അത് ഹ്യൂമേട്ടനല്ല, പിയേഴ്‌സണ്‍ തന്നെ

ഐഎസ്എല്‍ രണ്ടാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിതാപകരമായ പ്രകടനത്തില്‍ നിരാശരാണ് ആരാധകര്‍. റെക്കോര്‍ഡ് പ്രേക്ഷകരെത്തിയിട്ടും കളിയില്‍ തുടരുന്ന തണുപ്പന്‍ മട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് വിമര്‍ശനവും കിട്ടിത്തുടങ്ങിയിട്ടുണ്ട്. സീസണിലെ മോശം പ്രകടനത്തിന് കാരണം ഹ്യൂമേട്ടനെപ്പലൊരു താരം കേരള നിരയില്‍ ഇല്ലാത്തതാണെന്നാണ് ആരാധകരുടെ പക്ഷം. ഇയാന്‍ ഹ്യൂമിനെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ തയ്യാറാകാത്തതില്‍ ആദ്യം മുതല്‍ക്കെ ആരാധകര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു.

ഹ്യൂം അത്രത്തോളം ബ്ലാസ്റ്റേഴ്‌സിന്റെ മനസ്സില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ നിന്ന് പുള്‍ഗ ഒഴികെ എല്ലാ താരങ്ങളെയും ഒഴിവാക്കിയപ്പോഴും മികച്ച ഒരു ടീമാകുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. ആദ്യ സീസണില്‍ മൈക്കിള്‍ ചോപ്ര മാത്രമാണ് കേട്ടുപരിചയമുണ്ടായിരുന്ന താരമെങ്കില്‍ ഇക്കുറി പ്രമുഖ താരങ്ങള്‍ കേരള നിരയില്‍ ഉണ്ടായിരുന്നു. കോയിമ്പ്രയും, ഡക്‌നലും, മര്‍ച്ചേനയുമൊക്കെ പ്രമുഖരുടെ പട്ടികയില്‍ പെടുന്നവരാണ്. ഹ്യൂമിനോളം വരില്ലെങ്കിലും സാഞ്ചസ് വാട്ടും, ഹോസു പ്രീറ്റോയുമൊക്കെ യുവത്വം കൊണ്ട് ഹ്യൂമിനെ കടത്തിവെട്ടാന്‍ പോന്നവരാണ്. പ്രതിരോധം കഴിഞ്ഞ സീസണെന്നപോലെ ശക്തം തന്നെ. ജിങ്കാന്റെ വരവ് പ്രതിരോധത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുകയും ചെയ്തു.

എന്നിട്ടും പിഴയ്ക്കുന്നത് എവിടെയാണ്. അതിനുള്ള ഉത്തരം തരുന്നത് കേരളം പറക്കും സായിപ്പെന്ന ഓമനപ്പേരിട്ടുവിളിച്ച പിയേഴ്‌സണ്‍ നല്‍കും. പ്രതിരോധത്തില്‍ നിന്ന് മുന്നേറ്റത്തിലേക്ക് അനായാസം പന്ത് എത്തിക്കുന്ന താരമായിരുന്നു പിയേഴ്‌സണ്‍. ഗോളുകള്‍ നേടാന്‍ അവസരമൊരുക്കിയും എതിര്‍ പ്രതിരോധത്തിന് നിരന്തരം ഭീഷണി സൃഷ്ടിച്ച്, ഒടുവില്‍ ഏറ്റവും നിര്‍ണായകമായ ഗോളും നേടിക്കൊടുത്ത് കളിയെ നിയന്ത്രിച്ചത് പിയേഴ്‌സണായിരുന്നു. അത്തരമൊരു സഹായത്തോടെ മാത്രമായിരുന്നു പെന്‍ ഒര്‍ജിയും ഹ്യൂമുമൊക്കെ കഴിഞ്ഞ വട്ടം നമ്മുടെ താരങ്ങളായത്. പ്രതിരോധത്തെയും മുന്നേറ്റത്തെയും കൂട്ടിയിണക്കാന്‍ സാധിക്കാത്തത് കഴിഞ്ഞ കളികളിലെല്ലാം മുഴച്ചുനിന്നു.

കഴിഞ്ഞ മത്സരത്തില്‍ 9 വട്ടമാണ് സാഞ്ചസ് വാട്ട് ഓഫ് സൈഡില്‍ കയറിയത്. പ്രതിരോധത്തില്‍ നിന്ന് പന്തിന്റെ ഒഴുക്ക് കുറഞ്ഞാല്‍ ഏതൊരു കളിക്കാരനും ചെയ്യുന്നതേ സാഞ്ചസും ചെയ്തുള്ളു. ഡക്‌നലിന് പ്രതിഭയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാത്തതും തിരിച്ചടിയായി. സികെ വിനീതിന്റെ കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആശാവഹമാണ്. പക്ഷെ ബോക്‌സിലെത്തിയിട്ടും ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ കേരളത്തിന് സാധിക്കാത്തത് വരും മത്സരങ്ങളില്‍ തിരിച്ചടിയാണ്. ലക്ഷ്യ ബോധമില്ലാത്ത പാസുകള്‍ പലപ്പോഴും എതിര്‍ താരങ്ങളില്‍ എത്തുന്നു.

