വി എം സുധീരനെ പുച്ഛിച്ച് തള്ളി ‘എ’ ‘ഐ’ ഗ്രൂപ്പുകള്‍; സുധീരന്റെ രാഷ്ട്രീയ ആയുസ് നിശ്ചയിച്ച് തദ്ദേശതെരഞ്ഞെടുപ്പ്

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ വിമതര്‍ ഒരിക്കലും പുതിയ സംഭവമല്ല. സംസ്ഥാനത്തുടനീളം തദ്ദേശതെരഞ്ഞെടുപ്പില്‍ വിമതന്‍മാര്‍ മത്സരിച്ചതും ജയിച്ചതും പിന്നെ അധികാരം നിലനിറുത്താനും പിടിച്ചെടുക്കാനും നേതൃത്വം അവരെ അംഗീകരിച്ചതും ചരിത്രം. മറ്റു മുന്നണികളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ വിമതശല്യം ഉണ്ടെങ്കില്‍, കോണ്‍ഗ്രസില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വിമതപ്പടയാണ്, സംഘടിത രൂപത്തില്‍. ഇവര്‍ക്ക് ഊര്‍ജ്ജമാകുന്നത് ഗ്രൂപ്പ് മാനേജര്‍മാരും. ലക്ഷ്യം സാക്ഷാല്‍ വി എം സുധീരന്‍.

കഴിഞ്ഞ ദിവസം ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ച് നിന്നപ്പോള്‍ അവിചാരിതമായി കെപിസിസി നിര്‍വ്വാഹകസമിതി അംഗവും ചര്‍ച്ചയുടെ ഭാഗമായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെപിസിസി നിര്‍വ്വാഹകസമിതി അംഗത്തോട് : ‘പതിവില്‍നിന്നു വ്യത്യസ്തമായി സംസ്ഥാനത്തുടനീളം സമാന്തര പാര്‍ട്ടി മാതൃകയില്‍ റിബലുകള്‍ സംഘടിതരായി മത്സരരംഗത്തുള്ളത് എന്തുകൊണ്ട്?’ നിര്‍വ്വാഹകസമതി അംഗത്തിന്റെ മറുപടി : ‘വി എം സുധീരന്റെ അപ്രമാദിത്വം അംഗീകരിക്കേണ്ടന്നും ഗ്രൂപ്പുകളുടെ ശക്തിക്ഷയിപ്പിക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായി മുന്നോട്ടു പോകാനും ഉന്നത ഗ്രൂപ്പ് നേതാക്കാന്മാര്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് തദ്ദേശതെരഞ്ഞെടുപ്പിലെ വിമതപടയുടെ ധൈര്യത്തിന് കാരണം.’

കോണ്‍ഗ്രസ്സ് വിമതപ്പടയുടെ അന്തര്‍നാടകളുടെ രത്‌നചുരുക്കമാണ് മുകളിലെ വസ്തുത വിഎം സുധീരന്‍ എന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ‘എ’, ‘ഐ’ ഗ്രൂപ്പുകള്‍ തയ്യാറല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പും പിന്നീടും വി എം സുധീരന്റെ ചുവട് പിടിച്ച് വിമതര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി പറയുമ്പോഴും മുമ്പെങ്ങുമില്ലാത്തവിധം സംഘടിത രൂപത്തില്‍ സംസ്ഥാനത്തുടനീളം വിമതന്‍മാര്‍ മത്സരിക്കുന്നു. ഇവരെല്ലാം തന്നെ ഔദ്യോഗിക സ്ഥാര്‍ത്ഥികള്‍ക്ക് കടുത്ത ഭീഷണിയെന്ന് വലയിരുത്തപ്പെടുന്നു.

പാര്‍ട്ടി ചിഹ്നത്തിലല്ലെങ്കിലും തങ്ങളാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെന്ന് പറഞ്ഞാണ് വിമതര്‍ വോട്ടര്‍മാരെ കാണുന്നത്. തെരഞ്ഞെടുപ്പിന് ശേഷം അംഗീകരിക്കപ്പെടുമെന്ന ആത്മവിശ്വാസവും ഇവര്‍ പ്രകടിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ തന്റെ ഫോര്‍മുല അംഗീകരിക്കപ്പെടണമെന്ന സുധീരന്റെ നിര്‍ബന്ധബുദ്ധിയാണ് വിമതശല്യം രൂക്ഷമാക്കിയതെന്നും കെ പി സി സി നിര്‍വ്വാഹകസമിതി അംഗം അഭിപ്രായപ്പെടുന്നു. ശ്രദ്ധിച്ചാല്‍ കോണ്‍ഗ്രസില്‍ രൂപം കൊളളുന്ന പുതിയ ശാക്തിചേരിയുടെ ലക്ഷണം സൂക്ഷ്മമാണ്. അതിന് തടയിടാന്‍ ഇരു ഗ്രൂപ്പുകളും തദ്ദേശതെരഞ്ഞെടുപ്പിനെ ബലപരീക്ഷണവേദിയായി മാറ്റിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

