കന്യാമറിയം വ്യാജവാര്‍ത്താ വിവാദം: മനോരമയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നിയമനടപടിക്ക്; വ്യാജവാര്‍ത്ത പിന്‍വലിച്ച മാപ്പു പറയണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ ദിനപത്രത്തിനും മനോരമ ന്യൂസ് ചാനലിനുമെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി നിയമനടപടിക്ക്. കഴിഞ്ഞ ദിവസം മനോരമ ‘കന്യാമറിയത്തിന്റെ ചിത്രത്തില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതിയായ സരിത നായരുടെ ചിത്രം മോര്‍ഫ് ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന്റെ ഫെയ്‌സ് പോസ്റ്റ് വിവാദമാകുന്നു’ എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കി. ഈ വാര്‍ത്തയ്‌ക്കെതിരെയാണ് ഡിവൈഎഫ്‌ഐയുടെവക്കീല്‍ നോട്ടീസ്. അഡ്വ: ബിപി ശശീന്ദ്രന്‍ മുഖേന ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ. ബിനോയ് കുര്യനാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

ഫേയ്‌സ്ബുക്ക് വിവാദത്തിന്റെ പേരില്‍ ഡിവൈഎഫ്‌ഐയെയും ഇടതുപക്ഷത്തെയും കുറ്റപ്പെടുത്തി മനോരമ ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വക്കീല്‍ നോട്ടീസില്‍ ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പ് വളര്‍ത്തുന്നതുമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും വക്കീല്‍ നോട്ടീസിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മതവിശ്വാസം ആധാരമാക്കി ശത്രുത വളര്‍ത്തുന്നതും അതിലൂടെ വോട്ടുമറിക്കാന്‍ ശ്രമിക്കുന്നതും കുറ്റകരമാണ്. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 121-ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷക്കാലം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജനപ്രാതിനിധ്യ നിയമം 125-ാം വകുപ്പ് പ്രകാരവും ഇത് ശിക്ഷാര്‍ഹമാണ്.

ചിത്രം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐ നേതാവും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമാണെന്ന രീതിയില്‍ മനോരമ ന്യൂസ് ചാനലിലും വ്യാജ വാര്‍ത്ത നല്‍കിയിരുന്നു. ഇദ്ദേഹം ഡിവൈഎഫ്‌ഐ നേതാവോ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയോ അല്ലെന്ന് വ്യക്തമായതാണ്. എന്നിട്ടും വാര്‍ത്ത പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ നിയമനടപടിയിലേക്ക് നീങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News