ചെന്നൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്കു ജയം. ദക്ഷിണാഫ്രിക്കയെ 35 റണ്‍സിനാണ് ഇന്ത്യ തോല്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 300 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 264 റണ്‍സേ എടുക്കാനായുള്ളൂ. വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യക്കു ഭേദപ്പെട്ടെ സ്കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 299 റണ്‍സ് കെട്ടിപ്പടുത്തത്. എ ബി ഡിവില്ലേയ്ഴ്സിന്റെ സെഞ്ചുറിയും ദക്ഷിണാഫ്രിക്കയെ രക്ഷിച്ചില്ല.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ 21 റണ്‍സെടുത്തും ശിഖര്‍ ധവാന് ഏഴു റണ്‍സെടുത്തും പുറത്തായി. പിന്നീടു വന്ന വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയും നിലയുറപ്പിച്ചതോടെ സ്കോര്‍ ഉയര്‍ന്നുതുടങ്ങി. 140 പന്തില്‍ അഞ്ചു സിക്സും നാലു ബൗണ്ടറിയും പായിച്ചാണ് കോഹ്ലി 138 റണ്‍സെടുത്തത്. രഹാനെ 45 റണ്‍സെടുത്തു. പിന്നീടു വന്ന സുരേഷ് റെയ്ന 53 ഉം ധോണി 15 ഉം റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയില്‍ ഡെയ്ല്‍ സ്റ്റെയ്ന്, കഗിസോ റബാദ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് മോറിസ് ഒരു വിക്കറ്റ് നേടി. ഡി കോക്ക് മൂന്നും എബി ഡിവില്ലിയേഴ്സ് രണ്ടും ക്യാച്ചുകള്‍ നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ഡി കോക്ക് 43 റണ്‍സെടുത്തു. എ ബി ഡിവില്ലിയേഴ്സ് സ്ഥിരതയാര്‍ന്ന ബാറ്റിംഗ് കാഴ്ചവച്ചതോടെ ഒരു വേളയില്‍ കളി കൈവിട്ടുപോയെന്നു വരെ തോന്നി. എന്നാല്‍ ഒരു വശത്തു വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷ വര്‍ധിച്ചു. 107 പന്തിലാണ് ഡിവില്ലിയേഴ്സ് 112 റണ്‍സെടുത്ത്. ഡു പ്ലെസിസ് 17 ഉം ബെഹര്ദീന് 22 ഉം റണ്‍സെടുത്തു.
ഭുവനേശ്വര്‍ കുമാര്‍ മൂന്നും ഹര്ഭജന് സിംഗ് രണ്ടും മോഹിത് ശര്‍മ, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇന്നത്തെ ജയത്തോടെ അഞ്ചു കളികളുള്ള പരമ്പരയില്‍ രണ്ടെണ്ണം വീതം ജയിച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പത്തിനൊപ്പമായി. അവസാന മത്സരം ഞായറാഴ്ച മുംബൈയില്‍ നടക്കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here