തദ്ദേശതെരഞ്ഞെടുപ്പില്‍ എ, ഐ ഗ്രുപ്പുകള്‍ പോരടിച്ചിരുന്നുവെന്നത് ചരിത്രം. എന്നാല്‍ ചരിത്രത്തില്‍നിന്നും വ്യത്യസ്തമായി ഇരു ഗ്രൂപ്പുകളുടേയും മൂക്കിന് കയറിടാന്‍ വി എം സുധീരനെന്ന കെപിസിസി പ്രസിഡന്റ് എത്തിയിരിക്കുന്നു. ആ സുധീരന്‍ അങ്ങനെ എളുപ്പം ചരിത്രത്തിന്റെ ഭാഗമാകേണ്ടന്നാണ് ‘എ’ ‘ഐ’ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. അതുകൊണ്ടുതന്നെ സുധീരന്റെ കയറിനെ പേടിക്കാതെ തീര്‍ത്തും പുച്ഛിച്ചുതള്ളിയാണ് ഇരു ഗ്രൂപ്പുകളും മുന്നേറുന്നത്. പുതിയചേരിയുടെ മരണമണി മുഴക്കം തദ്ദേശതെരഞ്ഞെടുപ്പില്‍തന്നെ കേള്‍പ്പിക്കണമെന്ന് ഇരു ഗ്രൂപ്പുകള്‍ക്കും നിര്‍ബന്ധമുണ്ട്.

പത്രികപിന്‍വലിക്കാനുള്ള സമയം കഴിഞ്ഞും മത്സരരംഗത്തുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന വിഎം സുധീരന്റെറ അതിശക്തമായ മുന്നറിയിപ്പ്… എന്നാല്‍ പിന്നാലെ വിമതര്‍ക്ക് മുന്നില്‍ സമവായസാധ്യതകള്‍ തുറന്നിട്ട മുഖ്യമന്ത്രിയുടെ കാസര്‍ഗോഡ് പ്രസംഗം… അനുബന്ധമായി രമേശ് ചെന്നിത്തലയുടെ നിലപാട്… സുധീരന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി വിമതര്‍ക്കെതിരെ നടപടി എടുക്കാന്‍ പല ഡിസിസികളും തയ്യാറാകാത്തതും, നടപടി ഉണ്ടെങ്കില്‍ തന്നെ അതു ചടങ്ങാക്കി മാറ്റുന്നതും, ഓര്‍മ്മിപ്പിക്കുന്നത് വിഎം സുധീരന്റെ വാക്കുകളുടെ ഇടിഞ്ഞ വിലയാണ്. സുധീരനെ അനുകൂലിച്ച് ശക്തമായ നടപടി എടുത്ത ചിലര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ കണ്ണുരുട്ടലിനെ അതിജീവിക്കാനാകുമോ. സുധീരന്‍ ഒന്നിട്ടാല്‍ പത്ത് എടുക്കുന്ന മുഖ്യമന്ത്രിയുടെ ശൈലി പൂര്‍വ്വാധികം ശക്തിയായി തുടരുന്നതും ശ്രദ്ധേയം.

കോണ്‍ഗ്രസ് രാഷ്ട്രീയം പഠിക്കുന്ന രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്ക് വരുന്ന തദ്ദേശതെരഞ്ഞെടുപ്പ് നല്ലൊരു പാഠപുസ്തകമായിരിക്കും. സുധീരനിര്‍ദേശത്തെ വെല്ലുവിളിച്ച് മത്സരിക്കാന്‍ തയ്യാറായവരെ (അവര്‍ ജയിച്ചുവന്നാലും തോറ്റുപോയാലും) എന്നെന്നേക്കുമായി പാര്‍ട്ടിയുടെ പടിക്ക് പുറത്തുനിറുത്താന്‍ സുധീരന് സാധിക്കുമോ. അതിശക്തമായ ഇരുഗ്രൂപ്പുകളേയും അതിജീവിച്ച് പുതിയ ഒരു ശാക്തികചേരി രൂപം കൊള്ളുമോ. അതിന്റെ അടിത്തറയില്‍ തന്റേതായ രാഷ്ട്രീയ സ്വപ്നങ്ങള്‍ സാഷാത്കരിക്കാന്‍ സുധീരനാകുമോ. എസ്എന്‍ഡിപി – ബിജെപി സഖ്യം വിജയം കാണുകയാണെങ്കില്‍ വരുന്ന നിയഭസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജീവാത്മാവും പരമാത്മാവും ആയി ഉയര്‍ത്തിക്കാട്ടപ്പെടുക സുധീരനാവും എന്നാണ് സൂധീരാനുകൂലികളുടെ പ്രചാരണം

കോണ്‍ഗ്രസില്‍ ഭൂതവും വര്‍ത്തമാനവും ഭാവിയും വര്‍ത്തമാനകാലത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുക. അത് വായിക്കാന്‍ മൂന്നാം കണ്ണിന്റെ ദൃഷ്ടിശക്തി മാത്രം മതിയാവില്ല. തിരുവനന്തപുരത്തെ കല്യാണിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ വീണുടഞ്ഞ രാഷ്ട്രീയഭീഷ്മാചാര്യന്‍ കെ കരുണാകരന്റെ കണ്ണുനീര്‍ത്തുള്ളികള്‍ തന്നെ ഉദാഹരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News