ബാഹുബലിയിൽ അഭിനയിക്കുന്നില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തകളെന്ന് സൂര്യ

ബാഹുബലിയുടെ രണ്ടാം ഭാഗത്തിൽ അതിഥി വേഷത്തിലെത്തുന്നുവെന്ന വാർത്തകൾ തള്ളി തമിഴ്താരം സൂര്യ. ചിത്രത്തിൽ താൻ അഭിനയിക്കുന്നില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും സൂര്യ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

അതിഥി വേഷത്തിൽ സൂര്യ ചിത്രത്തിലെത്തുന്നുവെന്നാണ് കഴിഞ്ഞ ദിവസം ചലച്ചിത്രമാധ്യമങ്ങളിൽ നിറഞ്ഞ വാർത്തകൾ. സിങ്കം മൂന്ന്, ഹൈക്കു, 24 എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിന് ശേഷം സൂര്യ രാജമൗലി ടീമിനൊപ്പം ചേരുമെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമങ്ങളടക്കം ആ വാർത്ത നൽകിയതോടെയാണ് താരം തന്നെ വിശദീകരണം നൽകിയത്.

അതേസമയം, ബാഹുബലി ദ കൺക്ലൂഷൻ എന്നി പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഹൈദരബാദിലെ രാംമോജി ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്. 60 ശതമാനം ഷൂട്ടിംഗ് മാത്രമാണ് ഇനി പൂർത്തിയാവാനുള്ളത്. 40 ശതമാനം ചിത്രീകരണവും ഇതിനകം പൂർത്തിയായിട്ടുണ്ട്. യുദ്ധരംഗങ്ങളും അതിപ്രാധാന്യമുള്ള മറ്റുചില രംഗങ്ങളും മാത്രമാണ് ഇനിയും പൂർത്തിയാവാനുള്ളത്. പ്രഭാസിനു പുറമേ, റാണാ ദഗുപതിയും തമന്നയും അനുഷ്‌ക ഷെട്ടിയും രണ്ടാംപതിപ്പിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതാണ് രണ്ടാംഭാഗത്തിന്റെ പ്രധാന സസ്‌പെൻസ്. കൂടാതെ അനുഷ്‌കയുടെ കഥാപാത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലുമാണ് പ്രേക്ഷകർ. അടുത്ത വർഷം പകുതിയോടെ രണ്ടാം ഭാഗം തീയേറ്ററുകളിലെത്തും.

അതേസമയം, ബാഹുബലിയുടെ മൂന്നാം ഭാഗവും രൗജമൗലി ഒരുക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും ചില മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ മൂന്നാം ഭാഗം ഉണ്ടാകില്ലെന്നും ബാഹുബലി രണ്ട് പൂർത്തിയായാലുടൻ മോഹൻലാലിനെ നായകനാക്കി ഗരുഡ ആരംഭിക്കുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here