സംഘി ഭീകരത: ഉയരുന്നത് അസഹിഷ്ണുതയുടെ കേളികൊട്ട്

ഭൂരിപക്ഷത്തിന്റെ നിലപാടുകള്‍ മാത്രം ദേശസ്‌നേഹവും ന്യൂനപക്ഷത്തിന്‍േറത് ദേശവിരുദ്ധവുമാകുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യത്തിന്റെ സഞ്ചാരം. പ്രതിലോമ വാദങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന അസഹിഷ്ണുതയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും രാമരാജ്യം ലക്ഷ്യമിടുന്നവര്‍ മറന്ന് പോയി. ഹിന്ദുത്വം ഇന്നത്തെ കാലഘട്ടത്തിന് അനുചിതമാണെന്ന് നേപ്പാള്‍ പോലും തിരിച്ചറിഞ്ഞ സമയത്താണ് ഇന്ത്യയെ ഹിന്ദുത്വത്തിലേക്ക് തിരിച്ചുനടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. രാജ്യം കാക്കുന്ന സൈനികന്റെ പിതാവിനെ പശു ഇറച്ചിയുടെ പേരില്‍ തല്ലി കൊല്ലുന്ന സംഘപരിവാറിന്റെ വകഭേദം ഒരുവശത്ത്. മറുഭാഗത്ത് കായികമായാലും വിനോദമായാലും സംഗീതമായാലും പാക്് ലേബലുള്ള എന്തിനേയും അടിച്ചമര്‍ത്തുന്ന ശിവസേന. എവിടെയാണ് ഇന്ത്യന്‍ പൗരന്‍ ജീവിക്കേണ്ടത്.

ഉത്തര്‍പ്രദേശിലെ ദാദ്രിയും, ദളിത് കുടുംബത്തിലെ പിഞ്ചുകുഞ്ഞുങ്ങളെ ജീവനോട് പെട്രോളൊഴിച്ച് കത്തിച്ച ഹരിയാനയിലെ സുന്‍പേട് ഗ്രാമവും പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതിയായ 7 – റെയ്‌സ് കോഴ്‌സില്‍ നിന്നു രണ്ട് മണിക്കൂര്‍ മാത്രം യാത്ര ചെയ്താല്‍ എത്തുന്ന സ്ഥലങ്ങളാണ്. രണ്ട് സംസ്ഥാനങ്ങളില്‍ ആണെങ്കിലും ഈ ഗ്രാമങ്ങള്‍ ദില്ലിയെന്ന മെട്രോപൊളിറ്റന്‍ സിറ്റിയുടെ അനുബന്ധ ഗ്രാമങ്ങളാണ്. ഇവിടേക്ക് ഇത് വരെ ഒരു കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയും തിരിഞ്ഞു നോക്കിയില്ല. ഇരകളായ രണ്ട് കുടുബങ്ങള്‍ക്ക് പിന്നില്‍ പേടിച്ച് നില്‍ക്കുകയാണ് അരക്ഷിതമായ ഒരു സമൂഹം. ഇവരെ ആര് ആശ്വസിപ്പിക്കും. എന്നാല്‍ 84ലെ സിഖ് കൂട്ടക്കൊലയും 2002ലെ ഗുജറാത്ത് കലാപവും ചൂണ്ടികാട്ടി ദാദ്രി സംഭവത്തിന് ന്യായീകരണം കണ്ടത്തൊന്‍ ശ്രമിക്കുകയാണ് രാഷ്ട്രിയ സര്‍ സംഘചാലക്.

പണ്ടെ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണിയും എന്ന സാഹചര്യത്തിലാണ് ജമ്മു കാശ്മീര്‍. രാജ്യാതിര്‍ത്തികള്‍ കടന്ന് വരുന്ന തീവ്രവാദികളും ഏറ്റ് മുട്ടലുകളും കൊണ്ട് പൊറുതി മുട്ടിയ കശ്മിര്‍ താഴവര ഇപ്പോള്‍ സ്വത്വം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. ജമ്മു മേഖലയില്‍ നേടിയ മുന്നേറ്റത്തിന്റെ പേരില്‍ സര്‍ക്കാരില്‍ പ്രബലരാണ് ബിജെപി. പക്ഷെ സംസ്ഥാനത്തിന്റെ ഭക്ഷണ ക്രമത്തില്‍ അവര്‍ വരുത്താന്‍ ശ്രമിക്കുന്ന മാറ്റം ജമ്മു കാശ്മീരിനെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളി വിട്ടു. 12 മാസവും തണുത്തുറഞ്ഞ കാലാവസ്ഥയില്‍ അതിജീവനത്തിനായി രൂപപെടുത്തിയതാണ് കാശ്മീരിലെ ഭക്ഷണവും ജീവിത രീതികളും. മാടും ആടും കോഴിയും തീന്‍മേശയില്‍ വിളമ്പുന്നത് ശരീര ഊഷ്മാവ് നിലനിര്‍ത്താനായുള്ള ഉപാധികളായി മാത്രം. പക്ഷെ ഇതിപ്പോള്‍ മതവിദ്വേഷത്തിന്റെ ചിഹ്നമായി മാറി.

