പാട്ടിനോട് മാത്രമല്ല ഭക്ഷണത്തോടും ശിവസേനയ്ക്ക് എതിര്‍പ്പാണ്; ഗുലാം അലിക്ക് പിന്നാലെ പാകിസ്താനി ഭക്ഷ്യമേളയ്ക്കും ശിവസേനയുടെ ഭീഷണി

പുണെ: പാകിസ്താനി ഗസല്‍ ഗായകന്‍ ഗുലാം അലിയെ ഗസല്‍ പരിപാടി നടത്തുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി പിന്‍മാറ്റിയ ശിവസേന ഇപ്പോള്‍ ഭക്ഷ്യമേളയ്ക്ക് പിന്നാലെയാണ്. പുണെയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്തോ-പാക് ഭക്ഷ്യമേള നടത്തരുതെന്ന് കാണിച്ച് ബിസിനസുകാരനായ ടെഹ്‌സീന്‍ പൂനാവല്ലയ്ക്ക് ശിവസേന ഭീഷണി സന്ദേശം അയച്ചു. ടെഹ്‌സീന്റെ ഫേസ്ബുക്ക് പേജിലാണ് ശിവസേന പുണെ യൂണിറ്റ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ശിവസേന പുണെ യൂണിറ്റ് പ്രസിഡന്റ് അജയ് ഭൊസാലെയുടെ സഹോദരന്‍ അമര്‍ ഭൊസാലെയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. നവംബര്‍ ഏഴിനായിരുന്നു പാകിസ്താനില്‍ നിന്നുള്ള പാചക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി ഇന്തോ-പാക് ഭക്ഷ്യമേള നടത്താന്‍ നിശ്ചയിച്ചിരുന്നത്.

പാകിസ്താനില്‍ നിന്നുള്ള പാചക വിദഗ്ധര്‍ മേളയ്ക്കായി പുണെയില്‍ എത്താന്‍ തീരുമാനിച്ചിരുന്നതായി ടെഹ്‌സീന്‍ പൂനാവല്ല പറഞ്ഞു. എന്നാല്‍, ഭീഷണിയെ തുടര്‍ന്ന് അവര്‍ പിന്‍മാറി. പുണെയില്‍ എത്തിയാല്‍ പ്രശ്‌നം ഒന്നും ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മാത്രമേ ഭക്ഷ്യമേളയ്ക്കായി പുണെയില്‍ വരൂ എന്ന് പാചക വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സഹോദരനാണ് പൂനാവല്ലയുടെ ഫേസ്ബുക്ക് പേജില്‍ ഭീഷണി സന്ദേശം കുറിച്ചതെന്ന് അജയ് ഭൊസാലെ പറഞ്ഞു. ഇന്തോ-പാക് ഭക്ഷ്യമേളയ്ക്ക് തങ്ങള്‍ എതിരാണെന്ന് ഭൊസാലെ പറഞ്ഞു. അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. ടെഹ്‌സീന്‍ മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതായും ഇതിനെതിരെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കുമെന്നും ഭൊസാലെ പറഞ്ഞു.

ധൈര്യമുണ്ടെങ്കില്‍ നവംബര്‍ ഏഴിന് ഇന്തോ-പാക് ഭക്ഷ്യമേളയും ഗുലാം അലിയുടെ പരിപാടിയും സംഘടിപ്പിക്കാന്‍ വെല്ലുവിളിക്കുന്നു എന്നായിരുന്നു ഫേസ്ബുക്കിലെ പോസ്റ്റ്. പോസ്റ്റ് വന്നതിനു തൊട്ടുപിന്നാലെ ഭക്ഷ്യമേളയ്ക്ക് വേദിയായി നിശ്ചയിച്ചിരുന്ന ഹോട്ടല്‍ അതില്‍ നിന്നും പിന്‍മാറിയതായി പൂനാവല്ല പറഞ്ഞു. പുണെ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ പരിപാടി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, എന്ത് പ്രതിഷേധം ഉണ്ടായാലും ഈവര്‍ഷം അവസാനിക്കുന്നതിന് മുമ്പായി ഇന്തോ-പാക് ഭക്ഷ്യമേള സംഘടിപ്പിക്കും എന്ന് ടെഹ്‌സീന്‍ പൂനാവല്ല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News