നു അത്.

ഭീകരനിയമങ്ങൾ ഉപയോഗിച്ച് അവർ ആളുകളെ വർഷങ്ങളോളം തടവിലിടുന്നു. ആയിരക്കണക്കിന് മുസ്‌ലിം, ദലിത് യുവാക്കളാണ് ഇന്ത്യൻ ജയിലുകളിൽ കഴിയുന്നത്. ചിലപ്പോഴൊക്കെ ഭരണകൂടം നേർക്കുനേരെ ആളുകളെ കൊല്ലുന്നു. ഇശ്‌റത്ത് ജഹാൻ എന്ന മുസ്‌ലിം യുവതിയെ അവർ വ്യാജഏറ്റുമുട്ടലിലൂടെ കൊന്നു. അഫ്‌സൽ ഗുരുവിനെ തൂക്കിക്കൊന്നു. പ്രശസ്തമായ മുംബൈ നഗരമധ്യത്തിൽ ഒരു മുസ്‌ലിമിന് താമസിക്കാൻ വീടു ലഭിക്കുക പ്രയാസമായിരിക്കുന്നു.

ഭരണഘടനയുടെ പിതാവായ ഡോ. ബി.ആർ. അംബേദ്കറെ വാഴ്ത്തുന്ന ഗാനം മൊബൈൽ റിങ്‌ടോണാക്കിയതിന്റെ പേരിൽ ദലിതനായ ഒരു യുവാവിനെ കൊലപ്പെടുത്തിയത് ഈ രാജ്യത്താണ്.

അല്ല, ഈ രാജ്യം ഇനി നമ്മുടേതല്ല. അറബി പേരുള്ള ഒരു മുസ്‌ലിമായി ഈ രാജ്യത്ത് ജീവിക്കുക സുരക്ഷിതമല്ലായിരിക്കുന്നു. എന്റെ ദലിത് സുഹൃത്തിന്റെ ജീവന് ഈ രാജ്യം യാതൊരുവിലയും കൽപിക്കുന്നില്ല. കാരണം ഞാനൊരു മുസ്‌ലിമാണ്. ഞാനെന്തു കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ഈ രാജ്യത്തെനിക്കില്ല.

ലോകമറിയണം, ഇന്ത്യ ഇപ്പോൾ ഒരു ജനാധിപത്യമല്ല. ഇന്ത്യയെ വാഴ്ത്തി ഉലകം ചുറ്റുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. നിങ്ങൾ എഴുന്നേറ്റ് നിന്ന് ചോദിക്കേണ്ടതുണ്ട്, നിങ്ങളുടെ ഈ സഹോദരൻ പറഞ്ഞത് സത്യമാണോ എന്ന്.

മാനവികതക്കെതിരായ ഈ ഹിംസയുടെ പ്രചോദനകേന്ദ്രം പ്രധാനമന്ത്രി തന്നെയാണ്. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ പാർട്ടി മുസ് ലിം വംശീയാക്രമണത്തിന് നേതൃത്വം കൊടുത്തത്. അന്ന് കൊല്ലപ്പെട്ട മുസ്‌ലിംകളെ അദ്ദേഹം ഉപമിച്ചത് വാഹനത്തിന്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിമരിക്കുന്ന പട്ടികളോടാണ്.

ഇതെഴുതിയതിന് ഞാൻ എന്തൊക്കെ നേരിടേണ്ടി വരുമെന്നെനിക്കറിയില്ല. അതെന്തൊക്കെയായാലും, എനിക്ക് പ്രശ്‌നമല്ല. ഇതാണ് സത്യം.

നിങ്ങളുടെ സഹോദരൻ,
11 ഒക്ടോബർ 2015
ബിഹാർ, ഇന്ത്യ.

(നളന്ദ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽ ഹിസ്‌റ്റോറിക്കൽ സ്റ്റഡീസ് വിഭാഗത്തിൽ എം.എ വിദ്യാർത്ഥിയാണ് അസ്‌ലഹ്.)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News