അമിതാഭ് ബച്ചനും കുടുംബത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പെന്‍ഷന്‍; തുക പാവങ്ങള്‍ക്കു നല്‍കൂ എന്ന് ബിഗ് ബിയുടെ മറുപടി

മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും പെന്‍ഷന്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. മൂന്നു പേര്‍ക്കും 50,000 രൂപ വീതം പെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, തുക തനിക്കു വേണ്ടെന്നും പാവങ്ങള്‍ക്ക് നല്‍കൂ എന്നും ബിഗ് ബി പ്രതികരിച്ചു. യാഷ് ഭാരതി അവാര്‍ഡ് ജേതാക്കള്‍ എന്ന നിലയ്ക്കാണ് ബച്ചന്‍ കുടുംബത്തിന് പെന്‍ഷന്‍ അനുവദിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചത്. സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ തുടരുന്ന കാലംവരെ പെന്‍ഷന്‍ നല്‍കുന്നത് തുടര്‍ന്നു പോകാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 1994-ലാണ് അമിതാഭ് ബച്ചനും ജയ ബച്ചനും ഉത്തര്‍പ്രദേശിലെ പരമോന്നത ബഹുമതിയായ യാഷ് ഭാരതി പുരസ്‌കാരം നേടിയത്. അഭിഷേക് ബച്ചന് 2006-ലും പുരസ്‌കാരം നല്‍കി.

എന്നാല്‍, യുപി സര്‍ക്കാരിന്റെ തീരുമാനത്തോട് ബിഗ് ബിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തനിക്കു നല്‍കിയ യാഷ് ഭാരതി പുരസ്‌കാരത്തിന് തനിക്ക് സര്‍ക്കാരിനോട് ബഹുമാനമുണ്ട്. എന്നാല്‍, തനിക്കും തന്റെ കുടുംബത്തിനും നല്‍കാമെന്നേറ്റ പെന്‍ഷന്‍ തുക ഏതെങ്കിലും പാവങ്ങളുടെ ഗുണത്തിനു വേണ്ടി ചെലവഴിക്കണം എന്നാണ് പറയാനുള്ളത്. പ്രസ്താവനയിലാണ് ബച്ചന്‍ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഏതെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ അല്ലെങ്കില്‍ പാവങ്ങളെ സഹായിക്കാനോ പണം വിനിയോഗിക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അഖിലേഷ് യാദവിന് കത്തെഴുതുമെന്നും ബച്ചന്‍ പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബച്ചനും കുടുംബാംഗങ്ങള്‍ക്കും 50,000 രൂപ വീതം പ്രതിമാസം പെന്‍ഷനായി നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ തുകയാണ് 50,000 രൂപ എന്നത്. അതും പല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി. ഉദാഹരണത്തിന് സ്വാതന്ത്ര്യ സമരസേനാനികളും അവരുടെ ഭാര്യമാര്‍ പോലും വാങ്ങുന്നത് പരമാവധി 20,000 രൂപ പെന്‍ഷനാണ്. ആന്ധമാനിലെ മുന്‍ രാഷ്ട്രീയ തടവുകാര്‍ക്ക് 23,000 രൂപയും സ്വാതന്ത്ര്യ സമര സേനാനികളുടെ അവിവാഹിതരും തൊഴില്‍ രഹിതരുമായ പെണ്‍മക്കള്‍ക്ക് 4,770 രൂപയുമാണ് പ്രതിമാസം ലഭിക്കുന്നത്.

യുപി സര്‍ക്കാര്‍ തന്നെ അവശ കലാകാരന്‍മാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ വെറും 2,000 രൂപ മാത്രമാണ്. അതും 10 വര്‍ഷത്തോളം പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് ആയിരുന്നവര്‍ക്ക് മാത്രം. ചുരുങ്ങിയത് 25 ആഭ്യന്തര മത്സരങ്ങള്‍ കളിച്ച ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐ നല്‍കുന്നത് 15,000 രൂപ പെന്‍ഷനാണ്. എന്നാല്‍, ചുരുങ്ങിയത് 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച മുന്‍ ടെസ്റ്റ് താരത്തിന് 50,000 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News