ബീഫ് അടങ്ങിയ കബാബ് വിളമ്പിയതിന് ഒരു എംഎല്‍എ നിയമസഭയ്ക്കുളില്‍ വളഞ്ഞിട്ട് മര്‍ദിക്കുന്നു. കലി തീരാതെ ദില്ലിയില്‍ വച്ച് കരിമഷി പ്രയോഗവും നടത്തി. തീവ്രവാദികളുടെ തോക്കിനിരയായി കുടുംബനാഥരേയും മക്കളേയും നഷ്ട്ടപ്പെട്ട നിരവധി കുടുംബങ്ങളുണ്ട് കശീമീരില്‍. എന്നിട്ടുമവര്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് എതിരെ ഒരു ബന്ദ് പോലും നടത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പശുവിന്റെ പേരില്‍ യുവാവിനെ കൊല ചെയ്തപ്പോള്‍ സംസ്ഥാനം ഒരു ബന്ദ് മൂലം നിശ്ചലമായി. അവിടേയും രൂപ്പപ്പെടുന്നുണ്ട് ആശങ്കയുടെ ഒരു സമൂഹം.

നിശബ്ദനായിരുന്ന വരയ്ക്കുന്ന പഴയ സഹപ്രവര്‍ത്തകന്‍ കാര്‍ട്ടൂണിസ്റ്റ് ബാല്‍ താക്കറെയെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടിഎസ് ജോര്‍ജ് തന്റെ ‘ഘോഷയാത്ര’ എന്ന ആത്മകഥയില്‍ ഓര്‍മ്മിക്കുന്നുണ്ട്. ആ നിശബ്ദനില്‍ നിന്നും സര്‍വ്വസംഹാരിയായി മാറാന്‍ ബാല്‍ താക്കറെയ്ക്ക് മണ്ണിന്റെ മക്കള്‍ വാദം കൊണ്ട് കഴിഞ്ഞു. വിനാശത്തിന്റെ നേതൃത്വം താക്കറെയുടെ മക്കളിലേക്ക് മാറിയപ്പോഴേക്കും രാജ്യവും അതിനനുസരിച്ച് മാറി. വര്‍ധിത വീര്യത്തോടെ മഹാരാഷ്ട്രയില്‍ ശിവസേന വീണ്ടും തലപ്പൊക്കി തുടങ്ങി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തമ്മിലടിയും ഗ്രൂപ്പ് തര്‍ക്കങ്ങളും മൂലം തകര്‍ന്ന് ശിവസേന 2014ന് ശേഷമാണ് നശീകരണ അജണ്ടയിലേക്ക് വീണ്ടും കടന്നത്.

പ്രഥമദൗത്യത്തില്‍ ചൊവ്വയിലത്തൊനും, ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ അമേരിക്ക വരെ ആശ്രയിക്കുന്ന രാഷ്ട്രമായി മാറി കഴിഞ്ഞു ഇന്ത്യയെന്ന് മേനി നടിക്കുന്നു. അപ്പോഴാണ് പുതുതലമുറയുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നതിന് പകരം കലികാലത്തേക്ക് തിരിച്ചുനടത്തുന്നത്. ബീഫും, പാക്് വിരുദ്ധ സമരങ്ങളും പ്രതീകങ്ങളാണ്. ഇനിയും നടപ്പാക്കാനിരിക്കുന്ന അജണ്ടകളുടെ പ്രതീകങ്ങള്‍. ഇത് തടഞ്ഞേ തീരു. ജനത കൊതിക്കുന്നത് വീണ്‍വാക്കുകളല്ല. പ്രവൃത്തിയാണ്്. അമ്പയര്‍ തന്നെയാണ് കളി നിയന്ത്രിക്കേണ്ടത്്. കാണികള്‍ കളത്തിലിറങ്ങിയാല്‍ കളിയുടെ സ്വഭാവം മാറും. അസ്വസ്ഥമാകുന്ന സമൂഹത്തില്‍ പ്രതിരോധത്തിന്റെ പേരിലുയരുന്ന മുറവിളികള്‍ കാണാതിരിക്കാന്‍ പാടില്ല. ആക്രമണത്തിന് വേണ്ടി ആളൊരുങ്ങുന്നപോല്‍ പ്രതിരോധത്തിന് വേണ്ടിയും പടക്കോപ്പുകള്‍ പാളയത്തിലടിയുന്നുണ്ട്.

പൊട്ടിത്തെറികളിലേക്കാണ് രാജ്യം നീങ്ങുക. പതിറ്റാണ്ടുകളോളം അസ്വാതന്ത്ര്യത്തിന്റെ ഭാരം പേറിയ ചെറു രാജ്യങ്ങള്‍ മതേതരത്തിന്റെയും അഖണ്ഡതയുടെയും വഴിയിലേക്ക് വരാന്‍ തീരുമാനിച്ചത് കൊണ്ടാണ് ഇന്ത്യന്‍ യൂണിയന്‍ ഉണ്ടായതും പിന്നെയത് ഇന്ത്യയായതും. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെന്ന അഹങ്കാരത്തില്‍ എല്ലാം ചവിട്ടിത്തേച്ച് കളയമായെന്ന് കരുതുന്നത് നടക്കാത്ത സ്വപ്‌നം മാത്രമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News