ഡല്‍ഹി ഗോള്‍ നേടിയിട്ടും അവസാന മിനുട്ടുകളില്‍ തണുപ്പന്‍ പ്രതികരണമാണ് കേരളതാരങ്ങള്‍ കാഴ്ചവെച്ചത്. അതിനപ്പുറം അവര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തിരിച്ചടിക്കാന്‍ പറ്റാത്തവിധം കേരളം തളര്‍ന്നിരുന്നു. പുള്‍ഗയുടെ പ്രകടനത്തില്‍ അത് വ്യക്തമായിരുന്നു. 60 മിനുട്ടുകള്‍ക്കുള്ളില്‍ കേരളം നടത്തിയ മൂന്ന് സബ്സ്റ്റ്യൂഷനുകളാണ് അതിന് കാരണമെന്ന് നിസംശയം പറയാം. കഴിഞ്ഞ സീസണില്‍ സമാനമായ തെറ്റ് ആവര്‍ത്തിച്ചപ്പോള്‍ ഡേവിഡ് ജയിംസ് പരിക്കിനെ വകവെയ്ക്കാതെ ഗോള്‍വല കാക്കേണ്ടി വന്നത് നമ്മുക്ക് ഇവിടെ ഓര്‍ക്കാം.

ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ തോല്‍വികളിലും അവരെ കൈവിടാതെ ഒപ്പം നില്‍ക്കുന്ന ആരാധകരെ പറയാതെ പോകാന്‍വയ്യ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിനും ബുന്ദസ് ലീഗില്‍ ഡോര്‍ട്ടുമുണ്ടിനും ജയം അന്യമായ കാലത്തും അവരെ കൈവിടാതെ ആരാധകര്‍ ഒപ്പമുണ്ടായിരുന്നു. അത്തരമൊരു പ്രൊഫഷണല്‍ നിലപാട് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരും സ്വീകരിച്ചത് ഈ ക്ലബ്ബ് മലയാളത്തോട് ഇഴുകി ചേര്‍ന്നു എന്നതിനുള്ള തെളിവാണ്. തോല്‍വികളിലും അവര്‍ ബ്ലാസ്റ്റേഴ്‌സിന് പിന്നില്‍ ഉറച്ചു നില്‍ക്കുമെന്നത് തീര്‍ച്ച.

പിയേഴ്‌സന്റെ അഭാവം നികത്തുക എന്നത് കേരളം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. ആ സ്ഥാനം ഏറ്റെടുക്കുന്നയാള്‍ പരാജയപ്പെട്ടാല്‍ സീസണോടും കപ്പിനോടും നമ്മുക്ക് വിടപറയേണ്ടി വരും. ആദ്യ സീസണ്‍ പോലെയല്ല, താരങ്ങളെ തിരഞ്ഞെടുക്കാനും ടാക്റ്റിക്‌സ് തയ്യാറാക്കാനുമൊക്കെ എല്ലാ ടീമുകളും പഠിച്ചുകഴിഞ്ഞു. ഡല്‍ഹിയുടെയും, പൂനെയുടെയും മുന്നേറ്റം നമ്മുക്ക് കാട്ടിത്തരുന്നത് അതുതന്നെയാണ്.

റോബര്‍ട്ടോ കാര്‍ലോസിന്റെ പാഠങ്ങളെ സായത്തമാക്കാന്‍ അവരുടെ ഇന്ത്യന്‍ താരങ്ങള്‍പോലും തയ്യാറായി. കൃത്യമായി കേരള മുന്നേറ്റങ്ങളെ തടയാന്‍ അവര്‍ക്ക് കഴിഞ്ഞു. ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയ്ക്ക് പോലും കഴിയാതെ പോയ ഒന്ന്. ഡല്‍ഹിയെ വരും മത്സരങ്ങളില്‍ കരുതിയിരിക്കുകതന്നെ വേണം. മധ്യനിരയിലെ ജനറല്‍ സ്ഥാനം ആര് ഏറ്റെടുക്കണമെന്ന ചോദ്യത്തിന് എത്രയും പെട്ടന്ന് തന്നെ പരിശീലകന്‍ ഉത്തരം കണ്ടത്തേണ്ടതുണ്ട്. നിലവില്‍ പ്രീറ്റോയ്ക്ക് മാത്രമാണ് അതിനുള്ള സാധ്യത കാണുന്നുള്ളു. പുള്‍ഗയുടെ പ്രായവും, മുഴുവന്‍ നേരം കളിക്കാനുള്ള കായിക ക്ഷമതക്കുറവുമാണ് പ്രീറ്റോയ്ക്ക് സാധ്യത കൂട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News