ഹൈദരാബാദ്: ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതി നഗരത്തിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നിർവഹിക്കും. സിംഗപ്പൂർ സർക്കാരിന്റെ സഹായത്തോടെയാണ് 217 ചതുരശ്ര കിലോമീറ്ററിൽ ലോകനിലവാരത്തിലുള്ള തലസ്ഥാനനഗരി നിർമ്മിക്കുന്നത്. ഇതിനുള്ള ധാരണാപത്രം കഴിഞ്ഞ ഡിസംബറിൽ ഒപ്പുവച്ചിരുന്നു. നഗരിയോടു ചേർന്ന് കാർഷിക മേഖല ഒരുക്കുന്നതിന് മാത്രം 2,00,000 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
13 ജില്ലകളിൽ നിന്ന് ഒരു കിലോ മണ്ണും ഒരു ലിറ്റർ വെള്ളവും കൊണ്ടുവന്ന് കൃഷ്ണ നദിയുടെ തീരത്ത് ഒരുക്കുന്ന ഭീമൻ സ്‌റ്റേജിൽ തളിച്ചാണ് ശിലാസ്ഥാപനം കർമ്മം. തിരുമല, ശ്രീശൈലം, വൈഷ്‌ണോദേവി, അജ്മീർ, വാരണാസി, ശബരിമലയിൽ എന്നിവിടങ്ങളിൽ നിന്നും വെള്ളവും മണ്ണും കൊണ്ടുവന്നിട്ടുണ്ട്.
വിദേശരാജ്യ പ്രതിനിധികൾ, വ്യവസായികൾ തുടങ്ങി ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ചടങ്ങാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒമ്പത് താൽകാലിക റോഡുകളും ഏഴ് ഹെലിപാഡുകളും ഒരുങ്ങിക്കഴിഞ്ഞു. 500ഓളം കൂറ്റൻ എൽഇഡി സ്‌ക്രീനുകളിൽ ഉദ്ഘാടന ദൃശ്യങ്ങൾ തെളിയും. 16,000 പ്രത്യേക പ്രതിനിധികൾ പങ്കെടുക്കുമെന്ന് മന്ത്രി രഘുനാഥ റെഡ്ഡി അറിയിച്ചു. തലസ്ഥാനം രൂപീകരിക്കാൻ കർഷകരിൽ നിന്ന് ഏറ്റെടുത്ത ഭൂമിയുടെ ചരിത്രം വിശദീകരിക്കാൻ ഹ്രസ്വ ചിത്രവും തയ്യാറാക്കിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post