എഴുതിത്തള്ളിയവര്‍ക്ക് ബാറ്റിലൂടെ മറുപടിനല്‍കി വീരു; കര്‍ണാടകയ്‌ക്കെതിരെ സേവാഗിന് സെഞ്ച്വറി നേട്ടം

മൈസൂര്‍: മാന്യമായി വിരമിക്കാന്‍ പോലും അവസരം നല്‍കാത്തവര്‍ക്ക് ബാറ്റിലൂടെ മറുപടി നല്‍കി വീരേന്ദര്‍ സേവാഗ്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകയ്‌ക്കെതിരെ സെഞ്ച്വറി നേടിയാണ് വീരു കരുത്തുകാട്ടിയത്. ഇന്ത്യ കണ്ട പ്രതിഭാധനന്മാരായ ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ വീരേന്ദര്‍ സേവാഗിന് വിരമിക്കാന്‍ മാന്യമായ അവസരം നല്‍കിയിരുന്നില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനവുമുയര്‍ന്നു. തുടര്‍ന്നാണ് അവസരത്തിന് കാത്തുനില്‍ക്കാതെ വീരു കളമൊഴിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നതായി കഴിഞ്ഞ ദിവസമാണ് സേവാഗ് പ്രഖ്യാപിച്ചത്.

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകയ്‌ക്കെതിരെ ഹരിയാനയ്ക്ക് വേണ്ടിയാണ് സേവാഗ് ബാറ്റേന്തിയത്. ടോസ് നേടിയ ഹരിയാന ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍മാരായ രാഹുല്‍ ദെവന്‍ 9 റണ്‍സിനും ചൈതന്യ ബിഷ്‌ണോയി 13 റണ്‍സിനും പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ വീരേന്ദര്‍ സേവാഗിന് ജയന്ത് യാദവ് മികച്ച പിന്തുണ നല്‍കി. ഇരുവരും ഒത്തുചേര്‍ന്ന മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനിടയില്‍ 119 പന്തിലാണ് സേവാഗ് സെഞ്ച്വറി തികച്ചത്.

മികച്ച ഫോമിലുള്ള സേവാഗ് ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 149 പന്തില്‍ 120 റണ്‍സെടുത്തു. ജയന്ത് യാദവ് 85 റണ്‍സുമായി സേവാഗിനൊപ്പം ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന് ഇതുവരെ 182 റണ്‍സ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News