സംഗീതം മാത്രമല്ല, ശിവസേനക്ക് സിനിമയും പറ്റില്ല; പാക് താരങ്ങളായ മഹിറാ ഖാനെയും ഫവാദ് ഖാനെയും ഇന്ത്യയിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് ഭീഷണി

മുംബൈ: പാക് ഗസൽ ഗായകൻ ഗുലാം അലിക്ക് പിന്നാലെ പാക് സിനിമാ താരങ്ങൾക്കും ശിവസേനയുടെ ഭീഷണി. പാക് താരങ്ങളെ ഇന്ത്യയിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന ഭീഷണിയുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

പാക് സിനിമാ താരങ്ങളായ മഹിറാ ഖാൻ, ഫവാദ് ഖാൻ എന്നിവർക്കാണ് ശിവസേന വിലക്ക് പ്രഖ്യാപിച്ചത്. പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും അടുത്ത ആഴ്ച്ച ഇന്ത്യയിലേക്ക് വരാനിരിക്കെയാണ് സേനയുടെ താക്കീത്. ഷാരൂഖിനൊപ്പം റായീസിൽ അഭിനയിക്കാനുള്ള അവസരമാണ് മഹിറാഖാന് ഇതോടെ ഭീഷണിയായിരിക്കുന്നത്. 2014 ഖൂബ് സൂരത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ താരമാണ് ഫവാദ് ഖാൻ.

പാക് മുൻ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചതിനെതിരെ രംഗത്തെത്തിയ ശിവസേന പാക് വിരുദ്ധ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഗുലാം അലിയെ മുംബൈയിലും ദില്ലിയിലും പാടാൻ അനുവദിക്കില്ലെന്ന നിലപാട് ശിവസേന സ്വീകരിച്ചത്.

പുനെയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്തോ-പാക് ഭക്ഷ്യമേളക്കെതിരെയും സേന രംഗത്തെത്തിയിരുന്നു. പരിപാടി നടത്തരുതെന്ന് ആവശ്യപ്പെട്ട് ബിസിനസുകാരനായ ടെഹ്‌സീൻ പൂനാവല്ലയ്ക്ക് ശിവസേന ഭീഷണി സന്ദേശം അയച്ചു. നവംബർ ഏഴിനായിരുന്നു പാകിസ്താനിൽ നിന്നുള്ള പാചക വിദഗ്ധരെ കൂടി ഉൾപ്പെടുത്തി ഇന്തോപാക് ഭക്ഷ്യമേള നടത്താൻ നിശ്ചയിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here